From the print
ഇറാനുമായുള്ള യുദ്ധത്തില്‍ സഹകരണമില്ല; നാറ്റോ രാജ്യങ്ങളോട് ഇടഞ്ഞ് യു എസ്
സഖ്യരാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങളിലെ നിയന്ത്രണത്തില്‍ ട്രംപിന് അതൃപ്തി.
വാഷിംഗ്ടണ്‍ | യു എസും യൂറോപ്യന്‍ രാജ്യങ്ങളും സംയുക്തമായുള്ള നാറ്റോ സൈനിക സഖ്യത്തില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി റിപോര്‍ട്ട്. ഇറാനുമായുള്ള യുദ്ധത്തില്‍ യു എസിന്റെ നടപടികളെ പിന്തുണക്കുന്ന കൂടുതല്‍ സഹകരണമുള്ള രാജ്യങ്ങളിലേക്ക് സൈനികരെ മാറ്റാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ‘ആവശ്യമായപ്പോള്‍ നാറ്റോ നമ്മോടൊപ്പമുണ്ടായിരുന്നില്ല എന്നും ഇനി ആവശ്യമുണ്ടായാലും ഉണ്ടാകില്ല എന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്കു ശേഷം ട്രംപ് പ്രതികരിച്ചു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള നീക്കങ്ങളില്‍ നാറ്റോ മുന്നില്‍ നിന്നില്ലെന്നും യു എസ് സൈന്യത്തിന് സഖ്യരാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ട്രംപ് വിമര്‍ശിച്ചു.
ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇറാന്‍ വിഷയത്തില്‍ സംയമനത്തോടെ പെരുമാറണമെന്നാണ് ട്രംപിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പോളണ്ട്, ബാള്‍ട്ടിക് രാജ്യങ്ങള്‍ യു എസ് നടപടികളെ പിന്തുണച്ചു. ഇവിടങ്ങളിലേക്ക് സൈനിക വിന്യാസം വര്‍ധിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം.
അതിനിടെ, യൂറോപ്യന്‍ സഖ്യകക്ഷികളുമായി ഇടഞ്ഞ, ഗ്രീന്‍ലാന്‍ഡ് വിഷയം ട്രംപ് വീണ്ടും ഉയര്‍ത്തിക്കാട്ടി. ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ആര്‍ട്ടിക് പ്രദേശം സ്വന്തമാക്കാനുള്ള തന്റെ മുന്‍ നിലപാട് ട്രംപ് ഓര്‍മിപ്പിച്ചു.
അതേസമസമയം, ട്രംപുമായുള്ള കൂടിക്കാഴ്ച ‘തുറന്നതും വ്യക്തവുമായ ചര്‍ച്ച’ ആയിരുന്നുവെന്ന് നാറ്റോ വക്താവ് അറിയിച്ചു. സഖ്യരാജ്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തമായ നാറ്റോ രൂപവത്കരിക്കേണ്ട ആവശ്യകത റുട്ടെ മുന്നോട്ടുവച്ചതായും വ്യക്തമാക്കി.



