Connect with us

Sports

നിദ ഫാത്വിമ: കായിക കേരളത്തിന്റെ രക്തസാക്ഷി

കായിക കേരളം പൊരുതണം; എതിരാളികളോടും മേലാളൻമാരോടും

Published

|

Last Updated

വലിയ സ്വപ്‌നങ്ങൾ കണ്ടാണ് നിദ ഫാത്വിമയെന്ന പത്ത് വയസ്സുകാരി നാഗ്പൂരിലേക്ക് വണ്ടി കയറിയത്. ദേശീയ സബ്ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം, ചാമ്പ്യനാകണം. ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹമാണ്. ആ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനാണ് നാഗ്പൂരിലെത്തിയത്.

ചെറുപ്പത്തിലേ തന്നെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച ഓട്ടോറിക്ഷാത്തൊഴിലാളിയായ പിതാവ് ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം സുഹ്റ മൻസിലിൽ ശിഹാബുദ്ദീനോടും ഉമ്മ അൻസിലയോടും ദേശീയ ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിലെ ടീമിൽ ഇടംപിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം വാതോരാതെ പങ്കുവെക്കുമായിരുന്നു അവൾ. എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറച്ചുവെച്ചാണ് നാഗ്പൂരിലെത്തിയത്. പക്ഷേ വിധി മറിച്ചൊന്നായിരുന്നു.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞ ഡിസംബർ 20നാണ് നിദയടങ്ങിയ 24 അംഗ കേരള സംഘം നാഗ്പൂരിലെത്തിയത്. പിറ്റേ ദിവസം അവിടുത്തെ ഒരു കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം കടുത്ത ഛർദ്ദിയെ തുടർന്ന് ശ്രീകൃഷ്ണ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ഒരു ഇഞ്ചക്ഷൻ നൽകിയ ശേഷം ആരോഗ്യ നില കൂടുതൽ വഷളായതോടെ ഐ സി യുവിലേക്ക് മാറ്റി. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.

അഞ്ച് വർഷം പഠിച്ചും കളിച്ചും നടന്ന നീർക്കുന്നം എസ് ഡി വി ഗവ. യു പി സ്‌കൂൾ മുറ്റത്ത് പ്രിയ സഹപാഠിയുടെ മൃതദേഹം ഒരു നോക്ക് കാണാനാകാതെ സഹപാഠികൾ തേങ്ങലടക്കി. വലിയ സ്വപ്‌നങ്ങൾ കണ്ട തങ്ങളുടെ കൂട്ടുകാരിയെ അവഗണയില്ലാത്ത മറ്റൊരു ലോകത്തേക്ക് അവർ യാത്രയാക്കി. പത്താം വയസ്സിൽ ദേശീയ താരമായ നിദയിൽ വലിയ പ്രതീക്ഷകളായിരുന്നു അധ്യാപകർക്കും നാട്ടുകാർക്കും. നാഗ്പൂരിൽ മതിയായ ഭക്ഷണ, താമസ സൗകര്യങ്ങൾ ലഭിക്കാതിരുന്നതാണ് നിദയുടെ ജീവനെടുത്തതെന്ന ആക്ഷേപമാണ് ഉയരുന്നത്. നാഗ്പൂരിലെ ചികിത്സാ പിഴവുകളും മരണകാരണമായി പറയപ്പെടുന്നു. വെറുമൊരു മരണമല്ല നിദയുടേത്. കായിക കേരളത്തിന്റെയും അധികാര കേന്ദ്രങ്ങളുടെയും അവഗണനയുടെ രക്തസാക്ഷിയാണ് അവൾ.

അനാസ്ഥയുടെ ഇര
വലിയ സ്വപ്‌നങ്ങൾ കണ്ട് കഠിന പരിശ്രമങ്ങൾ നടത്തി കായിക മേഖലയിൽ ഉയരങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കുട്ടികളെ ദുരിതത്തിലാക്കുന്ന കായിക സംഘാടകരുടെ അനാസ്ഥയുടെ പ്രതിഫലനമാണ് നിദയുടെ മരണം. അസ്സോസിയേഷനുകളുടെ കിടമത്സരത്തിൻ്റെ ഇരയാണ് നിദയെന്ന് പറഞ്ഞാൽ  അധികമാകില്ല.

നിദയുടെ മരണത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറിനിൽക്കാൻ പറ്റാത്ത സൈക്കിൾ പോളോ അസ്സോസിയേഷനിൽ നിന്ന് തന്നെ തുടങ്ങാം. നാഗ്പൂരിൽ നടന്ന ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ മത്സരത്തിന് കേരളത്തിൽ നിന്ന് രണ്ട് അസ്സോസിയേഷനുകൾ കുട്ടികളെ അയച്ചു. ഒന്ന് ഔദ്യോഗികം. മറ്റൊന്ന് അനൗദ്യോഗികം.

കേരളത്തിൽ നിന്നുള്ള “ഔദ്യോഗിക’ ടീമിനെ ചാമ്പ്യൻഷിപ്പ് സംഘാടകരായ ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ പുറത്തുനിർത്തി. കേരളത്തിൻ്റെ “അനൗദ്യോഗിക ടീം’ ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ്റെ ഔദ്യോഗിക ടീമായി. അവർക്ക് വേണ്ട സൗകര്യങ്ങൾ ലഭിച്ചു. നിദ ഫാത്വിമ അടങ്ങിയ 24 അംഗ സംഘം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ച കേരള സൈക്കിൾ പോളോ അസ്സോസിയേഷൻ ടീമിലായിരുന്നു. ഇവർ കോടതി ഉത്തരവിലൂടെയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയത്.

എന്നാൽ, ദേശീയ ഫെഡറേഷൻ്റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസ്സോസിയേഷൻ ഓഫ് കേരളയും മറ്റൊരു ടീമിനെ മത്സരിപ്പിക്കാനെത്തിച്ചു. ഇതിൽ കേരള സൈക്കിൾ പോളോ അസ്സോസിയേഷൻ അംഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നാണ് പരാതി. രണ്ട് സംഘടനകളുടെ കിടമത്സരവും പോരും കണ്ടില്ലെന്ന് നടിച്ച ഉത്തരവാദപ്പെട്ടവരും പ്രതിക്കൂട്ടിലാണ്. നിദയടക്കമുള്ള സംഘത്തെ മത്സരിപ്പിക്കാൻ മാത്രമാണ് കോടതി ഉത്തരവിട്ടതെന്നും മറ്റ് സൗകര്യങ്ങൾ തരില്ലെന്നും സംഘാടകർ പറഞ്ഞതായാണ് ഉയർന്ന ആരോപണം. ഇതോടെ ഇവർ സ്വന്തംനിലക്ക് താത്കാലിക സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. ഒടുവിൽ അസ്സോസിയേഷനുകളുടെ തമ്മിലടിയിൽ പൊലിഞ്ഞത് ഒരു കുഞ്ഞു കായിക താരത്തിൻ്റെ ജീവനാണ്. കായിക കേരളത്തിന് വലിയ സംഭാവനകൾ നൽകേണ്ടിയിരുന്ന നിദ ഫാത്വിമയെന്ന കുഞ്ഞു താരത്തിൻ്റെ ജീവൻ.

പ്രതിക്കൂട്ടിൽ “ഉത്തരവാദപ്പെട്ടവർ’
അസ്സോസിയേഷനുകളുടെ കിടമൽസരത്തിൻ്റെ ബാക്കിപത്രമാണ് നിദയുടെ മരണം. ആരും ചോദ്യം ചെയ്യാനാകാത്ത വിധം ഇവർ വളർന്നു പന്തലിച്ചതോടെ കായിക മേഖലയിലും അസ്വാരസ്യങ്ങളുടെ പുകച്ചിലാണ്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ കായിക സംഘടനകൾ വിവിധ പേരുകളിൽ കൂണുപോലെ മുളച്ചുപൊന്തുന്നു. സ്വന്തം കീശ വീർപ്പിക്കാനും നാലാളുടെ ഇടയിൽ ഞെളിഞ്ഞുനിൽക്കാനും ഏത് വളഞ്ഞ വഴിയിലൂടെയും അസ്സോസിയേഷനുകളുടെ തലപ്പത്ത് എത്തുന്ന മേലാളന്മാർ തന്നിഷ്്ടപ്രകാരം പ്രവർത്തിക്കുമ്പോൾ കായിക താരങ്ങളുടെ ഭാവിയാണ് അവതാളത്തിലാകുന്നത്. ഇവരെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും നിലവിലെ സംവിധാനങ്ങൾക്ക് കഴിയാറില്ല. സംസ്ഥാന സ്പോർട്സ് കൗൺസിലും കായിക വകുപ്പും ഉൾപ്പെടുന്ന സംവിധാനങ്ങളെ നിശബ്ദ സാക്ഷിയാക്കിയാണ് ഇതൊക്കെ നടക്കുന്നത്.

2013ൽ ദേശീയ ചാമ്പ്യൻഷിപ്പിനിടെ കേരളത്തിൻ്റെ വനിതാ താരവും മലയാളി റഫറിയും തമ്മിലുള്ള തർക്കമാണ് കേരള സൈക്കിൾ പോളോ അസ്സോസിയേഷൻ്റെ അംഗീകാരം റദ്ദാക്കാൻ കാരണം. ആ വർഷം മുതൽ കോടതി ഉത്തരവുമായാണ് സൈക്കിൾ പോളോ അസ്സോസിയേഷൻ മത്സരിക്കാനെത്താറ്. അസ്സോസിയേഷനുകളുടെ തർക്കം തീർക്കാൻ കായിക വകുപ്പോ സ്‌പോർട്സ് കൗൺസിലോ ഇടപെടാറില്ലെന്നതാണ് വസ്്തുത. രണ്ട് തോണിയിലും കാൽവെച്ച് രണ്ട് കൂട്ടരെയും അനുകൂലിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവർക്ക്. ഇതോടെ പെരുവഴിയിലാകുന്നത് നിദയെ പോലുള്ളവരെയാണെന്ന്് അധികൃതർ മറന്നുപോകുകയാണ്. ശുദ്ധികലശം നടത്തി അസ്സോസിയേഷനുകളെ നല്ല നടപ്പിന് ശിക്ഷിച്ചില്ലെങ്കിൽ ഇതുപോലുള്ള അപകടങ്ങൾ ആവർത്തിക്കും. അതിനുവേണ്ട ഇടപെടൽ ഉണ്ടായേ മതിയാകൂ. അതേ കുറിച്ച് നാളെ…

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ