Connect with us

ആരോഗ്യം

മാതാപിതാക്കൾ അറിയാൻ; നവജാതശിശുക്കളിലെ സ്വാഭാവിക ലക്ഷണങ്ങളും വൈദ്യശാസ്ത്ര വിശദീകരണവും

വിചിത്രമെന്ന് തോന്നുന്ന പല ലക്ഷണങ്ങളും കുഞ്ഞിന്റെ നാഡീവ്യൂഹ വികസനത്തിന്റെയും ശാരീരിക വളർച്ചയുടെയും സ്വാഭാവിക ഭാഗമാണ്. മാതാപിതാക്കളുടെ ആശങ്കയകറ്റാൻ നവജാതശിശുക്കളിൽ സാധാരണയായി കാണപ്പെടുന്ന വിചിത്ര ലക്ഷണങ്ങളും അവക്കു പിന്നിലെ കാരണങ്ങളും വിശദമാക്കുകയാണിവിടെ.

Published

|

Last Updated

ഒരു കുഞ്ഞ് ജനിക്കുമ്പോൾ മാതാപിതാക്കൾക്ക് ആഹ്ലാദത്തിനൊപ്പം ചെറിയൊരു പരിഭ്രാന്തിയും സാധാരണയാണ്. കുഞ്ഞിന്റെ പെട്ടെന്നുള്ള ചലനങ്ങൾ, കൈകാലുകളുടെ അനക്കങ്ങൾ, ചർമത്തിലെ തിണർപ്പുകൾ, വിചിത്രമായ ശ്വസന ശബ്ദങ്ങൾ എന്നിവ ആദ്യമായി മാതാപിതാക്കളാകുന്നവരെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ വിചിത്രമെന്ന് തോന്നുന്ന പല ലക്ഷണങ്ങളും കുഞ്ഞിന്റെ നാഡീവ്യൂഹ വികസനത്തിന്റെയും ശാരീരിക വളർച്ചയുടെയും സ്വാഭാവിക ഭാഗമാണ്. മാതാപിതാക്കളുടെ ആശങ്കയകറ്റാൻ നവജാതശിശുക്കളിൽ സാധാരണയായി കാണപ്പെടുന്ന വിചിത്ര ലക്ഷണങ്ങളും അവക്ക് പിന്നിലെ വൈദ്യശാസ്ത്രപരമായ കാരണങ്ങളും താഴെ വിശദീകരിക്കുന്നു.

മോറോ റിഫ്ലെക്സ് 

കുഞ്ഞ് ഉറക്കത്തിൽ പെട്ടെന്ന് കൈകാലുകൾ വശങ്ങളിലേക്ക് വിടർത്തി, വീണ്ടും നെഞ്ചോട് ചേർത്ത് പിടിക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പെട്ടെന്നുള്ള ശബ്ദം, തലയുടെ പെട്ടെന്നുള്ള സ്ഥാനമാറ്റം, പിന്തുണ നഷ്ടപ്പെടുന്നതുപോലുള്ള അനുഭവം എന്നിവ ഇതിനെ ഉത്തേജിപ്പിക്കാം.

കാരണം

 നവജാതശിശുക്കളുടെ നാഡീവ്യൂഹത്തിന്റെ വികാസത്തിന്റെ സ്വാഭാവിക പ്രതികരണമാണിത് (പ്രൈമിറ്റീവ് റിഫ്ലക്സ്). സാധാരണയായി രണ്ട് മുതൽ നാല് മാസത്തോടെ ഈ ലക്ഷണം കുറഞ്ഞുതുടങ്ങുകയും. തുടർന്ന് നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഈ ലക്ഷണം താനേ അപ്രത്യക്ഷമാകുന്നു.

ക്രമരഹിതമായ ശ്വസനവും (Periodic Breathing) മൂളൽ ശബ്ദങ്ങളും

നവജാതശിശുക്കൾ ശ്വാസമെടുക്കുമ്പോൾ ചിലപ്പോൾ വേഗം കൂടിയും, ചിലപ്പോൾ വളരെ പതുക്കെയും ശ്വാസമെടുക്കുന്നത് കാണാം. ചില അവസരങ്ങളിൽ കുറച്ച് വേഗത്തിൽ ശ്വാസമെടുത്തശേഷം 5-10 സെക്കൻഡ് വരെ ഇടവേള വരുകയും പിന്നീട് വീണ്ടും ശ്വാസമെടുക്കുകയും ചെയ്യുന്നത് പീരിയോഡിക് ബ്രീത്തിംഗ് എന്നറിയപ്പെടുന്നു. കുഞ്ഞിന് നിറംമാറ്റമോ ഹൃദയമിടിപ്പ് കുറയലോ ശ്വാസതടസ്സമോ ഉണ്ടാകാതെ സംഭവിക്കുന്ന ചെറിയ ഇടവേളകൾ സാധാരണയായി അപകടകരമല്ല. എല്ലാ മൂളൽ ശബ്ദങ്ങളും സ്വാഭാവികമാകണമെന്നില്ല.

കാരണം

എല്ലാ മൂളൽ ശബ്ദങ്ങളും സാധാരണമല്ല. ശ്വാസം പുറത്തുവിടുമ്പോഴുള്ള ഞരക്കം (ഗ്രന്റിംഗ്), ശ്വാസമെടുക്കുമ്പോൾ മൂക്കിന്റെ ദ്വാരങ്ങൾ വികസിക്കൽ (നേസൽ ഫ്ലേറിംഗ്), നെഞ്ചും വാരിയെല്ലുകളും ഉള്ളിലേക്ക് വലിയൽ (ചെസ്റ്റ് റീട്രാക്്ഷൻസ്) എന്നിവ ശ്വാസതടസ്സത്തിന്റെ ലക്ഷണങ്ങളാണ്. മൂക്കിലെ ചെറിയ തടസ്സങ്ങൾ മൂലമുണ്ടാകുന്ന മൂക്കടപ്പ് ശബ്ദങ്ങളോ ഗർഗ്ലിംഗ് ശബ്ദങ്ങളോ സ്വാഭാവികമായി കേൾക്കാവുന്നതാണ്. എന്നാൽ ശ്വാസം പുറത്തുവിടുമ്പോൾ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ഞരക്കങ്ങൾ ഒരു കാരണവശാലും സ്വാഭാവികമായി കണക്കാക്കരുത്.

ശ്രദ്ധിക്കുക

കുഞ്ഞിന്റെ ശ്വാസമെടുപ്പ് 20 സെക്കൻഡോ അതിൽ കൂടുതലോ നിലയ്ക്കുകയാണെങ്കിൽ അതിനെ വൈദ്യശാസ്ത്രപരമായി “ആപ്നിയ’ എന്ന രോഗാവസ്ഥയായി കണക്കാക്കുന്നു. 10 സെക്കൻഡിൽ കൂടുതൽ നീളുന്ന അസാധാരണ ഇടവേളകളോ അല്ലെങ്കിൽ ഹൃദയമിടിപ്പ് കുറയൽ (ബ്രാഡികാർഡിയ), ചർമത്തിലെ നീലനിറം (സയനോസിസ്), വിളർച്ച (പാലർ), ശരീരതളർച്ച (ഹൈപ്പോട്ടോണിയ) എന്നീ അവസ്ഥകൾ ഒപ്പമുണ്ടെങ്കിൽ മാതാപിതാക്കൾ 20 സെക്കൻഡ് തികയുന്നതുവരെ കാത്തുനിൽക്കാതെ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.

എരിത്തീമ ടോക്സിക്കം നിയോനേറ്ററം (Erythema Toxicum Neonatorum) 

കുഞ്ഞ് ജനിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിലാണ് ഈ ചർമ അവസ്ഥ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. ചർമത്തിൽ കാണുന്ന ചുവന്ന പാടുകൾക്ക് മുകളിലായി ചെറിയ മഞ്ഞയോ വെള്ളയോ നിറത്തിലുള്ള കുരുക്കൾ കുഞ്ഞിന്റെ മുഖം, നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. എന്നാൽ ഉള്ളംകൈകളിലും ഉള്ളംകാലുകളിലും ഇവ സാധാരണയായി ഉണ്ടാകാറില്ല. ഇത് ചികിത്സയൊന്നും കൂടാതെ തന്നെ സ്വാഭാവികമായി മാഞ്ഞുപോകുന്നതുമായ ഒരു സാധാരണ അവസ്ഥയാണ്.

മംഗോളിയൻ സ്പോട്ട് 

കുഞ്ഞിന്റെ നിതംബത്തിലോ മുതുകിലോ താഴ്ഭാഗത്തോ ആയി നീലയോ കറുപ്പോ കലർന്ന പാടുകൾ ജനനസമയത്ത് കാണപ്പെടാം. പലരും ഇത് പാടോ അല്ലെങ്കിൽ ചതവോ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
കാരണം: ചർമത്തിന് നിറം നൽകുന്ന മെലാനിൻ കോശങ്ങൾ ചർമത്തിന്റെ ആഴത്തിലുള്ള പാളികളിൽ തങ്ങിനിൽക്കുന്നതാണ് ഇതിന് കാരണം. ഏഷ്യൻ വംശജയായ കുഞ്ഞുങ്ങളിൽ ഇത് വളരെ സാധാരണമാണ്. കുഞ്ഞിന് യാതൊരു വേദനയോ പ്രയാസമോ ഇത് ഉണ്ടാക്കുന്നില്ല. പ്രായമാകുന്നതോടെ (സാധാരണയായി 2-6 വയസ്സിനുള്ളിൽ) ഈ പാടുകൾ താനേ മാഞ്ഞുപോകും.

തലയിലെ നീർക്കെട്ടും ആകൃതിവ്യത്യാസവും (Caput succedaneum and molding)

കുഞ്ഞ് ജനിക്കുമ്പോൾ തലയിലുണ്ടാകുന്ന ചില നീർക്കെട്ടുകളും ആകൃതിമാറ്റങ്ങളും മാതാപിതാക്കളെ ആശങ്കപ്പെടുത്താറുണ്ട്. ഇവയിൽ പലതും സ്വാഭാവികമാണെങ്കിലും ചിലത് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നവയാണ്. പ്രധാനമായും മൂന്ന് തരത്തിലാണ് തലയിലെ നീർക്കെട്ടുകൾ കാണപ്പെടുന്നത്.

കാപുട്ട് സക്സഡേനിയം (Caput Succedaneum)

പ്രസവസമയത്തെ മർദം കാരണം കുഞ്ഞിന്റെ തലയിലുണ്ടാകുന്ന സാധാരണ നീർക്കെട്ടാണിത്. ജനിക്കുമ്പോൾ തന്നെ ഇത് വ്യക്തമായി കാണാൻ സാധിക്കും. എന്നാൽ ഭയപ്പെടേണ്ടതില്ല, പ്രത്യേക ചികിത്സയൊന്നും കൂടാതെ തന്നെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് സ്വയം മാറുന്നതാണ്.

സെഫാലോഹെമറ്റോമ (Cephalohematoma)

കുഞ്ഞ് ജനിച്ചയുടൻ ഈ ലക്ഷണം പ്രകടമാകണമെന്നില്ല. പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാകും ഈ നീർക്കെട്ട് വ്യക്തമായി വരിക. തലയോട്ടിക്ക് മുകളിൽ രക്തം കെട്ടിക്കിടക്കുന്ന ഈ അവസ്ഥ പൂർണമായും മാറിവരാൻ ചിലപ്പോൾ ഏതാനും ആഴ്ചകളോ മാസങ്ങളോ എടുക്കും.

സബ്ഗലീയൽ ഹെമറേജ്

തലയിലാകെ വ്യാപിക്കുന്നതും സമയമെടുക്കുംതോറും ക്രമേണ വലുതാകുന്നതുമായ നീർക്കെട്ടാണിത്. അമിതമായ രക്തനഷ്ടം, രക്തസമ്മർദം (ബി പി) കുറയൽ എന്നിവക്ക് ഇത് കാരണമാകും. ജീവനുപോലും ഭീഷണിയായേക്കാവുന്ന വളരെ ഗൗരവമേറിയ ഒരു അടിയന്തര അവസ്ഥയാണിത്.

എന്താണ് ഹെഡ് മോൾഡിംഗ്?

പ്രസവസമയത്ത് കുഞ്ഞിന്റെ തലയോട്ടിയിലെ അസ്ഥികൾ തമ്മിൽ അതിവ്യാപനം ചെയ്യുന്നതുമൂലം തലയുടെ ആകൃതിയിൽ താത്കാലികമായി ഉണ്ടാകുന്ന മാറ്റമാണ് ഹെഡ് മോൾഡിംഗ്. ജനിച്ച ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ തലക്ക് സ്വാഭാവിക ആകൃതി തിരികെ ലഭിക്കുകയും ചെയ്യും.

മുന്നറിയിപ്പ്

കുഞ്ഞിന്റെ തലയിലെ നീർക്കെട്ട് ക്രമേണ വർധിച്ചുവരുക, വിളർച്ച കാണപ്പെടുക, ഹൃദയമിടിപ്പ് അമിതമായി കൂടുക, കുഞ്ഞ് തീരെ തളർന്നുപോകുക എന്നീ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതാണ്.

എപ്പോഴാണ് ഡോക്ടറുടെ സേവനം തേടേണ്ടത്?

മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ സ്വാഭാവികമാണെങ്കിലും, താഴെ പറയുന്ന അപകട ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഒരു പീഡിയാട്രീഷ്യന്റെ സേവനം തേടേണ്ടതാണ്:

ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ

കുഞ്ഞ് തുടർച്ചയായി 20 സെക്കൻഡിൽ കൂടുതൽ ശ്വാസമെടുക്കാതിരിക്കുക, ശ്വാസമെടുക്കുമ്പോൾ വാരിയെല്ലുകൾ ഉള്ളിലേക്ക് വലിഞ്ഞു താഴുക, മൂക്കിലെ ദ്വാരങ്ങൾ വികസിക്കുക, ശ്വാസമെടുക്കുമ്പോൾ വലിയ ശബ്ദമുണ്ടാകുക.

ചുണ്ടിലെ നിറംമാറ്റം

കുഞ്ഞിന്റെ നാക്കിലോ ചുണ്ടിലോ നീല നിറം കാണപ്പെടുക.

അമിതമായ തളർച്ച

കുഞ്ഞിന് പാല് കുടിക്കാൻ തീരെ ശക്തിയില്ലാതിരിക്കുക, വിളിച്ചാൽ ഉണരാതിരിക്കുക.

പനിയും ഛർദിയും

ശരീര താപനില സാധാരണയിൽ കൂടുതലാകുക.

ചർമത്തിലെ മാറ്റങ്ങൾ

ചർമത്തിൽ പഴുപ്പ് നിറഞ്ഞ കുരുക്കൾ വരിക അല്ലെങ്കിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ (കണ്ണിലും ചർമത്തിലും മഞ്ഞനിറം) കൂടുന്നത് കാണുക. നവജാതശിശുക്കളുടെ ശരീരം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുവരുന്ന പ്രക്രിയയിലാണ്. അതിനാൽ അനാവശ്യ ആശങ്കകൾ ഒഴിവാക്കി, ലക്ഷണങ്ങൾ കൃത്യമായി നിരീക്ഷിച്ച് കുഞ്ഞിന്റെ ആദ്യ നാളുകൾ ആനന്ദകരമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

Content Highlights: Newborns often display strange symptoms like the Moro reflex, irregular breathing, and birthmarks that are part of normal physical development. While most of these signs are harmless and resolve on their own, certain respiratory issues or swelling require prompt medical evaluation. Understanding these natural physiological responses helps parents distinguish between normal growth and warning signs.

സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്സ് & നിയോനറ്റോളജി ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ, അരീക്കോട്

---- facebook comment plugin here -----

Latest