Connect with us

Aksharam Education

ലോകാത്ഭുതങ്ങൾ

ചൈനയിലെ വൻമതിലും ഇന്ത്യയിലെ താജ്മഹലും ഇറ്റലിയിലെ കൊളോസിയവും ജോർദാനിലെ പെട്രയും പെറുവിലെ മച്ചു പിച്ചുവും ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമർ മെക്സിക്കോയിലെ ചിച്ചൻ ഇറ്റ്സയുമാണ് യുനെസ്കോയുടെ അംഗീകാരമുള്ള ഏഴ് പൈതൃക കേന്ദ്രങ്ങൾ.

Published

|

Last Updated

ലോകത്തെ അമ്പരപ്പിക്കുന്ന മനുഷ്യന്റെ സർഗാത്മകതയുടെയും വാസ്തുവിദ്യാ മികവിന്റെയും ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ലോക മഹാത്ഭുതങ്ങൾ. പുരാതന കാലത്തെ ഏഴ് അത്ഭുതങ്ങളിൽ ഈജിപ്തിലെ ഗിസ പിരമിഡ് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലായി തലയുയർത്തി നിൽക്കുന്ന പുതിയ ഏഴ് മഹാത്ഭുതങ്ങളെ ലോകം തിരഞ്ഞെടുത്തു.

ചൈനയിലെ വൻമതിലും ഇന്ത്യയിലെ താജ്മഹലും ഇറ്റലിയിലെ കൊളോസിയവും ജോർദാനിലെ പെട്രയും പെറുവിലെ മച്ചു പിച്ചുവും ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമർ മെക്സിക്കോയിലെ ചിച്ചൻ ഇറ്റ്സയുമാണ് യുനെസ്കോയുടെ അംഗീകാരമുള്ള ഏഴ് പൈതൃക കേന്ദ്രങ്ങൾ.

ചൈനയിലെ വന്മതിൽ

വടക്കൻ അതിർത്തിയിലൂടെയുള്ള ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് ചൈനീസ് സാമ്രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി ബി സി ഏഴാം നൂറ്റാണ്ടിലാണ് ചൈനയിലെ വന്മതിലിന്റെ നിർമാണം ആരംഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിതികളിലൊന്നായ വൻമതിൽ പല രാജവംശങ്ങളും പിന്നീട് വികസിപ്പിച്ചു. ഏകദേശം 21,196 കിലോമീറ്റർ നീളമുള്ള ഈ നിർമിതി ചൈനയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്.

കൊളോസിയം (ഇറ്റലി)

പുരാതന റോമൻ സാമ്രാജ്യകാലത്ത് നിർമിച്ച ലോകത്തെ ഏറ്റവും വലിയ ആംഫി തിയേറ്ററാണ് ഇറ്റലിയിലെ കൊളോസിയം. എ ഡി 70നും 80നുമിടയിൽ ടൈറ്റസ് ചക്രവർത്തിയുടെ കാലത്താണ് ഇതിന്റെ നിർമാണം പൂർത്തിയായത്. ഒരേസമയം 50,000 മുതൽ 80,000 വരെ ആളുകൾക്ക് ഗാലറിയിൽ ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയുന്ന രീതിയിൽ നിർമിച്ച കൊളോസിയം ഗ്ലാഡിയേറ്റർ പോരാട്ടങ്ങൾ, മൃഗങ്ങളുടെ പ്രദർശനം തുടങ്ങിയ വിനോദ പരിപാടികൾക്കായാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഭൂകമ്പങ്ങളും കവർച്ചകളും കാരണം വലിയൊരു ഭാഗം നശിച്ചുപോയെങ്കിലും കൊളോസിയം ഇന്നും റോമാ സാമ്രാജ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

താജ്മഹൽ (ഇന്ത്യ)

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണക്കായി ആഗ്രയിലെ യമുന നദീ തീരത്ത് നിർമിച്ച അമൂല്യ സൗധമാണ് താജ്മഹൽ. പൂർണമായും വെളുത്ത മാർബിളിൽ തീർത്ത ഈ മനോഹര നിർമിതി പൂർത്തിയാക്കാൻ ഏകദേശം 20 വർഷത്തിലധികം സമയമെടുത്തു. ഇന്ത്യൻ, ഇസ്‌ലാമിക്, പേർഷ്യൻ വാസ്തുവിദ്യാ ശൈലികളുടെ അതിമനോഹര സമന്വയമാണ് ഈ നിർമിതി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇന്ത്യയിലെ ഈ മഹാത്ഭുതം കാണാൻ ഓരോ വർഷവുമെത്തുന്നത്.

ചീച്ചൻ ഇറ്റ്സ (മെക്സിക്കോ)

പുരാതന മായൻ ജനതയുടെ ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര മികവ് അടയാളപ്പെടുത്തുന്ന ചീച്ചൻ ഇറ്റ്സ മെക്സിക്കോയിലെ യുക്കാറ്റൻ പെനിൻസുലയിൽ സ്ഥിതി ചെയ്യുന്ന മായൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. ഇവിടുത്തെ എൽ കാസ്റ്റിലോ പിരമിഡ് ലോകമെമ്പാടും പ്രശസ്തമാണ്. നാല് വശങ്ങളിലുമായി 365 പടികളുള്ള ഈ പിരമിഡ് സൗരവർഷത്തിലെ 365 ദിവസങ്ങളെയാണ് സൂചിപ്പിക്കുന്നത്.

പെട്ര (ജോർദാൻ)

ജോർദാനിലെ ഏറ്റവും വലിയ ആകർഷണമാണ് പാറക്കെട്ടുകളിൽ കൊത്തിയെടുത്ത പെട്ര പുരാതന നഗരം. പാറകൾക്ക് റോസ് നിറമായതിനാൽ റോസ് സിറ്റി എന്നും ഈ നഗരം അറിയപ്പെടുന്നു. ബി സി നാലാം നൂറ്റാണ്ടിൽ പുരാതന നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായാണ് പെട്ര നിർമിക്കപ്പെട്ടത്. മരുഭൂമിയിലെ ഈ നഗരത്തിലെ ജലസംഭരണ വിതരണ സംവിധാനം വളരെ പ്രശസ്തമാണ്.

ക്രൈസ്റ്റ് ദി റെഡീമർ (ബ്രസീൽ)

ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിന് മുകളിൽ കോർക്കോവാഡോ പർവതത്തിൽ സ്ഥിതി ചെയ്യുന്ന 30 മീറ്റർ ഉയരമുള്ള യേശുക്രിസ്തുവിന്റെ കൂറ്റൻ പ്രതിമയാണ് ക്രൈസ്റ്റ് ദി റെഡീമർ. 1922ൽ നിർമാണം ആരംഭിച്ച് ഒന്പത് വർഷത്തിന് ശേഷം 1931ലാണ് ക്രൈസ്റ്റ് ദി റെഡീമർ ഉദ്ഘാടനം നടന്നത്. ആർട്ട് ഡെക്കോ ശൈലിയിൽ നിർമിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ക്രൈസ്റ്റ് ദി റെഡീമർ ബ്രസീലിയൻ ജനതയുടെ സാംസ്കാരിക സ്വത്വത്തിന്റെ പ്രധാന പ്രതീകമാണ്.

മാച്ചു പിച്ചു (പെറു)

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച പുരാതനമായ ഇൻക സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളായ മാച്ചു പിച്ചു സമുദ്രനിരപ്പിൽ നിന്ന് 2,430 മീറ്റർ ഉയരത്തിൽ പെറുവിലെ ആൻഡീസ് പർവത നിരകളിലാണ് സ്ഥിതിചെയ്യുന്നത്. 1911ൽ ഹിറാം ബിംഗ്ഹാം എന്ന അമേരിക്കൻ പര്യവേക്ഷകനാണ് ഈ നഗരം ലോകശ്രദ്ധയിലെത്തിക്കുന്നത്. വലിയ കരിങ്കല്ലുകൾ കൃത്യമായി അടുക്കിവെച്ച് നിർമിച്ച കെട്ടിടങ്ങൾ ഇൻക ജനതയുടെ വാസ്തുവിദ്യ, കാർഷിക, ജ്യോതിശാസ്ത്ര അറിവുകളുടെ ഏറ്റവും മികച്ച ഉദാഹരണമാണ്.

Content Highlights: The New Seven Wonders of the World include iconic landmarks like the Great Wall of China, Taj Mahal, and Colosseum. These architectural masterpieces reflect the incredible creativity and engineering brilliance of ancient civilizations. UNESCO recognizes these heritage sites for their profound cultural and historical significance.

---- facebook comment plugin here -----

Latest