Connect with us

Saudi Arabia

തീര്‍ഥാടക സേവനത്തില്‍ സന്നദ്ധ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി; മക്കയില്‍ ആദ്യ 'നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ഫോറം' നടന്നു

ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മക്ക | ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സന്നദ്ധ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ആദ്യമായി ‘നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ഫോറം’ സംഘടിപ്പിച്ചു. ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ എണ്ണം അമ്പത് മടങ്ങായി വര്‍ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ്ജ്-ഉംറ സേവന സംവിധാനത്തിന്റെ പ്രധാന ഘടകമായി സന്നദ്ധ മേഖല മാറിയിരിക്കുകയാണെന്നും ഡോ. തൗഫീഖ് അല്‍ റാബിയ പറഞ്ഞു.

2026 മുതല്‍ 2030 വരെയുള്ള കാലയളവിലേക്ക് ഹജ്ജ്-ഉംറ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക സന്നദ്ധ നയരേഖയും (Non profit Strategy) ഫോറത്തില്‍ അവതരിപ്പിച്ചു. സേവനങ്ങളില്‍ വൈവിധ്യം കൊണ്ടുവരിക, കാര്യക്ഷമത വര്‍ധിപ്പിക്കുക, തീര്‍ഥാടകരുടെ അനുഭവം കൂടുതല്‍ മികച്ചതാക്കുക എന്നിവയാണ് ഈ തന്ത്രപ്രധാന നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ നൂറിലധികം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രാലയം മേല്‍നോട്ടം വഹിക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ, സന്നദ്ധ മേഖലകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിലൂടെ സേവന മാതൃകകളില്‍ നൂതന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ഫോറത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചകളില്‍ മക്ക മേയര്‍ മുസാഅദ് അല്‍ ദാവൂദ്, ഹജ്ജ്-ഉംറ ഉപമന്ത്രി അബ്ദുല്‍ ഫത്താഹ് മഷാത്ത് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. സന്നദ്ധ മേഖലയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍, പുതിയ നിക്ഷേപ മാതൃകകള്‍ സ്വീകരിക്കല്‍, സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. ഇതിനോടനുബന്ധിച്ച് സന്നദ്ധ സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശില്‍പ്പശാലകളും വിവിധ പദ്ധതികളുടെ പ്രദര്‍ശനവും നടന്നു. സേവന രംഗത്ത് കൂടുതല്‍ കരുത്തുറ്റ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള നിരവധി കരാറുകളിലും ഫോറത്തില്‍ വെച്ച് ഇരുവിഭാഗങ്ങളും ഒപ്പുവെച്ചു.