Uae
പുതിയ മാധ്യമ നിയമം: മതവിശ്വാസങ്ങളെ അവഹേളിച്ചാൽ പത്ത് ലക്ഷം വരെ പിഴ
വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ആദ്യത്തെ തവണ 5,000വും ആവർത്തിച്ചാൽ 10,000വും പിഴയുണ്ട്.

അബൂദബി | യു എ ഇയിൽ പുതിയ മാധ്യമ നിയമം മെയ് 29ന് പ്രാബല്യത്തിൽ വന്നു. രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ഈ നിയമം. മതവിശ്വാസങ്ങളെ അവഹേളിക്കുന്നത് മുതൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള വിവിധ ലംഘനങ്ങൾക്ക് പിഴ ചുമത്തും. ലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് വ്യത്യസ്ത പിഴകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ദൈവിക സത്തയെയും ഇസ്്ലാമിക വിശ്വാസങ്ങളെയും മറ്റ് മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിച്ചാൽ ഒരു മില്യൺ ദിർഹം വരെ പിഴ ഈടാക്കും. പൊതു ധാർമികത ലംഘിക്കുക, വിനാശകരമായ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നിവക്ക് 100,000 വരെ പിഴയുണ്ട്. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ 150,000 വരെ പിഴ ചുമത്തും.
ഭരണകൂടം, ദേശീയ ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ അവഹേളിച്ചാൽ 50,000 മുതൽ 500,000 വരെ പിഴയുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര, അന്തർദേശീയ നയങ്ങളെ അപമാനിച്ചാൽ 50,000 മുതൽ 500,000 വരെ പിഴ ഈടാക്കും. വിദേശ ബന്ധങ്ങൾക്ക് ദോഷം വരുത്തുന്നതോ ദേശീയ ഐക്യത്തെയും സാമൂഹിക ഐക്യത്തെയും തകർക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ 250,000 വരെ പിഴ ലഭിക്കും.
പുതിയ നിയമം മാധ്യമ പ്രവർത്തകരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും സംരക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ, പരമ്പരാഗത മാധ്യമ രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾക്കൊള്ളുന്നു.ലൈസൻസ് ഇല്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്നത് ആദ്യത്തെ തവണയാണെങ്കിൽ 10,000 ആണ് പിഴ. ഇത് ആവർത്തിച്ചാൽ 40,000 ആയി വർധിക്കും.
ലൈസൻസ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ ഓരോ ദിവസത്തിനും 150 വീതം, പരമാവധി 3,000 വരെ പിഴ ഈടാക്കും. അംഗീകാരമില്ലാതെ ലൈസൻസ് കൈമാറ്റം ചെയ്യുക, പങ്കാളികളെ ചേർക്കുകയോ മാറ്റുകയോ വിവരങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്താൽ 20,000 വരെ പിഴ ചുമത്തും. ലൈസൻസ് കാലാവധി കഴിഞ്ഞും പ്രസിദ്ധീകരണം തുടർന്നാൽ ആദ്യത്തെ തവണ 10,000വും ആവർത്തിച്ചാൽ 20,000വുമാണ് പിഴ.
വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ആദ്യത്തെ തവണ 5,000വും ആവർത്തിച്ചാൽ 10,000വും പിഴയുണ്ട്. അനുമതിയില്ലാതെ പുസ്തകമേളകൾ സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ 40,000 ആണ് പിഴ. ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ലൈസൻസില്ലാതെ മാധ്യമ ഉള്ളടക്കം അച്ചടിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 20,000 പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.