Ongoing News
ഹിജ്റ പുതുവർഷം വിശുദ്ധ കഅ്ബക്ക് പുതു കിസ്‌വ
കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായ അൽ ഷൈബി കുടുംബത്തിന് കിസ്‌വ കൈമാറി

മക്ക| വിശുദ്ധ കഅ്ബയെ അണിയിക്കാനുള്ള കിസ്‌വയുടെ കൈമാറ്റം നടന്നു. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവിന് വേണ്ടി മക്ക മേഖലയുടെ ഡെപ്യൂട്ടി ഗവർണറും ഹജ്ജ്, ഉംറ എന്നിവക്കുള്ള സ്ഥിരം സമിതിയുടെ വൈസ് ചെയർമാനുമായ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പ് കാരായ അൽ ഷൈബി കുടുംബത്തിന് കൈമാറി.
സഊദി ഹജ്ജ്, ഉംറ മന്ത്രിയും ഇരുഹറം കാര്യാലയങ്ങളുടെ ജനറൽ പ്രസിഡൻസിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽ-റബിയ, കഅ്ബയുടെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽഷൈബികുടുംബത്തിലെ അബ്ദുൽമാലിക് ബിൻ താഹ അൽ-ഷൈബി എന്നിവരാണ് കൈമാറ്റ രേഖകളിൽ ഒപ്പ് വെച്ചത്. ഹിജ്റ 1447 മുഹറം ഒന്നാം തീയതിയാണ് കഅ്ബയുടെ കിസ്‌വ അണിയിക്കുന്ന ചടങ്ങ് നടക്കുക.
കിസ്‌വ അണിയിക്കുന്നതിന് മുന്നോടിയായാണ് കിസ്‌വ കൈമാറ്റ ചടങ്ങ് എല്ലാ വർഷവും നടക്കുന്നത്. മക്കയിലെ ഉമ്മുൽ ജൂദിലെ കിംഗ് അബ്ദുൽ അസീസ് കോംപ്ലക്‌സിൽ പ്രകൃതിദത്ത നൂലുകൾകൊണ്ട് നിർമിച്ച പുതിയ കിസ്‌വക്ക് 14 മീറ്റർ ഉയരമാണുള്ളത്. കഅ്ബയുടെ 109ാമത്തെ സംരക്ഷകനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി കഴിഞ്ഞ വർഷം മരണപ്പെട്ടതോടെയാണ് പിൻഗാമിയായ ശൈഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബി കഅ്ബയുടെ താക്കോൽ ചുമതല ഏറ്റടുത്തത്.