Connect with us

articles

ശ്രദ്ധ വേണം; അല്ലെങ്കില്‍ ദുരന്തമാകും

ജനവാസ മേഖല ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കിയതെന്ന് അവകാശപ്പെടുന്ന വനം വകുപ്പിന്റെ ഭൂപടത്തില്‍ വന്‍ തോതില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന പരാതി വ്യാപകമാണ്. ചിലയിടങ്ങളില്‍ ജനവാസ മേഖലകള്‍ വനങ്ങള്‍ക്കകത്തായിപ്പോയി. ഭൂപടം നോക്കിയാല്‍ സ്വന്തം വീടും പുരയിടവും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുകയില്ല. ഡിസംബര്‍ 12ന് പ്രസിദ്ധീകരിച്ച ഉപഗ്രഹ ഭൂപടത്തിലും സമാന പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്നു.

Published

|

Last Updated

ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന കരുതല്‍ മേഖല വിഷയത്തില്‍ ഏറ്റവും ഒടുവിലായി പ്രശ്‌ന മേഖലകളില്‍ നേരിട്ടു ചെന്ന് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. അത് എങ്ങനെയെന്ന് വ്യക്തമല്ല. 2022 ജൂണ്‍ മൂന്നിനുണ്ടായ സുപ്രീം കോടതി വിധിയനുസരിച്ച് മൂന്ന് മാസത്തിനകം നടത്തേണ്ടിയിരുന്ന സര്‍വേയാണ് ഇങ്ങനെ നടത്തും എന്ന് പറയുന്നത്. സര്‍ക്കാറിന് ഇക്കാര്യത്തിലുള്ള ശുഷ്‌കാന്തി സംബന്ധിച്ച് ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ നിരവധിയാണ്. കോടതി വിധി വന്ന് മാസങ്ങള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ ഒരു ഉപഗ്രഹ സര്‍വേക്ക് വേണ്ട നടപടികള്‍ ആരംഭിച്ചത്. അതിന്റെ റിപോര്‍ട്ട് ആഗസ്റ്റില്‍ സര്‍ക്കാറിന് ലഭിച്ചു എങ്കിലും പുറത്തു വിട്ടില്ല. പകരം ഹൈക്കോടതിയില്‍ റിട്ട. ചീഫ് ജസ്റ്റിസ് ആയിരുന്ന തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കുകയായിരുന്നു. അവര്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തു എന്ന് ആര്‍ക്കും അറിയില്ല. ഏറെ വിവാദങ്ങളും സമരങ്ങളും ആയപ്പോഴാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടങ്ങിയത്. ഈ നടപടി ആറ് മാസം മുമ്പ് ആരംഭിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്ന് വ്യക്തമാണ്.

ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള പരിസ്ഥിതി സംവേദക മേഖലകള്‍ (ഇ എസ് ഇസഡ്) അടയാളപ്പെടുത്തുന്ന വനം വകുപ്പിന്റെ ഭൂപടം ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഈ ഭൂപടമാണ് വനം വകുപ്പ് 2020-21ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ ഭൂപടം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനം അനുസരിച്ച് ഈ ഭൂപടം പുറത്തു വിട്ടത്. ഇതിലുള്ള അഭിപ്രായങ്ങളും പരാതികളും ജനുവരി ഏഴ് വരെ സമര്‍പ്പിക്കാം എന്നും സര്‍ക്കാര്‍ പറയുന്നു. വീടുകളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കിയതാണ് ഇതെന്ന അവകാശവാദം നിരവധി പേര്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഇത് സംബന്ധിച്ചുള്ള പരാതികള്‍ കേള്‍ക്കാനും നിര്‍മാണങ്ങള്‍ ഒഴിവാക്കാനും വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയത്. ഇതിനായി ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ടാക്കും എന്ന് പറഞ്ഞു എങ്കിലും ഇതുവരെ വ്യക്തമായ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. ജനുവരി ഏഴ് വരെ ലഭിക്കുന്ന പരാതികള്‍ ഇങ്ങനെ പരിശോധിച്ച് പരിഗണിക്കാവുന്നവ പരിഗണിച്ചു കൊണ്ട് പുതിയ ഭൂപടം തയ്യാറാക്കുമെന്നും അതാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുക എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ജനുവരി 11ന് കോടതിയില്‍ ഈ വിഷയം വരുമ്പോഴേക്കും ഈ നടപടികള്‍ പൂര്‍ത്തിയാകുമോ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതാണ് ഒരു പ്രധാന ആശങ്ക. കേരളത്തിന് കുറച്ചു കൂടി സമയം നീട്ടിക്കിട്ടണം എന്ന് ആവശ്യപ്പെടാന്‍ കഴിയും. അത് ലഭിച്ചാല്‍ ചെറുതല്ലാത്ത ആശ്വാസമാകും സര്‍ക്കാറിന് എന്നതില്‍ സംശയമില്ല. മറ്റൊരു രീതിയിലും കോടതി ഇതിനെ കാണാന്‍ സാധ്യതയുണ്ട്. ഏഴ് മാസം മുമ്പ് കോടതി നല്‍കിയ നിര്‍ദേശമായിരുന്നു ഈ റിപോര്‍ട്ട്. അതില്‍ എത്ര മുന്നോട്ടു പോയി എന്ന് കാണിക്കാന്‍ കോടതി ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ വന്നാല്‍ ഉപഗ്രഹ സര്‍വേയുടെയോ വനം വകുപ്പ് നേരത്തേ നല്‍കിയതോ ആയ ഭൂപടങ്ങള്‍ സമര്‍പ്പിക്കേണ്ടി വരാം. അങ്ങനെ വന്നാല്‍ അതൊരു ദുരന്തമാകും. ഇക്കാലമത്രയും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പറയാനും കഴിയില്ലല്ലോ.

ജനവാസ മേഖല ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കിയതെന്ന് അവകാശപ്പെടുന്ന വനം വകുപ്പിന്റെ ഭൂപടത്തില്‍ വന്‍ തോതില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന പരാതി വ്യാപകമാണ്. ചിലയിടങ്ങളില്‍ ജനവാസ മേഖലകള്‍ വനങ്ങള്‍ക്കകത്തായിപ്പോയി. ഭൂപടം നോക്കിയാല്‍ സ്വന്തം വീടും പുരയിടവും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുകയില്ല. ഡിസംബര്‍ 12ന് പ്രസിദ്ധീകരിച്ച ഉപഗ്രഹ ഭൂപടത്തിലും സമാന പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്നു. ചില ഉദാഹരണങ്ങള്‍ പത്രങ്ങളില്‍ വന്നിട്ടുമുണ്ട്. വയനാട്ടിലെ പുല്‍പ്പള്ളി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരിയിലെ കിടങ്ങനാട്, ചെതലയം തുടങ്ങിയ പ്രദേശങ്ങള്‍ ജനവാസ മേഖലയായി അടയാളപ്പെടുത്തിയിട്ടില്ല. ഈ പ്രദേശങ്ങളിലായി നാല്‍പതിനായിരത്തോളം മനുഷ്യര്‍ താമസിക്കുന്നു. ഇത് പാരിസ്ഥിതിക സംവേദക മേഖലയില്‍ പെട്ടാല്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാകും. ഇതുപോലെ പല ജില്ലകളിലും പരാതികള്‍ ഉണ്ട്.

ഇതൊരു പുതിയ വിഷയമല്ല

ഈ വിഷയത്തില്‍ ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് പലരും മനസ്സിലാക്കുന്നില്ല. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കി.മീ വീതിയില്‍ പാരിസ്ഥിതിക സംവേദക മേഖല വേണമെന്ന 2022 ജൂണ്‍ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണല്ലോ വന്‍തോതിലുള്ള രാഷ്ട്രീയ വിവാദങ്ങളും കൃഷിക്കും കര്‍ഷകര്‍ക്കും എതിരാണെന്ന തരത്തിലുള്ള ആശങ്കകളും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ ഈ ഉത്തരവ്, അതിന് ആധാരമായ കേസ്, പരിഗണിക്കപ്പെട്ട വിഷയങ്ങള്‍, ബഫര്‍ സോണ്‍, പാരിസ്ഥിതിക സംവേദക മേഖല എന്നിവയെല്ലാം വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണ്.

തമിഴ്‌നാട്ടിലെ നീലഗിരി, ഗൂഡല്ലൂര്‍ മേഖലകളിലെ വന നശീകരണത്തിനെതിരെ, നിലമ്പൂര്‍ കോവിലകത്തെ ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് 1995ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 202/1995 എന്ന റിട്ട് പെറ്റീഷന്‍ ആണ് ഈ ഉത്തരവിനും സമാനമായ വനസംരക്ഷണം ലക്ഷ്യമാക്കിയ നിരവധി കോടതി ഉത്തരവുകള്‍ക്കും അടിസ്ഥാനം. 1996 ഡിസംബര്‍ 12ന് ജസ്റ്റിസ് ജെ എസ് വര്‍മ, ബി എന്‍ കൃപാല്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ച് പുറപ്പെടുവിച്ച വിധി ഇന്ത്യയുടെ കോടതി വ്യവഹാര ചരിത്രത്തില്‍ വളരെ നിര്‍ണായകമാണ്. വനത്തിനുള്ളിലെ വനേതര പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കോടതി പ്രസ്തുത ഉത്തരവിലൂടെ നിരോധിച്ചു. വനത്തിനുള്ളിലെ ഖനനം, മരം മുറി, മരമില്ലുകള്‍ എന്നിവയെല്ലാം ഇതിലൂടെ നിരോധിക്കപ്പെട്ടു. ഇന്ത്യയിലെ വന നിയമങ്ങള്‍ നിര്‍വചിക്കാതിരുന്ന “വനം’ എന്ന പദത്തിന് നിഘണ്ടുവിലെ നിര്‍വചനം തന്നെ സ്വീകരിക്കാമെന്നും കോടതി തീരുമാനിച്ചു. ചുരുക്കത്തില്‍ വനം അല്ലാത്തതെല്ലാം വനം എന്ന് നിയമദൃഷ്ട്യാ വ്യാഖ്യാനിക്കുന്ന സ്ഥിതി. കോടതി വ്യവഹാരങ്ങളുടെ ഒരു പ്രളയത്തിനാണ് ഈ വിധി വഴി വെച്ചത്.

കുദ്രേമുഖിലെ ഇരുമ്പയിര് ഖനനം, ആരാവല്ലി മലനിരകളിലെ മാര്‍ബിള്‍ ഖനനം, വനത്തിലെ മരം മുറി, മരമില്ലുകള്‍ എന്നിവ നിരോധിക്കപ്പെട്ടത് ഈ കോടതി നടപടികളുടെ ഭാഗമായാണ്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് കൈമാറുന്നതിന് നിയന്ത്രണങ്ങള്‍, പകരം വനവത്കരണം, വനഭൂമിയുടെ അറ്റമൂല്യം കണക്കാക്കി നഷ്ടപരിഹാരം, അതിനായി പ്രത്യേക ഫണ്ടും അതോറിറ്റിയും എന്നീ സംഗതികളും ഈ നടപടികളുടെ ഭാഗമായി നടപ്പില്‍ വന്നതാണ്. എന്തിനേറെ ഒഡീഷയിലെ നിയമഗിരി മലകളിലെ വേദാന്ത കമ്പനിയുടെ ഖനനത്തിന് അനുമതി നിഷേധിക്കപ്പെട്ടതും ഈ കേസിലെ നടപടികളുടെ ഉപോത്പന്നമാണ്.

ഇപ്പോഴത്തെ വിധിയില്‍ സുപ്രീം കോടതി പ്രധാനമായും പറഞ്ഞിട്ടുള്ളത് താഴെ പറയുന്നവയാണ്. ഓരോ വന്യജീവി സങ്കേതത്തിനും ദേശീയോദ്യാനത്തിനും അതിന്റെ അതിര്‍ത്തിയില്‍ നിന്ന് ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ദൂര പരിധി ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി ഉണ്ടായിരിക്കണം. നിലവില്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിയമപരമായി പ്രഖ്യാപിച്ചിട്ടുള്ള സംരക്ഷിത മേഖലകളില്‍ അത് അങ്ങനെ തന്നെ തുടരും. വന്യജീവി സങ്കേതത്തിനും ദേശീയോദ്യാനത്തിനും ഉള്ളില്‍ ഖനനം ഒരു കാരണവശാലും അനുവദിക്കരുത്. ഇക്കോ സെന്‍സിറ്റീവ് സോണിന്റെ ചുരുങ്ങിയ വീതി, ബഹുജന താത്പര്യ പ്രകാരം ഭേദഗതി ചെയ്യാവുന്നതാണ്. അതിന് അതത് സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്ര ഉന്നതാധികാര സമിതിയെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കേണ്ടതാണ്.

ഇത്രയും വിശദമായി ഈ കോടതി നടപടികള്‍ വിവരിക്കുന്നത് ഈ വിധി ഇപ്പോള്‍ പെട്ടെന്നുണ്ടായ ഒരു സംഗതി അല്ലായെന്നും, ഏകദേശം 20 വര്‍ഷത്തോളമായി നടന്നു വരുന്ന ഇനിയും തുടരുന്ന ഒരു കോടതി പ്രക്രിയയുടെ ഭാഗമാണെന്നും വ്യക്തമാക്കാനാണ്. കേരള സര്‍ക്കാര്‍ ഈ കേസില്‍ പല ഘട്ടങ്ങളിലായി കക്ഷി ചേര്‍ന്നിട്ടുള്ളതാണ്. സര്‍ക്കാറുകളുടെ തികഞ്ഞ അനാസ്ഥയാണ് ഈ കേസില്‍ കാണാന്‍ കഴിയുന്നത്.

കേരളത്തിലെ കര്‍ഷകരുടെ ഏറ്റവും മുഖ്യമായ പ്രശ്‌നം കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും മുഖ്യ വിളകള്‍ നേരിടുന്ന രോഗ, കീട ബാധകളുമാണ്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പോലും ഉറപ്പാക്കാത്ത സര്‍ക്കാറിനോടുള്ള കര്‍ഷകരോഷം അണ പൊട്ടിയതാണ് കര്‍ഷക പ്രക്ഷോഭത്തില്‍ നാം കണ്ടത്. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയെന്ന അടിസ്ഥാന പ്രശ്‌നത്തിനൊപ്പം ഇക്കോ സെന്‍സിറ്റീവ് സോണിന്റെ ആഘാതം കൂടി വരുമ്പോള്‍ അവര്‍ കടുത്ത ആശങ്കയിലാകുന്നത് സ്വാഭാവികം മാത്രം. അവരെ സംരക്ഷിക്കേണ്ട ഭരണകൂടങ്ങള്‍ ശരിയല്ലാത്ത രീതിയില്‍ ഇടപെടുമ്പോള്‍ പ്രശ്‌നം ഗുരുതരമാകുന്നു.

നാളിതുവരെ ഈ വിഷയത്തില്‍ ഇത്ര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് വനം വകുപ്പിന്റെ മേല്‍കൈയാണ് എന്ന് കാണാം. കര്‍ഷകരോടും ആദിവാസികളോടും വനം വകുപ്പ് ഒരിക്കലും നല്ല ബന്ധത്തിലായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സമീപനമാണ് വനം വകുപ്പിന് ഇപ്പോഴും ഉള്ളത്. ഇ എഫ് എല്‍ പോലുള്ള വിഷയങ്ങളില്‍ ഇത് വളരെ വ്യക്തമായി കണ്ടതാണ്.

ഇപ്പോള്‍ വന്നിട്ടുള്ളത് സുപ്രീം കോടതി വിധിയാണ്. അത് രാജ്യത്തെ നിയമമാണ്. അവധാനതയോടെയും ശാസ്ത്രീയമായും നിയമപരമായും ഉള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പതിനായിരക്കണക്കിന് കര്‍ഷകരുടെ ജീവിതം ദുരന്തമാകും. എല്ലാവരും യോജിച്ചു നിന്ന് കൊണ്ട് ഗ്രാമീണ ജനതയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണം.

Latest