Connect with us

International

52 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2 നാളെ കുതിച്ചുയരും

നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകുന്നത്.

Published

|

Last Updated

ഫ്ലോറിഡ | അരനൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാസയുടെ ആർട്ടെമിസ് 2 ചന്ദ്ര ദൗത്യം നാളെ വിക്ഷേപിക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം നടക്കുക. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. 1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രനിലേക്ക് വീണ്ടും യാത്ര തിരിക്കുന്നത്.

നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകുന്നത്. നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർക്കൊപ്പം കാനഡയുടെ ജെറമി ഹാൻസണും സംഘത്തിലുണ്ട്. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി വിക്ടർ ഗ്ലോവറും ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി ജെറമി ഹാൻസണും ഈ ദൗത്യത്തിലൂടെ ചരിത്രത്തിൽ ഇടംപിടിക്കും.

സ്പേസ് ലോഞ്ച് സിസ്റ്റം (എസ് എൽ എസ്) റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ഉപയോഗിച്ചാണ് വിക്ഷേപണം. പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ചന്ദ്രനെ ചുറ്റിയ ശേഷം പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തും. മനുഷ്യർക്ക് ദീർഘകാലം ബഹിരാകാശത്ത് താമസിക്കാനുള്ള ഓറിയോൺ പേടകത്തിന്റെ ശേഷി പരിശോധിക്കുക എന്നതാണ് ഈ പരീക്ഷണ പറക്കലിന്റെ പ്രധാന ലക്ഷ്യം. 2022 ൽ നടന്ന ആർട്ടെമിസ് 1 ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഭാവിയിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യരെ ഇറക്കുന്നതിനും അവിടെ സ്ഥിരമായ താവളങ്ങൾ ഒരുക്കുന്നതിനുമുള്ള നാസയുടെ വലിയ പദ്ധതികളുടെ ഭാഗമാണിത്. ഇത് പിന്നീട് ചൊവ്വാ ദൗത്യങ്ങൾക്കും സഹായകമാകും. 2027 ൽ ആർട്ടെമിസ് 3 ദൗത്യവും 2028 ഓടെ ചന്ദ്രനിൽ മനുഷ്യരെ ഇറക്കുന്ന ആർട്ടെമിസ് 4 ദൗത്യവും നാസ ലക്ഷ്യമിടുന്നുണ്ട്.

 

Summary

NASA is launching the Artemis 2 mission today, which is the first crewed flight to the moon since the Apollo 17 mission in 1972. The crew consists of four astronauts who will travel around the moon and back to Earth over a 10-day period. This mission serves as a critical test for the Orion spacecraft’s ability to support human life in deep space before future lunar landings.

Latest