Kannur
എൻ അബ്ദുലത്തീഫ് സഅദി പഴശ്ശിക്ക് നിറകണ്ണുകളോടെ വിട
മരണവാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ആയിരങ്ങളാണ് ഇന്നലെ വെെകീട്ടും ഇന്ന് രാവിലെയും അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്.

കണ്ണൂർ | ജീവിതത്തിന്റെ സർവസ്വവും പ്രസ്ഥാന കുടുംബത്തിന് സമർപ്പിച്ച എൻ അബ്ദുല്ലത്തീഫ് സഅദികക് കണ്ണീരോടെ വിട. ലത്തീഫ് സഅദിയുടെ ജനാസ വൻ ജനാവലയുടെ സാന്നിധ്യത്തിൽ പഴശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പല ഘട്ടങ്ങളിലായി നടന്ന ജനാസ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ എട്ടരയോടെയായിരുന്നു ഖബറടക്കം.
മരണവാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ആയിരങ്ങളാണ് ഇന്നലെ വെെകീട്ടും ഇന്ന് രാവിലെയും അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിൽ, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സണ്ണി ജോസഫ്, സജീവ് ജോസഫ്, എ എൻ ഷംസീർ, സതീഷൻ പാച്ചേനി, എം വി ജയരാജൻ, അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ ജനാസ സന്ദർശിച്ചു.
ശനിയാഴ്ച കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.
എസ് എസ് എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ് എസ് എഫിൻ്റെയും എസ് വൈ എസിൻ്റെയും സംസ്ഥാന വൈ. പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്.

കണ്ണൂരിൽ ഇന്നലെ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തുന്ന എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി.
1966 ൽ പഴശ്ശിയിൽ അൽ ഹാജ് അബൂബക്കർ ഉസ്താദിൻ്റെയും സാറയുടെയും മകനായി ജനനം.
ഭാര്യ: നസീമ മക്കൾ: ഹഫ്സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീൻ, സഫിയ, മുഹമ്മദ് സിനാൻ മരുമക്കൾ: അഡ്വ.സാബിർ അഹ്സനി , ഉസ്മാൻ അസ്ഹരി, ഹാഫിള് ഉസ്മാൻ സഖാഫി സഹോദരിമാർ: ഖദീജ ആറളം, ഹഫീള കാവുംപടി.