Connect with us

Kerala budget 2023

ബജറ്റിലേത് നിർദേശങ്ങൾ മാത്രം; ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് എം വി ഗോവിന്ദൻ

നികുതി വർധനവിന് കാരണക്കാർ കേന്ദ്ര സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കൊച്ചി | ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലുള്ളത് നിർദേശമാണെന്നും അതിന്മേൽ സഭയിൽ ചർച്ച ചെയ്താണ് അന്തിമ തീരുമാനമെടുക്കുകയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിമർശങ്ങൾ പരിശോധിക്കുമെന്നും നികുതി വർധനവിന് കാരണക്കാർ കേന്ദ്ര സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര നയങ്ങളാണ് പ്രശ്നം സൃഷ്ടിക്കുന്നത്. നികുതിയിനത്തിൽ 40,000 കോടി കേരളത്തിന് കേന്ദ്രം നൽകാനുണ്ട്. അതിനെ കുറിച്ച് വിദഗ്ധരോ പ്രമുഖരോ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന സെസ് വർധിപ്പിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. ഇന്ധന സെസിനെതിരെ മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയുടെ യുവജന വിഭാഗം രംഗത്തെത്തിയിരുന്നു.

ജനക്ഷേമ ബജറ്റ് ആണ് അവതരിപ്പിച്ചതെങ്കിലും പെട്രോൾ ഡീസൽ എന്നിവക്ക് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എ ഐ വൈ എഫ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ ഇന്ധന വില കുറയ്ക്കാൻ തയ്യാറാകാതിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും അത്തരം നടപടി പിന്തുടരുന്നത് ശരിയല്ല. ഈ നടപടി പിൻവലിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതിനിടെ, കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുന്നുണ്ട്. മന്ത്രിമാരെ കരിങ്കൊടി കാണിക്കാനാണ് തീരുമാനം.

Latest