Connect with us

muslim league

ഇബ്റാഹീം എളേറ്റിലിനെ മുസ്ലിം ലീഗ് സസ്‌പെൻഡ് ചെയ്തു

നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് എളേറ്റിലിനെതിരെയുള്ള നടപടി.

Published

|

Last Updated

കോഴിക്കോട് | മാസങ്ങളായി ദുബൈ കെ എം സി സിയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളെ തുടർന്ന് മുതിർന്ന കെ എം സി സി നേതാവ് ഇബ്റാഹീം എളേറ്റിലിനെ മുസ്‌ലിം ലീഗിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ലീഗിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കി. ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുത്തത്. ദുബൈ കെ എം സി സി പ്രസിഡന്റും കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷററുമാണ് നിലവിൽ ഇബ്റാഹീം എളേറ്റിൽ.

നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് എളേറ്റിലിനെതിരെയുള്ള നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പാർട്ടി മുഖപത്രത്തിലെ അറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ അച്ചടക്ക നടപടിക്കാധാരമായ കാര്യങ്ങൾ വ്യക്തമാക്കുന്നില്ല. ദുബൈ കെ എം സി സിയിൽ ഇബ്റാഹീം എളേറ്റിലും മറ്റ് ചില നേതാക്കളും തമ്മിൽ തർക്കങ്ങളും നിലനിന്നിരുന്നു. ക്ഷേമപ്രവർത്തനങ്ങൾക്കായി സമാഹരിച്ച കോടികൾ നേതാക്കൾ തട്ടിയെടുത്തെന്ന ആരോപണം ദുബൈ കെ എം സി സിയിൽ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. നേതാക്കളുടെ അഴിമതിയെ കുറിച്ചുള്ള കാര്യങ്ങൾ പരസ്യമായിട്ടും മുസ്‌ലിം ലീഗ് നേതൃത്വം നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.

കെ എം സി സിയുടെ സാധാരണ കുടുംബങ്ങൾക്ക് താങ്ങാകുന്ന വെൽഫെയർ സ്‌കീമിലാണ് അഴിമതി നടന്നതായി ആരോപണമുയർന്നത്. ഇതേ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ സേവ് കെ എം സി സി എന്ന പേരിൽ പരസ്യപ്രചാരണം നടത്തിയിരുന്നു. അടുത്ത കാലത്തായി കെ എം സി സിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സാധാരണ പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്നതാണെന്നും പാവപ്പെട്ട കഫ്റ്റീരിയ ജീവനക്കാർ മുതൽ തുച്ഛവരുമാനക്കാരായ പ്രവർത്തകരുടെ കാശിൽ നിന്ന് കൈയിട്ട് വാരുന്ന നേതാക്കൾക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കേണ്ട സമയം അടുത്തിരിക്കുന്നുവെന്നും ഇത് സംബന്ധിച്ച് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലിട്ട കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

2015-18 കാലത്തെ കമ്മിറ്റി നടത്തിയ കോടികളുടെ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കെ നിലവിലെ പ്രസിഡന്റായ ഇബ്റാഹീം എളേറ്റിലിനെതിരെ ഒരു സംഘം, ലീഗ് നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കരുനീക്കങ്ങളാണ് നടപടിയിലേക്ക് നയിച്ചത്. മുൻ പ്രസിഡന്റ് സ്വന്തക്കാരുടെ ബിനാമി അക്കൗണ്ടുണ്ടാക്കി കെ എം സി സിയുടെ ഇൻഷ്വറൻസ് തുകയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണമുണ്ട്. മുൻ പ്രസിഡന്റ്അൻവർ നഹയും എളേറ്റിലും തമ്മിലുള്ള പോര് ശക്തമാകുന്നതിനിടെയാണ് പാർട്ടി നേതൃത്വം നടപടിയെടുത്തത്. കൊവിഡ് കാലത്ത് ക്വാറന്റൈൻ സെന്ററുകൾ ഒരുക്കിയതിലും ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയതിലും കോടികളുടെ തട്ടിപ്പ് നടന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നേരത്തേ യൂസുഫലിയെ കെ എം ഷാജി വിമർശിച്ചപ്പോൾ അത് തെറ്റായിപ്പോയെന്ന് ലോക കേരള സഭയിൽ ഇബ്റാഹിം എളേറ്റിൽ വ്യക്തമാക്കിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.