Connect with us

moonnakkal masjid

മൂന്നാക്കൽ പള്ളിക്ക് കോടികളുടെ നഷ്ടം വരുത്തി; മുൻ ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടാൻ വഖ്ഫ് ബോർഡ് വിധി

നിർണായക വിധി 17 വർഷത്തിന് ശേഷം; പണം, സ്വർണ ഉരുപ്പടികൾ തിരിച്ചുപിടിക്കും

Published

|

Last Updated

വളാഞ്ചേരി | മൂന്നാക്കൽ പള്ളി മുൻ മഹല്ല് ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന വഖ്ഫ് ബോർഡിന്റെ നിർണായക വിധി. 17 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് പള്ളി കമ്മിറ്റി മുൻ ഭാരവാഹികളായ വി പി സുബൈർ, പുതുക്കുടി അബൂബക്കർ, പാലക്കൽ ശരീഫ്,വലിയ പറമ്പിൽ സദക്കത്തുല്ല എന്നിവർക്കെതിരെ വഖ്ഫ് ബോർഡ് വിധി വന്നത്. മഹല്ല് നിവാസികളായ കലകപാറ അലവി, കൊട്ടാമ്പാറ മാളിയേക്കൽ മുഹമ്മദ് കുട്ടി, വി പി ആലിയാമുട്ടി തുടങ്ങിയവർ വഖ്ഫ് ബോർഡിന് പരാതി നൽകിയിരുന്നു.

ഭാരവാഹികൾ കാലാവധി കഴിഞ്ഞിട്ടും നിയമാനുസരണം ജനറൽ ബോഡി വിളിച്ചു കൂട്ടുകയോ വരവ്, ചെലവ് കണക്കുകൾ സൂക്ഷിക്കുകയോ കമ്മിറ്റിയിൽ അവതരിപ്പിക്കുകയോ ചെയ്യാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മൂന്നാക്കൽ ജുമുഅത്ത് പള്ളിക്ക് വരുത്തി വെച്ചുവെന്ന പരാതിയിലാണ് നിർണായക വിധി. വഖ്ഫിൽ നിന്നുള്ള വരുമാനവും അതിന്റെ സ്വത്തുക്കളും ഭാരവാഹികൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് പള്ളിക്ക് നഷ്ടം വരുത്തിവെച്ചതായി സംസ്ഥാന വഖ്ഫ് ബോർഡ് കണ്ടെത്തി.

പള്ളിയിലെ സ്വത്തുക്കളും സ്വർണ ഉരുപ്പടികളിലുമുൾപ്പെടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. വഖ്ഫ് നിയമ പ്രകാരവും ക്രിമിനൽ നടപടി ചട്ടപ്രകാരവും കേസെടുക്കും. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ പണം, സ്വർണ ഉരുപ്പടികൾ എന്നിവ പ്രതികളിൽ നിന്ന് റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച് തിരിച്ചുപിടിക്കാനും ബോർഡ് നിർദേശിച്ചു.