Connect with us

manhole accident

മേയറുടെ കൺമുന്നിൽ ശുചീകരണ തൊഴിലാളി മാൻഹോളിൽ വീണു; ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

കനത്ത രാത്രിമഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായതിനെ തുടർന്നാണ് മേയർ നേരിട്ട് പരിശോധനക്ക് എത്തിയത്.

Published

|

Last Updated

മുംബൈ | മുംബൈയിൽ കനത്ത മഴ തുടരുന്നതിനിടെ റോഡിലെ തുറന്ന ഓടയിൽ ബി എം സി ശുചീകരണ തൊഴിലാളി വീണു. മുംബൈ മേയർ റിതു താവ്‌ഡെ ബുധനാഴ്ച രാവിലെ നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ട് എത്തിയപ്പോഴാണ് സംഭവം. ഇതിനു പിന്നാലെ, ഓടകൾ തുറന്നിട്ട നിലയിൽ കണ്ടെത്തിയാൽ ബന്ധപ്പെട്ട വാർഡിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്ന് മേയർ കർശന മുന്നറിയിപ്പ് നൽകി.

കനത്ത രാത്രിമഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായതിനെ തുടർന്നാണ് മേയർ നേരിട്ട് പരിശോധനക്ക് എത്തിയത്. ദാദർ, ഹിന്ദ്മാത, ഗാന്ധി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടയിലാണ് ശുചീകരണ തൊഴിലാളി ഓടയിൽ വീണത്. ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ഇതിന്റെ മൂടി മാറ്റിയതെന്നും ജനങ്ങൾ ഇത്തരം സ്ഥലങ്ങളിലെ മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണമെന്നും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു. റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാൻ നിരവധി പമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബി എം സി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്നും അവർ വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ ഭരണകൂടത്തിനെതിരെ വിമർശനവുമായി ശിവസേന യു ബി ടി നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. ഭരണപക്ഷം രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്നും ബി എം സിയുടെ ഫണ്ടുകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മുൻ സർക്കാർ വിഭാവനം ചെയ്ത റെയിൻ വാട്ടർ ഹോൾഡിങ് ടാങ്കുകൾ ശരിയായി പ്രവർത്തിപ്പിക്കുന്നതിൽ പരാജയപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വീട്ടിലിരുന്ന് കോവിഡ് നിയന്ത്രിച്ചവർക്ക് പുറത്തിറങ്ങി നടക്കുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാകില്ലെന്ന് മേയർ ഇതിന് മറുപടി നൽകി.

മുംബൈയിലെ വിവിധ സ്റ്റേഷനുകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കൊളാബയിൽ 247.8 മില്ലീമീറ്ററും രാം മന്ദിറിൽ 238 മില്ലീമീറ്ററും സാന്റാക്രൂസിൽ 224.8 മില്ലീമീറ്ററും മഴ ലഭിച്ചു. വിക്രോളി വെസ്റ്റിൽ കനത്ത മഴയെ തുടർന്ന് മതിൽ തകർന്നു വീഴുകയും ഒരിടത്ത് കാറിന് മുകളിലേക്ക് മരം വീണ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

Content Highlights:
A BMC sanitation worker fell into an open manhole in Mumbai’s Dadar during rain, right in front of Mayor Ritu Tawde. The Mayor warned of suspending officials if manholes are left open. The incident sparked a political row between Aaditya Thackeray and the Mayor over city infrastructure.

Latest