Connect with us

Articles

ഇളക്കി മാറ്റാവുന്നതല്ല മുഗള്‍ ചരിത്രം

പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ച്ചതു കൊണ്ട് ഇന്ത്യയുടെ സാംസ്‌കാരിക നഭസ്സില്‍ നിന്ന് ഇളക്കി മാറ്റാവുന്ന ഒന്നല്ല മുഗള്‍ കാലഘട്ടം. 32 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 15 കോടി ജനസംഖ്യയുമുണ്ടായിരുന്ന മുഗള്‍ ഇന്ത്യ ലോകത്തിന്റെ മൊത്തം ജി ഡി പിയുടെ 24 ശതമാനം കൈയാളിയിരുന്ന ക്ഷേമ രാജ്യമായിരുന്നു. നെഹ്‌റു ഇന്ത്യയെ കണ്ടെത്തലില്‍ എഴുതിയ പോലെ പുതിയ കാലത്തെ വിഷലിപ്ത പ്രചാര വേലകളെ മറികടക്കാനുള്ള ആന്തരികോര്‍ജം ഇന്ത്യക്ക് ജന്മസിദ്ധമാണ്.

Published

|

Last Updated

രാഷ്ട്രീയ വീഴ്ചകള്‍ മറച്ചു വെക്കാനും ഇംഗിതങ്ങള്‍ നടപ്പില്‍ വരുത്താനും ചരിത്രത്തില്‍ നിന്ന് പഴുതുകള്‍ തേടുന്ന രാഷ്ട്രീയ രീതികളില്‍ പുതുമയില്ല. വംശീയതയും വര്‍ഗീയതയും സമം ചേര്‍ത്ത് ഉരുട്ടിയ ഹിംസയുടെ രാഷ്ട്രീയ രഥയാത്രകള്‍ അപ്രസക്തമാക്കാന്‍ രണ്ടാം ലോക മഹായുദ്ധത്തിന് ഒരു പരിധി വരെ കഴിഞ്ഞിരുന്നു. ഫാസിസവുമായുള്ള പോരാട്ടമായത് കൊണ്ടാകാം കൊളോണിയല്‍ സാമ്രാജ്യത്വത്തിന് പിന്തുണ നല്‍കി ലോകം അന്ന് ഒപ്പം നിന്നത്. എന്നാല്‍ ചരിത്രപരവും സാംസ്‌കാരികവുമായ മിഥ്യാബോധങ്ങള്‍ നെയ്‌തെടുത്ത് ഭരണത്തിന്റെ തണലില്‍ ആധികാരികമായി പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക ബഹുസ്വരതയുടെ കളിത്തൊട്ടിലായി വാഴ്ത്തപ്പെട്ട ഇന്ത്യയുടെ മണ്ണില്‍ നിന്ന് രൂപപ്പെടുമ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹതാപവും നിരാശയും പ്രകടമാകുന്നുണ്ട്.

എന്‍ സി ഇ ആര്‍ ടി സിലബസിലെ പന്ത്രണ്ടാം ക്ലാസ്സ് ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ഭരണ കാലവും ചരിത്രവും എടുത്തു മാറ്റിയതാണ് ഏറ്റവും പുതിയ വര്‍ത്തമാനം. അബുള്‍ ഫസല്‍ രചിച്ച അക്ബര്‍ നാമയും അബ്ദുല്‍ ഹമീദ് ലഹോരി എഴുതിയ ബാദ്ഷാ നാമയും മുഗളരുമായി ബന്ധപ്പെട്ട വാസ്തുകല, ഛായാചിത്രം, പ്രവിശ്യകള്‍, ഭരണ വികേന്ദ്രീകരണം, രാജ കുടുംബം, ഉദ്യോഗസ്ഥര്‍, അതിര്‍ത്തി, യുദ്ധങ്ങള്‍ എല്ലാം ഇനി പടിക്കു പുറത്താണ്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായ നാഷനല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ചുമതലപ്പെടുത്തിയ വിവിധ കമ്മിറ്റികളുടെ മറവിലാണ് പരിഷ്‌കാരങ്ങള്‍ അരങ്ങേറുന്നത്. വിദ്യാര്‍ഥികളുടെ പഠനഭാരം കുറക്കാനുള്ള ജഗ്‌റാം ജോഷ് റിപോര്‍ട്ട് പ്രകാരമാണ് മുഗള്‍ ചരിത്രത്തിന് മേല്‍ കത്തി വീണത്.

2022 മുതലുള്ള പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ സംഭവത്തെ എന്‍ സി ഇ ആര്‍ ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സഖ്്ലാനി വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് ഗാന്ധി വധവും തുടര്‍ന്നുള്ള ആര്‍ എസ് എസ് നിരോധനവും എടുത്ത് മാറ്റിയിരുന്നു. ഹിന്ദു – മുസ്‌ലിം മൈത്രിക്കു വേണ്ടി നിലകൊണ്ട ഗാന്ധിയുടെ നിലപാടാണ് തീവ്ര സംഘടനകളെ പ്രകോപിപ്പിച്ചത് എന്ന ഭാഗവും മാറ്റിയതില്‍ ഉള്‍പ്പെടും. പതിനൊന്നാം ക്ലാസ്സിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് മധ്യ ഇസ്‌ലാമിക രാജ്യ ചരിത്രവും സാംസ്‌കാരിക സംഘട്ടനങ്ങളും മുതല്‍ വ്യവസായ വിപ്ലവം വരെയുള്ള പാഠങ്ങള്‍ മാറ്റി. പന്ത്രണ്ടാം ക്ലാസ്സിലെ സാമൂഹിക ശാസ്ത്രത്തില്‍ നിന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയം, ജനാധിപത്യം, ജനകീയ മുന്നേറ്റങ്ങള്‍ തുടങ്ങിയവ ഒഴിവാക്കപ്പെട്ടു. പത്താം ക്ലാസ്സില്‍ നിന്ന് ജനാധിപത്യവും അവ നേരിടുന്ന വെല്ലുവിളികളും ജനാധിപത്യം നില നില്‍ക്കേണ്ടതിന്റെ ആവശ്യകതയും പ്രതിപാദിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ക്കപ്പുറമൊന്നും പുതിയ തലമുറ പഠിക്കേണ്ടതില്ല എന്ന പരസ്യ പ്രഖ്യാപനം ഏതായാലും ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ലക്ഷണമല്ല.

സാംസ്‌കാരിക ഭാവനകള്‍
ചരിത്രത്തെ അപനിര്‍മിച്ച് തങ്ങളുടേത് മാത്രമായ ഒരു സാംസ്‌കാരിക സ്വത്വം മെനയുകയും ബോധപൂര്‍വം ശത്രുവിനെ പ്രതിഷ്ഠിച്ച് പുതിയ കാലത്തെ വൈരങ്ങള്‍ക്കും പക വീട്ടലുകള്‍ക്കും കളമൊരുക്കുകയും ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. ഇന്ത്യയുടെ സുദീര്‍ഘമായ ചരിത്രവും ഇത്തരത്തില്‍ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ക്രിസ്തുവിന് 70,000 വര്‍ഷം മുമ്പ് എന്ന് കണക്കാക്കപ്പെടുന്ന ശിലായുഗം വഴി മേര്‍ഘര്‍, സിന്ധു നദീതടം, ഹാരപ്പന്‍ സംസ്‌കാരങ്ങള്‍ വഴിയാണ് ഇന്ത്യയുടെ ചരിത്രം രേഖപ്പെടുന്നത്. ലോഹയുഗ സാമ്രാജ്യങ്ങള്‍ക്ക് ശേഷം ബി സി കാലഘട്ടത്തില്‍ മഗധ, മൗര്യ, ശതവാഹന തുടങ്ങിയ രാജ കാലഘട്ടങ്ങള്‍ നിലവിലിരുന്നതായി കണക്കാക്കുന്നു.

ക്രിസ്തുവിന് ശേഷമുള്ള ആദ്യ സഹസ്രാബ്ധം കുഷാണ, ഗുപ്ത, പാല സാമ്രാജ്യങ്ങള്‍ ഭരണം നടത്തി. തുടര്‍ന്നുള്ള എട്ട് നൂറ്റാണ്ടുകള്‍ ഡല്‍ഹി സുല്‍ത്താനേറ്റിന്റെയും മുഗളരുടെയും കാലഘട്ടമാണ്. ഗസ്‌നി – ഗോറി – മാമുല്‍ക്ക് – ഖില്‍ജി – തുഗ്ലക്ക് – ലോധി അടങ്ങുന്ന സുല്‍ത്താനേറ്റില്‍ നിന്ന് മുഗളര്‍ അധികാരമേറ്റു. അതിനു ശേഷമാണ് ബ്രിട്ടീഷ് അധിനിവേശം ആരംഭിച്ചത്. എട്ട് നൂറ്റാണ്ട് നീളുന്ന സുല്‍ത്താനേറ്റ് – മുഗള്‍ ഭരണമാണ് സംഘ്പരിവാറിന്റെ വെറുപ്പിനുള്ള ഇന്ധനമാകുന്നത്. ഗുപ്ത കാലം വരെ സുവര്‍ണ യുഗമായിരുന്നുവെന്നും തുടര്‍ന്നു വന്ന നീണ്ട അധിനിവേശ കാലത്തിനു ശേഷം 2014 മുതല്‍ പുതിയ ചരിത്രം തുടങ്ങുന്നുവെന്നുമുള്ള വിചിത്ര വാദം ഉന്നയിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സങ്കോചമില്ല.

ചരിത്ര വസ്തുതകള്‍
ശിലായുഗത്തിനു ശേഷമുള്ള ആര്യാവര്‍ത്തവും അതിനു ശേഷം അഭംഗുരം തുടര്‍ന്ന കടന്നു വരവുകളും ഇന്ത്യന്‍ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തിയതിന്റെ വാങ്മയ ചിത്രം നെഹ്‌റു ഇന്ത്യയെ കണ്ടെത്തലിലൂടെ നല്‍കുന്നുണ്ട്. ബ്രിട്ടീഷ് അധിനിവേശം വരെയുള്ള സുദീര്‍ഘമായ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ വര്‍ഗീയത ഒരിക്കലും ആയുധമായിരുന്നില്ല എന്നതാണ് പരമാര്‍ഥം. 1526 ഏപ്രില്‍ 20ന് ഇബ്‌റാഹീം ലോധിയെ പരാജയപ്പെടുത്തിയാണ് ബാബര്‍ മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത്. ഉസ്ബക്കുകളും ഇറാനിലെ സഫവികളുമായിരുന്നു വിദേശത്ത് നിന്ന് മുഗളര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നത്. ആഭ്യന്തരമായി മുഗളരെ പ്രതിരോധിച്ചവരില്‍ മേവാറിലെ റാണാ പ്രതാപ് ഒഴികെ മുഴുവന്‍ പേരും മുസ്‌ലിം രാജാക്കന്‍മാരായിരുന്നു. ബിഹാറിലെ ദരിയാഖാന്‍ ലോഹാരിയും ലാഹോറിലെ ദൗലത്ത് ഖാനും ബംഗാളിലെ നസറത്ത് ഷായും പഷ്തൂണ്‍ രാജാവ് ഷേര്‍ഷയും അവരില്‍ ചിലര്‍ മാത്രമാണ്. സിസോദിയ രജപുത്രരെ കീഴടക്കിയെങ്കിലും പോരാട്ടവീര്യം മുന്‍നിര്‍ത്തി ഭൂമി തിരിച്ചു നല്‍കിയാണ് മുഗളര്‍ നയചാതുരി പ്രകടമാക്കിയത്. ജഹാംഗീറിന്റെയും ഷാജഹാന്റെയും മാതാക്കള്‍ യഥാക്രമം ജയ്പൂര്‍, ജോധ്പൂര്‍ രജപുത്ര വനിതകളായിരുന്നു. മുഗള്‍ ഉന്നത ബഹുമതികളായ ഝാ, ഷാ, ജംഗ്, ദൗള, മുല്‍ക്ക്, ഉമാറ തുടങ്ങിയവക്ക് അര്‍ഹതയുള്ള കുലങ്ങളില്‍ തുര്‍ക്കി – ഇറാനി – അഫ്ഗാനി മുസ്‌ലിംകള്‍ എന്നിവര്‍ക്ക് പുറമെ രജപുത്രരും മറാഠികളും മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. ഔറംഗസേബിന്റെ മരണ ശേഷം ദുര്‍ബലമായ മുഗള്‍ സാമ്രാജ്യത്വത്തെ 1739ല്‍ പേര്‍ഷ്യയിലെ നാദിര്‍ഷയും അഹമ്മദ് ഷാ അബ്ദലിയും അക്രമിച്ചപ്പോള്‍ പ്രതിരോധം തീര്‍ത്തത് മറാഠികളും രജപുത്രരുമായിരുന്നു. നീണ്ട അധികാര കാലയളവിലെവിടെയും മത വര്‍ഗീയത എന്നത് ചിന്തയില്‍ പോലും വരാതിരുന്ന ഒരു കാലത്തെയാണ് അസത്യങ്ങളില്‍ മൂടി സംഘ്പരിവാരം ഭാഗ്യാന്വേഷണം നടത്തുന്നത്.

സാംസ്‌കാരിക വൈവിധ്യം ബോധപൂര്‍വം വരുത്താനും മേല്‍ക്കോയ്മ സ്ഥാപിക്കാനും ഭക്ഷണം, വസ്ത്രം, സ്ഥലനാമകരണങ്ങള്‍ എന്നിവ പുതിയ കാലത്തെ മികച്ച ആയുധങ്ങളായി മാറുകയാണ്. പഴയ മിത്തുകളും ഐതീഹ്യങ്ങളുമാണ് സ്ഥലനാമങ്ങള്‍ മാറ്റുന്നതിന് അവലംബമാകുന്നത്. അലഹബാദ് പ്രയാഗ് രാജും ഫൈസാബാദ് അയോധ്യയും ആയി മാറിയതിനു ശേഷം സുല്‍ത്താന്‍ പൂര്‍, അലിഗഢ്, മെയിന്‍പുരി, ഫിറോസാബാദ്, മിര്‍സാ പൂര്‍, ഫറൂഖാബാദ്, ഗാസിപൂര്‍ എന്നിവ ക്യൂവിലാണ്. ഗോരക്ഷക് കൊലകള്‍ വീണ്ടും രംഗപ്രവേശം ചെയ്യുന്നുണ്ട്. സാംസ്‌കാരികമായും നാഗരികമായും ഹിന്ദുവും മുസ്‌ലിമും ശത്രുവാണെന്നും യോജിപ്പിന്റെ ഒരു വഴിയും നിലവിലില്ല എന്നും ഔദ്യോഗിക ഭാഷ്യം ചമക്കപ്പെടുമ്പോള്‍ രാഷ്ട്രത്തിന്റെ മാറില്‍ അത് വലിയ വടുക്കളാണ് തീര്‍ക്കുന്നത്.

പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ച്ചതു കൊണ്ട് ഇന്ത്യയുടെ സാംസ്‌കാരിക നഭസ്സില്‍ നിന്ന് ഇളക്കി മാറ്റാവുന്ന ഒന്നല്ല മുഗള്‍ കാലഘട്ടം. 32 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 15 കോടി ജനസംഖ്യയുമുണ്ടായിരുന്ന മുഗള്‍ ഇന്ത്യ ലോകത്തിന്റെ മൊത്തം ജി ഡി പിയുടെ 24 ശതമാനം കൈയാളിയിരുന്ന ക്ഷേമ രാജ്യമായിരുന്നു. താജ്മഹലും ചെങ്കോട്ടയും ഷാലിമാര്‍ പൂന്തോട്ടവും ലോകത്തിനു സമ്മാനിച്ച മുഗളര്‍ കാബൂള്‍ മുതല്‍ ലാഹോര്‍ വരെയും ഡല്‍ഹി മുതല്‍ ധാക്ക വരെയും ഒഡീഷ മുതല്‍ ബീജാപൂര്‍ വരെയും ഒരു ദേശത്തിന്റെ ചരിത്രമെഴുതി. നെഹ്‌റു ഇന്ത്യയെ കണ്ടെത്തലില്‍ എഴുതിയ പോലെ പുതിയ കാലത്തെ വിഷലിപ്ത പ്രചാര വേലകളെ മറികടക്കാനുള്ള ആന്തരികോര്‍ജം ഇന്ത്യക്ക് ജന്മസിദ്ധമാണ്.