International
പർവതാരോഹകർക്ക് ലോട്ടറി; ട്രക്കിങ്ങിനിടെ കിട്ടിയത് 2.87 കോടി രൂപയുടെ നിധി
598 സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, പുകയില ബാഗുകൾ എന്നിവയാണ് നിധി ശേഖരത്തിലുണ്ടായിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

പ്രാഗ് | ചെക്ക് റിപ്പബ്ലിക്കിൽ പർവതാരോഹകരായ രണ്ട് പേർക്ക് ട്രക്കിങ്ങിനിടെ ലഭിച്ചത് 2.87 കോടി രൂപയുടെ നിധി. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലെ പോഡ്കർകൊനോസി പർവതനിരകളിലെ ഒരു വനത്തിനോട് ചേർന്ന പ്രദേശത്തുനിന്നാണ് 340,000 ഡോളർ വിലമതിക്കുന്ന ഒരു നിധി ശേഖരം ലഭിച്ചത്. 598 സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, പുകയില ബാഗുകൾ എന്നിവയാണ് നിധി ശേഖരത്തിലുണ്ടായിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. ഇവ ഈസ്റ്റ് ബൊഹീമിയ മ്യൂസിയത്തിന് കൈമാറി. ഇവയുടെ ആകെ ഭാരം ഏകദേശം 15 പൗണ്ട് ആണ്.
നാണയങ്ങൾക്ക് നൂറു വർഷത്തിലേറെ പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. 1921 ന് ശേഷം കുഴിച്ചിട്ടതായിരിക്കാമെന്നാണ് കരുതുന്നത്. ഫ്രാൻസ്, ബെൽജിയം, ഓട്ടോമൻ സാമ്രാജ്യം, മുൻ ഓസ്ട്രിയ-ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള കറൻസിയും ഇതിൽ ഉൾപ്പെടുന്നു. യുഗോസ്ലാവിയയിൽ ഉപയോഗിക്കുന്നതിനായി അച്ചടിച്ച നാണയങ്ങളാണ് ഇതെന്നും സൂചനകളുണ്ട്.
ഫെബ്രുവരിയിലാണ് നിധി കണ്ടെത്തിയതെങ്കിലും, കഴിഞ്ഞ ആഴ്ചയാണ് മ്യൂസിയം ഉദ്യോഗസ്ഥർ വിവരങ്ങൾ പരസ്യമാക്കിയത്. “നിധി വിശകലനം ചെയ്യുകയാണ്, 7.5 ദശലക്ഷം ചെക്ക് ക്രൗൺ (2.87 കോടി രൂപ) വിലമതിക്കുന്നതാണ് ഇതെന്നാണ് പ്രാഥമിക കണക്ക്’‐ മ്യൂസിയത്തിലെ പുരാവസ്തു വിഭാഗം മേധാവി മിറോസ്ലാവ് നൊവാക് പറഞ്ഞു.
നിധി എങ്ങനെയാണ് പർവത പ്രദേശത്ത് എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലത്ത് നാസികൾ കുഴിച്ചിട്ടതാകാം ഇതെന്നും കരുതുന്നു. ചെക്ക് നിയമപ്രകാരം, പർവതാരോഹകർക്ക് നിധിയുടെ മൂല്യത്തിന്‍റെ 10 ശതമാനം ലഭിക്കും.