Connect with us

Articles

മിസൈലുകളല്ല പരിഹാരം

ഗസ്സ കൂട്ടക്കുരുതിക്ക് പകരം ചോദിക്കുകയാണ് ഞങ്ങളെന്നും ഫലസ്തീൻ ശാന്തമാകാതെ അടങ്ങില്ലെന്നും ഹൂതികൾ പ്രഖ്യാപിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ അത് ആവേശകരമായി തോന്നാം. പക്ഷേ ആത്യന്തികമായി മേഖലയെ കൂടുതൽ അശാന്തമാക്കുകയും കൂടുതൽ രാജ്യങ്ങളെ ആയുധക്കളിയിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന നഷ്ടക്കച്ചവടത്തിലാണ് ഹൂതികൾ ഏർപ്പെട്ടിരിക്കുന്നത്.

Published

|

Last Updated

യമൻ കേന്ദ്രീകരിച്ച് സായുധ ആക്രമണങ്ങൾ നടത്തുന്ന ഹൂതി വിമതരെ നേരിടാൻ അമേരിക്കയും യൂറോപ്യൻ യൂനിയനും നേരിട്ടിറങ്ങിയിരിക്കുകയാണ്. ചെങ്കടലിൽ അന്തർ ദേശീയ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണം ആഗോള വ്യാപാര മേഖലയിലെ പ്രധാന ആശങ്കയായി മാറിയ സാഹചര്യത്തിലാണ് അമേരിക്കൻ ചേരി ഒന്നാകെ ഇളകിയിരിക്കുന്നത്. ഹൂതി ആയുധ കേന്ദ്രങ്ങൾക്ക് നേരെയെന്ന പേരിൽ യമനിൽ യു എസും കൂട്ടാളികളും നടത്തുന്ന വ്യോമാക്രമണം, ആഭ്യന്തര യുദ്ധത്തിൽ തകർന്നടിഞ്ഞ യമനിൽ കൂടുതൽ ദുരന്തം വിതക്കുകയാണ്.
നവംബർ മുതൽ, ഹൂതികൾ കുറഞ്ഞത് 45 കപ്പലുകൾ ആക്രമിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇത് ഷിപ്പിംഗ് ചെലവിൽ ഏകദേശം 250 ശതമാനം വർധനവിന് കാരണമാകുകയും ചരക്ക് കപ്പലുകളിൽ 70 ശതമാനം ചെങ്കടൽ വഴിയുള്ള യാത്ര ഒഴിവാക്കുകയും ചെയ്തു.

ഗസ്സ കൂട്ടക്കുരുതിക്ക് പകരം ചോദിക്കുകയാണ് ഞങ്ങളെന്നും ഫലസ്തീൻ ശാന്തമാകാതെ അടങ്ങില്ലെന്നും ഹൂതികൾ പ്രഖ്യാപിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ അത് ആവേശകരമായി തോന്നാം. പക്ഷേ ആത്യന്തികമായി മേഖലയെ കൂടുതൽ അശാന്തമാക്കുകയും കൂടുതൽ രാജ്യങ്ങളെ ആയുധക്കളിയിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന നഷ്ടക്കച്ചവടത്തിലാണ് ഹൂതികൾ ഏർപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ തിരക്കിട്ട ഹൂതിവിരുദ്ധ സൈനിക നീക്കം ഇക്കാര്യം അടിവരയിടുന്നു. ഇസ്‌റാഈലിനെ സഹായിക്കാൻ മേഖലയിൽ യു എസ് നടത്തുന്ന സൈനിക സന്നാഹത്തിന് ന്യായീകരണമൊരുക്കാനും സയണിസ്റ്റുകളുടെ അധിനിവേശ ഭീകരതയിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് യമനിലേക്ക് ഇടതടവില്ലാതെ അയക്കുന്ന മിസൈലുകൾ. ഫലസ്തീനെ കുറിച്ചെന്ന പോലെ യമനിനെയോർത്തും മനസ്സു വേദനിക്കുന്നു. ഹൂതികൾ അടക്കമുള്ള വിമത ഗ്രൂപ്പുകളെ ആ ജനത സഹിച്ചു. പിന്നെ, സഊദിയുടെ ഹൂതിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായുള്ള ഉഗ്ര സ്‌ഫോടനങ്ങൾ. ഇപ്പോൾ ചെങ്കടലിന്റെ പേരിൽ പാശ്ചാത്യ ആക്രമണവും.

ബൈഡന്റെ തിരുത്ത്

ആക്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൂതികളെ സ്‌പെഷ്യലി ഡസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് ഗ്രൂപ്പ് (പ്രത്യേകമായി നേരിടേണ്ട ആഗോള ഭീകര സംഘടന- എസ് ഡി ജി ടി) ആയി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. കഴിഞ്ഞ മാസം 16 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
ഡിസംബർ മുതൽ തന്നെ “ഓപറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ’ എന്ന പേരിൽ അന്താരാഷ്ട്ര സൈനികനീക്കത്തിന് അമേരിക്ക നേതൃത്വം നൽകുകയും യമന് നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം യൂറോപ്യൻ യൂനിയൻ “ആസ്‌പൈഡ്‌സ്’ എന്ന പേരിൽ നാവിക സേനാ ഓപറേഷനും തുടങ്ങി. ഇതിന് പിറകേയാണ് എസ് ഡി ജി ടി പ്രഖ്യാപനം. അമേരിക്കക്ക് ഇത്തരത്തിൽ നിരവധി പട്ടികകളുണ്ട്. ഭീകരവാദം, ആഗോള ഭീകരവാദം, അത്യന്തം ഗുരുതര തീവ്രവാദം, ആഗോള തിന്മ തുടങ്ങിയ പദപ്രയോഗങ്ങൾ. അപ്പപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ഇവയെടുത്ത് പയറ്റും. സഊദിയെയും യു എ ഇയെയും പ്രീണിപ്പിച്ച് ഇസ്‌റാഈലുമായി ഔപചാരിക ബന്ധത്തിലേക്ക് വലിച്ചിഴക്കാൻ ഉറക്കമിളച്ച് നടന്ന കാലത്ത് ഡൊണാൾഡ് ട്രംപ് ഹൂതികൾക്ക് നൽകിയ “പദവി’ വിദേശ ഭീകര സംഘടന (ഫോറിൻ ടെററിസ്റ്റ് ഓർഗനൈസേഷൻ- എഫ് ടി ഒ) എന്നായിരുന്നു. ഇറാനുമായുള്ള ആണവ കരാർ ചീന്തിയെറിയുകയും ചെയ്തു ട്രംപ്. എന്നാൽ ജോ ബൈഡൻ പ്രസിഡന്റായപ്പോൾ ഹൂതികളെ എഫ് ടി ഒ പട്ടികയിൽ നിന്ന് നീക്കി. ഹൂതികൾ ഒറ്റയടിക്ക് ‘പ്രാദേശിക സ്വാതന്ത്ര്യ പോരാളി’കളായി. ഇറാനുമായുള്ള ആണവ കരാർ പുനഃസ്ഥാപിക്കുമെന്ന് ബൈഡൻ പ്രഖ്യാപിക്കുകയും ചെയ്തു. ഹൂതികൾ ആയുധം താഴെവെച്ചത് കൊണ്ടോ, ഇറാൻ എല്ലാ ഗൂഢ ലക്ഷ്യങ്ങളും ഉപേക്ഷിച്ച് മര്യാദ കൈകൊണ്ടതിനാലോ ആയിരുന്നില്ല ആ നയം മാറ്റം. മറിച്ച് അറബ് രാജ്യങ്ങളിൽ നിന്ന് തന്ത്രപരമായ അകലം പാലിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. അതിനിടക്ക് കഴിഞ്ഞ മാർച്ചിൽ ഇറാനും സഊദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുകയും ഹൂതികളും സഊദി അറേബ്യയും യു എ ഇയും തമ്മിലുള്ള ശത്രുതയിൽ ഗണ്യമായ കുറവ് വരികയും ചെയ്തു. പക്ഷേ, ഹൂതികൾ ചെങ്കടലിൽ ഇടപെടാൻ തുടങ്ങിയതോടെ സ്ഥിതി മാറി. അവരുൾപ്പെട്ട പട്ടികയും. ഇസ്‌റാഈൽ വല്ലാതെ ഒറ്റപ്പെടുകയും സഊദിയടക്കമുള്ളവ മുമ്പൊരിക്കലും ഇല്ലാത്ത വിധം ഫലസ്തീൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരത്തിനായി വാദിക്കുകയും ചെയ്യുമ്പോൾ അനുനയ സ്വരത്തിലേക്ക് ബൈഡൻ തിരിച്ചെത്തിയിരിക്കുകയാണ്.

വെളുക്കാൻ തേച്ചത്…

ഹൂതികൾക്കുള്ള വിദേശ സഹായത്തിന്റെ വേരറുക്കുകയും സംയുക്ത സൈനിക നീക്കം ശക്തമാക്കുകയുമാണ് എസ് ഡി ജി ടി പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ ലക്ഷ്യമായി യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറയുന്നത്. എന്നാലിത് കള കളയാൻ മരുന്നടിച്ചിട്ട് വിള കരിഞ്ഞുപോകുന്ന പോലുള്ള പരിപാടിയാണ്. ഹൂതികൾക്ക് യു എസിൽ നിന്നോ യൂറോപ്യൻ യൂനിയൻ അംഗ രാജ്യങ്ങളിൽ നിന്നോ കാര്യമായി ഫണ്ട് ലഭിക്കുന്നില്ല. പ്രാദേശികവും സാധാരണയിൽ നിന്ന് വ്യത്യസ്തവുമായ ഫണ്ടിംഗ് സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഹൂതികൾ പ്രവർത്തിക്കുന്നത്. ഇറാൻ ഒഴികെയുള്ള അയൽക്കാരിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും അവർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല. പിന്നെയുള്ളത് ആഭ്യന്തര സ്രോതസ്സുകളാണ്. ഹൂതികൾ നിയന്ത്രിക്കുന്ന മേഖലകളിലെ കമ്പനികൾക്കും വ്യക്തികൾക്കും അന്യായ നികുതി ചുമത്തുന്നുണ്ടത്രേ. നഷ്ടപരിഹാരം കൂടാതെ ഭൂമി, റിയൽ എസ്റ്റേറ്റ്, ഫണ്ടുകൾ എന്നിവയുൾപ്പെടെ സ്വകാര്യ സ്വത്ത് പിടിച്ചെടുക്കുന്നുവെന്നും ആരോപണമുയരുന്നുണ്ട്. ഏതായാലും കാര്യമായ അന്താരാഷ്ട്ര സ്രോതസ്സുകളെ അവർ ആശ്രയിക്കുന്നില്ല. അതിനാൽ, ഹൂതികളെ ഭീകരസംഘമായി മുദ്രകുത്താനുള്ള തീരുമാനം അതിന്റെ ലക്ഷ്യം നേടിക്കൊള്ളണമെന്നില്ല. എന്നാൽ യമന്റെ ഇപ്പോഴത്തെ നില രൂക്ഷമാക്കാൻ അത് കാരണമായേക്കാം. യമന്റെ അവശ്യ വാണിജ്യ വസ്തുക്കളുടെ ഇറക്കുമതിയെ അത് പ്രതികൂലമായി ബാധിക്കും. ഹൂതി ബന്ധം പറഞ്ഞ് വൻകിട കയറ്റുമതിക്കാർ യമനിലെ ഇറക്കുമതിക്കാരിൽ നിന്ന് അകലും.
വിവിധ എക്‌സിക്യൂട്ടീവ് ഓർഡറുകൾക്കും നിയമങ്ങൾക്കും വിധേയമായി യു എസ് ഡിപാർട്ട്‌മെന്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ആണ് ഇത്തരം ഉപരോധങ്ങൾ നടപ്പാക്കുന്നത്. ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ ‘എസ് ഡി ജി ടി’ ആയി പ്രഖ്യാപിക്കുമ്പോൾ, യു എസ് അധികാരപരിധിയിലുള്ള അവരുടെ ആസ്തികൾ മരവിപ്പിക്കപ്പെടും.
യു എസ് പൗരന്മാർ അവരുമായി ഇടപാടുകളിൽ ഏർപ്പെടുന്നത് വിലക്കും. എന്നുവെച്ചാൽ യമൻ ജനതയെ സഹായിക്കുന്ന ഒരു യു എസ് കോർപറേറ്റ് കമ്പനിയുണ്ടെങ്കിൽ അവർ അതിൽ നിന്ന് പിൻവാങ്ങേണ്ടി വരും. ഉപരോധത്തെ പിന്തുണക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കും വിലക്ക് വരും. യമനിൽ പുനർ നിർമാണ പ്രക്രിയയിൽ ഏർപ്പെട്ട കമ്പനികളും നിർത്തി പോരേണ്ടി വരും. മണി ട്രാൻസ്ഫർ കമ്പനിയായ വെസ്റ്റേൺ യൂനിയൻ യമനിലെ പ്രവർത്തനം താത്കാലികമായി നിർത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. ഹൂതികളെ എസ് ഡി ജി ടിയായി പ്രഖ്യാപിച്ചതോടെ അവരുമായി സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ മാധ്യസ്ഥ്യ രാജ്യങ്ങൾക്ക് പരിമിതികളുണ്ടാകും. സമാധാന ചർച്ചകളുടെ തുടർച്ച നഷ്ടപ്പെടുത്തുന്നതിന് ഇത് വഴിവെക്കും.

ഇതല്ല വേണ്ടത്

ഹൂതികളെ സമാധാനത്തിന്റെ വഴിയിലേക്ക് കൊണ്ടുവരികയോ അവയെ നിയന്ത്രിക്കുകയോ ആണ് ലക്ഷ്യമെങ്കിൽ കൂടുതൽ സമഗ്രവും തന്ത്രപരവുമായ സമീപനം ആവശ്യമാണ്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളും ഗസ്സയിൽ നടക്കുന്ന അതിക്രൂരമായ വംശഹത്യയും തമ്മിലുള്ള ബന്ധം അമേരിക്ക അംഗീകരിച്ചേ തീരൂ. ഇസ്‌റാഈലിനെ നിലക്കുനിർത്തുക മാത്രമാണ് ശരിയായ വഴി. ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ നിലവിൽ വരണം. ഫലസ്തീൻ ജനത ആഗ്രഹിക്കുന്നവരാണ് ഗസ്സ ഭരിക്കേണ്ടത്. അല്ലാതെ നെതന്യാഹു പറയുന്നവരല്ല. ഇസ്‌റാഈൽ അധിനിവേശം അവസാനിക്കാതെ ചെങ്കടൽ മാത്രമല്ല, മേഖലയാകെ ശാന്തമാകില്ല.
ഒപ്പം യമനിൽ വ്യവസ്ഥാപിതമായ രാഷ്ട്രീയ സംവിധാനം നിലവിൽ വരണം. സാമ്രാജ്യത്വ ശക്തികളുടെ വീതം വെപ്പിൽ തകർന്നു പോയ ആ രാജ്യത്തിലെ ജനങ്ങൾക്ക് അവരുടെ സ്വയം നിർണയാവകാശം വിട്ടു കൊടുക്കണം. അങ്ങനെ വന്നാൽ ഹൂതികൾ താനേ അടങ്ങിക്കൊള്ളും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest