Connect with us

Education Notification

എം ജി, കാലിക്കറ്റ് സർവകലാശാല; ഓൺലൈൻ പി ജി, യു ജി ചെയ്യാം

പരീക്ഷകൾ നേരിട്ടും ഓൺലൈനായും എഴുതാം.

Published

|

Last Updated

എം ജി, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ പി ജി, യു ജി പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. യു ജി സി അംഗീകാരമുള്ള പ്രോഗ്രാമുകൾക്ക് റെഗുലർ പ്രോഗ്രാമുകളുമായി തുല്യതയുമുണ്ട്. ഓൺലൈനായാണ് ക്ലാസ്സുകൾ നടക്കുക. പരീക്ഷകൾ നേരിട്ടും ഓൺലൈനായും എഴുതാം.

കാലിക്കറ്റ് സർവകലാശാല

എ, ബി എന്നിങ്ങനെ രണ്ട് സ്‌കീമുകളുണ്ട്. ക്ലാസ്സുകൾ ഓൺലൈനായും പരീക്ഷ നേരിട്ട് കോളജുകളിലും നടത്തുന്ന രീതിയാണ് സ്‌കീം എ.

ക്ലാസ്സുകളും പരീക്ഷയും പൂർണമായി ഓൺലൈനിൽ തന്നെ നടത്തുന്ന രീതിയാണ് സ്‌കീം ബി.
യു ജി പ്രോഗ്രാമുകൾക്ക് ഒരു സെമസ്റ്ററിൽ 2,625 രൂപയാണ് ഫീസ്. ഇതിനു പുറമെ പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ളവ ഉണ്ടാകും. സ്‌കീം എയിലെ പി ജി പ്രോഗ്രാമുകൾക്ക് 4,200 രൂപയാണ് ഒരു സെമസ്റ്ററിലെ ഫീസ്. ഇതിന് പുറമെ പരീക്ഷാ ഫീസ് ഉൾപ്പെടെ ഉണ്ടാകും. സ്‌കീം ബി, എം കോം പ്രോഗ്രാമുകൾക്ക് ഫീസ് 5,000 രൂപക്ക് മുകളിലാണ്.

കൂടുതൽ വിവരങ്ങൾക്ക് https://cdoe.uoc.ac.in വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ അഞ്ച്. 630 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പട്ടിക വിഭാഗക്കാർക്ക് 265 രൂപ.

യു ജി പ്രോഗ്രാമുകൾ

ബി എ സോഷ്യോളജി ഓണേഴ്‌സ്, ബി എ ഹിസ്റ്ററി ഓണേഴ്‌സ് എന്നിവയാണ് യു ജി പ്രോഗ്രാമുകൾ. നാല് വർഷമാണ് ദൈർഘ്യം. മൂന്നാം വർഷം യു ജി ബിരുദവുമായി വേണമെങ്കിൽ പുറത്തുപോകാം. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.

പി ജി പ്രോഗ്രാമുകൾ

എം എ സോഷ്യോളജി/ ഹിസ്റ്ററി/ പൊളിറ്റിക്കൽ സയൻസ്. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദം. ഒ ബി സി, ഒ ഇ സി വിഭാഗത്തിന് അഞ്ച് ശതമാനം മാർക്കിൽ ഇളവുണ്ട്.
എം എ ഇക്കണോമിക്സ്: ഇക്കണോമിക്സിലോ അനുബന്ധ വിഷയങ്ങളിലോ 50 ശതമാനം മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിലൊന്നിൽ 70 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബി കോം ബിരുദമാണ് യോഗ്യത. ഒ ബി സി, ഒ ഇ സി വിഭാഗത്തിന് അഞ്ച് ശതമാനം മാർക്കിൽ ഇളവുണ്ട്.

എം എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ: അറബിക് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

എം കോം ഫിനാൻസ്: 45 ശതമാനം ബി കോം/ ബി ബി എ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒ ബി സി, ഒ ഇ സി വിഭാഗത്തിന് അഞ്ച് ശതമാനം മാർക്കിൽ ഇളവുണ്ട്.

എം ജി സർവകലാശാല

https://cdoeadmission.mgu.ac.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 1,000 രൂപയാണ് അപേക്ഷാഫീസ്. പട്ടിക വിഭാഗക്കാർക്ക് 500 രൂപ. അവസാന തീയതി ഈ മാസം 30. ക്ലാസ്സുകളും അസൈൻമെന്റുകളും പരീക്ഷകളും ഓൺലൈനായി നടക്കും.

യു ജി പ്രോഗ്രാമുകൾ

ബി കോം ഓണേഴ്‌സ്, ബി ബി എ ഓണേഴ്‌സ്, ബി എ പൊളിറ്റിക്കൽ സയൻസ് ഓണേഴ്‌സ് എന്നിവയാണ് യു ജി പ്രോഗ്രാമുകൾ. 15,000 രൂപയാണ് ഒരു സെമസ്റ്ററിലെ ഫീസ്. പട്ടിക വിഭാഗക്കാർക്ക് 20 ശതമാനം ഫീസ് ഇളവുണ്ട്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.

പി ജി പ്രോഗ്രാമുകൾ

എം കോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ): ബി കോം/ബി ബി എ/ബി ബി എം ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ഒരു സെമസ്റ്ററിലെ ഫീസ്.

എം ബി എ (എച്ച് ആർ എം, ഫിനാൻസ് ആൻഡ് മാർക്കറ്റിംഗ്): 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 25,000 രൂപയാണ് ഒരു സെമസ്റ്ററിലെ ഫീസ്.
എം എ ഇംഗ്ലീഷ്: 45 ശതമാനം മാർക്കോടെ ഇംഗ്ലീഷ് ബിരുദമോ 50 ശതമാനം മാർക്കോടെ സയൻസ്/ സോഷ്യൽ സയൻസ്/ ഭാഷ/ ഓറിയന്റൽ വിഷയം ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 18,000 രൂപയാണ് ഒരു സെമസ്റ്ററിലെ ഫീസ്.

എം എ ഇക്കണോമിക്സ്: 45 ശതമാനം മാർക്കോടെ ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ കോ-ഓപറേഷൻ ആൻഡ് ബേങ്കിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 18,000 രൂപയാണ് ഒരു സെമസ്റ്ററിലെ ഫീസ്.

Content Highlights:
MG and Calicut Universities invited applications for UGC approved online UG and PG courses under CDOE. Calicut University offers Scheme A and B options with deadline September 5. MG University online program admissions close on August 30.

---- facebook comment plugin here -----

Latest