Connect with us

Uae

മെട്രോ വികസന പ്രവർത്തനങ്ങൾ സജീവം; ശൈഖ് മുഹമ്മദ് വിലയിരുത്തി

14 സ്റ്റേഷനുകളുള്ള, 30 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബ്ലൂ ലൈൻ പദ്ധതി.

Published

|

Last Updated

ദുബൈ | ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണ പ്രവർത്തനങ്ങൾ നഗരത്തിൽ സജീവമായി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അടുത്തിടെ ഒരു മെട്രോ സ്റ്റേഷൻ സന്ദർശിച്ച് വികസന, പ്രവർത്തന ജോലികൾ വിലയിരുത്തിയിരുന്നു. ശൈഖ് മുഹമ്മദ് മെട്രോ പ്ലാറ്റ്ഫോമിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും സൗകര്യങ്ങൾ നേരിട്ട് നിരീക്ഷിക്കുന്ന ദൃശ്യം ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ)യാണ് പങ്കുവെച്ചത്.

14 സ്റ്റേഷനുകളുള്ള, 30 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബ്ലൂ ലൈൻ പദ്ധതി. സാമ്പത്തികവും സാമൂഹികവും സുസ്ഥിരവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്നതും “20 മിനിറ്റ് നഗരം’ എന്ന ദർശനത്തെ പിന്തുണക്കുന്നതുമാണ് ഇത്. മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ, അഞ്ച് ഭൂഗർഭ സ്റ്റേഷനുകളും ഈ ലൈനിൽ ഉൾപ്പെടുന്നു.

അക്കാദമിക് സിറ്റിയിൽ ഗതാഗത മാറ്റങ്ങൾ

നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ അക്കാദമിക് സിറ്റിയിൽ താത്കാലിക ഗതാഗത മാറ്റങ്ങൾ ഏർപ്പെടുത്തുമെന്ന് ആർ ടി എ അറിയിച്ചു. ഇവിടെ ജർമൻ ഇന്റർനാഷണൽ സ്‌കൂളിന്റെ ഇരുവശത്തുമുള്ള 63-ാം സ്ട്രീറ്റ് അടച്ചിടും. കൂടാതെ ശൈഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലേക്കുള്ള പ്രവേശനവും തടയും. ദുബൈയിലെ ജർമൻ ഇന്റർനാഷണൽ സ്‌കൂളിലേക്ക് പോകുന്നവർക്ക് മറ്റ് വഴികൾ ഉപയോഗിക്കാവുന്നതാണ്.

മിർദിഫിൽ താത്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് ആർ ടി എ നേരത്തെ അറിയിച്ചിരുന്നു. നിർമാണം നടക്കുന്ന മേഖലയിലൂടെ വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും തടസ്സങ്ങൾ ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ആർ ടി എ നിർദേശിച്ചിട്ടുണ്ട്.

 

 

Latest