National
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം; അന്ത്യശാസനം നൽകി കേന്ദ്രം
ഇന്നും നാളെയും മെറ്റയുടെ ആഗോള തലവൻമാർ ഇന്ത്യൻ ഐ ടി മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ന്യൂഡൽഹി | ഫേസ്ബുക്കിൽ (Facebook) നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ (Meta) മേധാവി മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് അന്ത്യ ശാസനം നൽകി കേന്ദ്ര ഐ ടി പാർലമെന്ററി സമിതി. രാജ്യത്തെ സാങ്കേതികവിദ്യ (Technology News) നിയമങ്ങൾ കർശനമായി പാലിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണെന്ന് സമിതി വ്യക്തമാക്കി. മാപ്പ് പറഞ്ഞില്ലെങ്കിൽ ഐ ടി നിയമത്തിലെ (IT Act) സെക്ഷൻ 79 (3) പ്രകാരം മെറ്റയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ റദ്ദാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ജൂലൈ 23 ന് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ ആണ് ഫേസ്ബുക്കിൽ നിന്ന് അഞ്ച് മണിക്കൂറോളം നീക്കം ചെയ്തത്. സാങ്കേതിക തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്ന മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം വ്യക്തമാക്കി.

ഇന്നും നാളെയും മെറ്റയുടെ ആഗോള തലവൻമാർ ഇന്ത്യൻ ഐ ടി മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM), ഡീപ്പ്ഫേക്ക് (Deepfake) വീഡിയോകൾ, എ ഐ (AI) നിർമ്മിത വ്യാജ ഉള്ളടക്കങ്ങൾ എന്നിവ തടയുന്നതിൽ പ്ലാറ്റ്‌ഫോമിനുണ്ടായ വീഴ്ചകളും യോഗത്തിൽ പ്രധാന ചർച്ചയാകും. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി ജെ പി എം പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചു. ഇന്ത്യയിൽ നിന്ന് വലിയ വരുമാനം ഉണ്ടാക്കുന്ന കമ്പനി രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
കൂടാതെ വ്യാജ നിക്ഷേപ ആപ്പുകൾ വഴി 48 ലക്ഷം രൂപ തട്ടിയ കേസിൽ ഗൂഗിൾ ഇന്ത്യ മേധാവിക്കെതിരെ ഹൈദരാബാദ് സൈബർ പോലീസ് സ്വീകരിച്ച നടപടികളും സമിതി വിലയിരുത്തി. സാമ്പത്തിക തട്ടിപ്പുകൾക്ക് അവസരമൊരുക്കുന്ന ടെക് കമ്പനികൾക്കെതിരെ സമാനമായ കർശന നടപടികൾ വേണമെന്നും നിർദേശമുയർന്നു. മെറ്റ പ്രതിനിധികൾക്ക് പുറമെ ഗൂഗിൾ, എക്സ്, സ്നാപ്പ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായും ഐ ടി മന്ത്രാലയം ചർച്ചകൾ നടത്തിവരികയാണ്.
Content Highlights:
India’s IT panel gave Meta CEO Mark Zuckerberg a 3-day ultimatum to apologize for removing PM Modi’s Facebook video. If he fails, Meta could lose its legal immunity under the IT Act. The government is also questioning Meta over deepfakes and child sexual abuse material on their platforms.





