Connect with us

From the print

മദ്റസകള്‍ക്കൊപ്പം മനസ്സുകളും തുറക്കപ്പെടട്ടെ

തന്റെ മക്കള്‍ക്ക് ശരിയായ മതവിജ്ഞാനം പകര്‍ന്നു നല്‍കുക എന്നത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. 'സത്യവിശ്വാസികളേ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക' (സൂറത്ത് അത്തഹ്‌രീം) എന്ന ഖുര്‍ആനിക കല്‍പ്പന പ്രകാരം, മക്കളെ ധാര്‍മിക ബോധമുള്ളവരാക്കി വളര്‍ത്തുക എന്ന ഉത്തരവാദിത്വം ഓരോ രക്ഷിതാവിനുമുണ്ട്. ആ ദൗത്യ നിര്‍വഹണം സാധ്യമാക്കുന്നതില്‍ മദ്റസകള്‍ക്ക് വലിയ ഇടമുണ്ട്.

Published

|

Last Updated

ഒരു മതസമൂഹമെന്ന നിലയില്‍ പുതിയ തലമുറയുടെ സാംസ്‌കാരികാധപതനം കേരളീയ മുസ്ലിം സമൂഹത്തെ തുറിച്ചുനോക്കുന്നുണ്ട്. മതവിശ്വാസത്തോടും ആചാരങ്ങളോടുമുള്ള ലിബറല്‍ സമീപനം വ്യാപകമായിരിക്കുന്നു. വസ്ത്രധാരണത്തിലും മതം അനുശാസിക്കുന്ന ലിംഗ വിഭജനത്തിലും നിയമങ്ങളെ പൂര്‍ണമായി അവഗണിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ഉത്തരവാദിത്വങ്ങള്‍ വിസ്മരിക്കുകയും അവകാശങ്ങള്‍ക്കായി കയര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മാതാപിതാക്കള്‍ ശല്യമാകുകയും വിവാഹവും സന്താനപരിപാലനവുമെല്ലാം ‘അടിമത്ത’ത്തിലേക്കുള്ള വാതിലുകളായും മാറിയിരിക്കുന്നു.

ജനറേഷന്‍ മാറ്റമെന്ന് നിര്‍വചിക്കുമ്പോഴും മതമൂല്യങ്ങളെ പരിഗണിക്കുന്നവര്‍ക്കും നിരാകരിക്കുന്നവര്‍ക്കുമിടയിലുള്ള വ്യത്യാസമെന്താണ്? ഖുര്‍ആന്‍ ഉയര്‍ത്തുന്ന മറുചോദ്യമാണ് അതിനുള്ള ഉത്തരം. ‘അറിവുള്ളവരും ഇല്ലാത്തവരും തുല്യരാകുമോ?’ (സൂറത്ത് അസ്സുമര്‍: 9). അവര്‍ക്ക് നിഷേധിച്ച മതവിദ്യാഭ്യാസമാണ് മൂല്യങ്ങളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അവരെ അകറ്റിയത്. ഭൗതിക വിദ്യാഭ്യാസത്തിന് നല്‍കുന്ന അമിത പ്രാധാന്യവും സോഷ്യല്‍ മീഡിയ രൂപപ്പെടുത്തിയ മുന്‍ഗണനകളുമാണ് നമ്മെ കുഴിയില്‍ വീഴ്ത്തിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വ്യവസ്ഥാപിതമായ മദ്റസാ സംവിധാനമാണ് കേരളത്തിലുള്ളത്. പാഠ്യപദ്ധതിയും ഭൗതിക സൗകര്യങ്ങളും നാള്‍ക്കുനാള്‍ മെച്ചപ്പെടുന്നു. എന്നാല്‍ അവിടെ നിന്ന് കരഗതമാക്കുന്ന വിജ്ഞാന വെളിച്ചത്തിന്റെ വില മനസ്സിലാക്കുന്നതില്‍ നാം വീണ്ടും തോറ്റുകൊണ്ടിരിക്കുന്നു. ‘ഒരാള്‍ വിദ്യ തേടിക്കൊണ്ട് ഒരു പാതയിലൂടെ സഞ്ചരിച്ചാല്‍, അതുവഴി അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള പാത എളുപ്പമാക്കിക്കൊടുക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലിം) എന്ന തിരുവചനം കേവലം ആലങ്കാരികമല്ല. ആ വഴിയില്‍ നിന്ന് നിഷ്‌ക്രമിക്കുന്നതാണ് മതമൂല്യങ്ങളില്‍ നിന്ന് അകലാനുള്ള കാരണമെന്ന് തിരിച്ചറിയാനാകണം. അതുവഴി സ്വര്‍ഗത്തില്‍ നിന്ന് അകലുകയാണെന്നും മനസ്സിലാക്കണം.

തന്റെ മക്കള്‍ക്ക് ശരിയായ മതവിജ്ഞാനം പകര്‍ന്നു നല്‍കുക എന്നത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. ‘സത്യവിശ്വാസികളേ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക’ (സൂറത്ത് അത്തഹ്‌രീം) എന്ന ഖുര്‍ആനിക കല്‍പ്പന പ്രകാരം, മക്കളെ ധാര്‍മിക ബോധമുള്ളവരാക്കി വളര്‍ത്തുക എന്ന ഉത്തരവാദിത്വം ഓരോ രക്ഷിതാവിനുമുണ്ട്. ആ ദൗത്യ നിര്‍വഹണം സാധ്യമാക്കുന്നതില്‍ മദ്റസകള്‍ക്ക് വലിയ ഇടമുണ്ട്. ഐഹിക നേട്ടങ്ങള്‍ക്കായി മതപഠനം മാറ്റിവെക്കുകയോ വിലകുറച്ചു കാണുകയോ ചെയ്യുന്നത് ഈ ബാധ്യതയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. മദ്റസകളില്‍ പുതിയ അധ്യയന വര്‍ഷം നാളെ ആരംഭിക്കുകയാണ്. സുഗമമായ മതപഠനത്തെ തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങളെ നാം വിലയിരുത്തി പരിഹാരം കാണണം. നേരത്തേ വരുന്ന സ്‌കൂള്‍ ബസ്സുകള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കണം. ട്യൂഷന്‍ ക്ലാസ്സുകളുടെ സമയവും സ്വഭാവവും പുനഃക്രമീകരിക്കണം. ഓണ്‍ലൈന്‍ ക്ലാസ്സുകളും സ്‌കൂളുകളിലെ മതപഠനവും ഉപായം കൊണ്ട് ഓട്ടയടക്കലാണ്. അത് പര്യാപ്തമായ ബദലല്ല എന്നു തന്നെ.