Connect with us

mathew kuzhalnadan

മാസപ്പടിയിലെ യഥാര്‍ഥ പ്രതി പിണറായി വിജയനാണെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍

സി എം ആര്‍ എല്ലിന് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് ആരോപണം

Published

|

Last Updated

തിരുവനന്തപുരം | സി എം ആര്‍ എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍എ. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവ് വേണം എന്നായിരുന്നു സി എം ആര്‍ എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സി എം ആര്‍ എല്‍ അപേക്ഷ നല്‍കി. ജില്ലാ സമിതിക്ക് മുന്നില്‍ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്റെ മുഖ്യപങ്കും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ പോലും പ്രശ്‌നം ഉന്നയിക്കാന്‍ അവസരം നല്‍കുന്നില്ല. പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും വെല്ലുവിളിക്കുന്നു. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സി എം ആര്‍ എല്ലിനെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. തോട്ടപ്പള്ളിയിലെ ഖനനം സി എം ആര്‍ എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40,000 കോടി രൂപയുടെ മണല്‍ ഖനനം ചെയ്തു. തോട്ടപ്പള്ളിയില്‍ സി എം ആര്‍എല്‍ പ്രമോട്ടറായ കെ ആര്‍ ഇ എം എല്‍ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്.

ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂ പരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് തേടി കെ ആര്‍ ഇ എം എല്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ആദ്യം റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ഇ എം എല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നല്‍കി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സി എം ആര്‍ എല്‍ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവ് വേണം എന്നായിരുന്നു ആവശ്യം.

ടൂറിസം, സോളാര്‍ പദ്ധതികള്‍ക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സി എം ആര്‍ എല്‍ അപേക്ഷ നല്‍കി. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂണ്‍ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

Latest