Connect with us

Kerala

പത്തുവര്‍ഷം മുമ്പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ നിര്യാതനായി

അന്ന് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയമെത്തിച്ചത് ഹെലികോപ്റ്ററില്‍.

Published

|

Last Updated

തൃശൂര്‍ | പത്തുവര്‍ഷം മുമ്പ് ഹൃദയം മാറ്റിവെച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍ നിര്യാതനായി. 57 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന അച്ചാടന് 2015 ജൂലൈ 24-നാണ് 47-ാം വയസ്സില്‍ ഹൃദയം മാറ്റിവെച്ചത്.

തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യുവിന് വെച്ചത്. അന്ന് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു. അവയവദാനവും അതിനുളള സാഹചര്യങ്ങളും സൗകര്യങ്ങളും കാര്യമായി ലഭ്യമല്ലാതിരുന്ന കാലത്ത് ശസ്ത്രക്രിയക്കായി ഹൃദയം നാവികസേനയുടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്നത് വലിയ വാര്‍ത്തയായിരുന്നു. 2015-ലാണ് മാത്യു അച്ചാടനെ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ്‌കമരണം സംഭവിച്ച യുവ അഭിഭാഷകന്‍ നീലകണ്ഠ ശര്‍മയുടെ ഹൃദയം മാത്യുവിന്റെ ശരീരത്തിലേക്ക് മാറ്റിവെക്കാന്‍ തീരുമാനമാവുകയായിരുന്നു.

ഹൃദയം റോഡിലൂടെ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് എത്തിക്കുകയെന്നത് മുന്നിലെ പ്രതിസന്ധിയായി. ഇതോടെ അന്നത്തെ എം എല്‍ എ. ഹൈബി ഈഡന്‍ വഴി ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടു. പിറ്റേന്ന് രാവിലെ പതിനൊന്നോടെ ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ നല്‍കാന്‍ നേവി തീരുമാനിക്കുകയായിരുന്നു. 35 മിനുട്ട് കൊണ്ട് ഹൃദയം കൊച്ചിയില്‍ എത്തിച്ചു. കേരളത്തില്‍ വ്യോമമാര്‍ഗമുളള ആദ്യ അവയവം എത്തിക്കലായിരുന്നു അത്.

 

Latest