From the print
എ എ പി. എം പിമാരുടെ ബി ജെ പി ലയനത്തിന് അംഗീകാരം
വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് എ എ പി.
ന്യൂഡല്‍ഹി | എ എ പി വിട്ട രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള ഏഴ് എം പിമാരുടെ ബി ജെ പി ലയനത്തിന് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അംഗീകാരം നല്‍കി. രാഘവ് ഛദ്ദക്ക് പുറമെ സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, രജീന്ദര്‍ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മാലിവാള്‍ എന്നിവരുടെ ബി ജെ പി ലയനത്തിനാണ് അംഗീകാരം നല്‍കിയത്. രാജ്യസഭയിലെ എ എ പി അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധിക്കില്ലെന്നാണ് വാദം.
അതേസമയം, പാര്‍ട്ടി വിട്ട എം പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ എ പി. എം പി സഞ്ജയ് സിംഗ് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ ലയനം പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിഗണിക്കാതെയാണ് ലയനത്തിന് രാജ്യസഭാ ചെയര്‍മാന്‍ അംഗീകാരം നല്‍കിയത്. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് എ എ പി.
ബി ജെ പി അംഗസംഖ്യ 113
ലയനത്തിന് അംഗീകാരം നല്‍കിയതോടെ രാജ്യസഭയിലെ ബി ജെ പി അംഗങ്ങളുടെ എണ്ണം 113 ആയി. എ എ പിയുടെ അംഗബലം പത്തില്‍ നിന്ന് മൂന്നായി കുറഞ്ഞു.
പുതിയ കണക്കുകള്‍ പ്രകാരം 245 അംഗ രാജ്യസഭയില്‍ എന്‍ ഡി എയുടെ അംഗബലം 148 ആയി. എ ഐ എ ഡി എം കെ- അഞ്ച്, ജെ ഡി യു- നാല്, എന്‍ സി പി- നാല്, ടി ഡി പി, ശിവസേന), യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി (ലിബറല്‍)- (രണ്ട് വീതം), ആര്‍ എല്‍ ഡി, ജെ ഡി എസ്, എ ജി പി, ആര്‍ പി ഐ (അത്താവാലെ), രാഷ്ട്രീയ ലോക് മോര്‍ച്ച (ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി), എം എന്‍ എഫ്, എന്‍ പി പി, പി എം കെ (ഒന്ന് വീതം) സ്വതന്ത്ര രാജ്യസഭാ എം പി കാര്‍ത്തികേയ ശര്‍മ, നാമനിര്‍ദേശം ചെയ്യപ്പെട്ട ഏഴ് അംഗങ്ങള്‍ എന്നിവരുടെ പിന്തുണയാണ് എന്‍ ഡി എക്കുള്ളത്. ഈ വര്‍ഷാവസാനം ഒഴിവുവരുന്ന 30 സീറ്റിലെ സാധ്യത കൂടി പരിഗണിച്ചാല്‍ എന്‍ ഡി എക്ക് മൂന്നില്‍രണ്ട് ഭൂരിപക്ഷ സംഖ്യയായ 163 തൊടാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.




