From the print
ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആദ്യവിമാനം 30ന് കൊച്ചിയില്‍ നിന്ന്
കോഴിക്കോട് നിന്ന് 14 മുതല്‍ 17 വരെ.
മലപ്പുറം | ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും.
ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് ഏഴിന് കൊച്ചിയില്‍ നടക്കും. കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി ഇത്തവണ 13,194 മലയാളി തീര്‍ഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്. കൊച്ചിയില്‍ നിന്ന് 7,943 പേരും കണ്ണൂരില്‍ നിന്ന് 4,279 പേരും കോഴിക്കോട് നിന്ന് 944 പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമെ ലക്ഷദ്വീപ് (107), പോണ്ടിച്ചേരി (39), തമിഴ്നാട് (263), കര്‍ണാടക (239), ഉത്തര്‍പ്രദേശ് (അഞ്ച്), മഹാരാഷ്ട്ര (രണ്ട്), തെലങ്കാന (രണ്ട്) തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും കേരളത്തിലെ കേന്ദ്രങ്ങള്‍ വഴിയാണ് യാത്ര തിരിക്കുന്നത്.
ആദ്യവിമാനം 30ന് കൊച്ചിയില്‍ നിന്നും ഉച്ചക്ക് 2.10ന് 430 തീര്‍ഥാടകരുമായി യാത്രയാകും. ഫ്‌ലൈനാസ് എയര്‍ലൈന്‍സാണ് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. 430 പേരുടെ 20 സര്‍വീസുകളാണുള്ളത്. ഇതില്‍ 30 മുതല്‍ അടുത്തമാസം എട്ട് വരെ 17 നോര്‍മല്‍ (40 മുതല്‍ 45 വരെ ദിവസം) സര്‍വീസുകളും 17 മുതല്‍ 19 വരെ മൂന്ന് ഷോര്‍ട്ട് ഹജ്ജ് (25 ദിവസം) സര്‍വീസുകളുമാണ്. കണ്ണൂര്‍ എംബാര്‍ക്കേഷനില്‍ നിന്നും ആറ് മുതല്‍ 14 വരെ ഫ്‌ലൈ അദീല്‍ എയര്‍ലൈന്‍സ് 350 പേരുടെ 13 സര്‍വീസുകളാണ് നടത്തുന്നത്. കോഴിക്കോട് നിന്ന് ഇത്തവണ ആകാശ എയര്‍ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്. 14 മുതല്‍ 17 വരെ 145 പേരുടെ ഏഴ് സര്‍വീസുകളാണുള്ളത്.
ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിലെ പ്രധാന ആകര്‍ഷണം ഹജ്ജ് കമ്മിറ്റി പുതുതായി അവതരിപ്പിച്ച ‘ഷോര്‍ട്ട് ഹജ്ജ്’ പാക്കേജാണ്. 25 ദിവസത്തിനുള്ളില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ കഴിയുന്ന ഈ സൗകര്യം പ്രവാസികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ പ്രയോജനകരമാകും. കേരളത്തില്‍ കൊച്ചി എംബാര്‍ക്കേഷന്‍ വഴി മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇത്തവണയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മൂന്ന് ഘട്ടങ്ങളിലായുള്ള സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ ഹാജിമാര്‍ക്കായി സംഘടിപ്പിച്ചു. തീര്‍ഥാടകരുടെ സുരക്ഷക്കും സഹായത്തിനുമായി സ്മാര്‍ട്ട് വാച്ച്, ഹജ്ജ് സുവിധ ആപ്പ് എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഓരോ 150 തീര്‍ഥാടകര്‍ക്കും ഒരു സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ കൂടെയുണ്ടാകും. കണ്ണൂരിലെ ഹജ്ജ് ക്യാമ്പ് സൗകര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയും ഹജ്ജ് ഹൗസ് നിര്‍മാണത്തിനായി അഞ്ച് കോടിയും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ചെയര്‍മാനായും അഡ്വ. പി മൊയ്തീന്‍ കുട്ടി ജനറല്‍ കണ്‍വീനറായും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റിലേക്കുമായി സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. കണ്ണൂരില്‍ അംഗം പി പി മുഹമ്മദ് റാഫി, കൊച്ചിയില്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ, കോഴിക്കോട്ട് അഷ്‌കര്‍ കോറാട് എന്നിവരെ കണ്‍വീനര്‍മാരായി ഹജ്ജ് കമ്മിറ്റി ചുമതലപ്പെടുത്തി. സബ് കമ്മിറ്റി കണ്‍വീനര്‍മാരായി കഴിഞ്ഞ പ്രാവശ്യത്തെ സംഘാടകസമിതി തന്നെ തുടരും. കോഴിക്കോട് ഹജ്ജ് സെല്‍ ഓഫീസറായി കെ കെ മൊയ്തീന്‍കുട്ടി, കൊച്ചി സെല്‍ ഓഫീസറായിവൈ ഷമീര്‍ഖാന്‍, കണ്ണൂര്‍ സെല്‍ ഓഫീസറായി നജീബ് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. യു അബ്ദുല്‍ കരീമിനെ ഹജ്ജ് ക്യാമ്പ് സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍കുട്ടി, അഷ്‌കര്‍ കോറാട്, പി അബ്ദുര്‍റഹിമാന്‍ ഇണ്ണി, ഹജ്ജ് നോഡല്‍ ഓഫീസര്‍ പി കെ അസ്സയിന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




