Connect with us

Kerala

മാറാട് കലാപം: എ.കെ. ബാലന്റെ വിവാദപരാമര്‍ശത്തെ പിന്തുണച്ച് പിണറായി വിജയന്‍

കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം| യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ്ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണ്. നേരത്തെ ചിത്രം വ്യത്യസ്ഥമായിരുന്നു. അതാണ് എ കെ ബാലന്‍ ഓര്‍മ്മിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാറാട് കലാപത്തിനുശേഷം അന്നത്തെ മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിച്ചിരുന്നു. പ്രദേശത്ത് എത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നിലപാടെടുത്തു. അന്ന് ആര്‍എസ്എസിന്റെ അനുവാദം വാങ്ങിയാണ് പ്രദേശത്തേക്ക് പോയത്. എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം ഒരു നിലപാടെടുത്തത്. അതാണ് യുഡിഎഫിന്റെ രീതി, യുഡിഎഫ് വര്‍ഗീയതയെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം. വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിനായില്ല. ഇന്നും കേരളത്തില്‍ വര്‍ഗീയ ശക്തികളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് കാരണം. യുഡിഎഫ് വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന സാഹചര്യമാണ് എ കെ ബാലന്‍ ചൂണ്ടിക്കാട്ടിയതതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.