Connect with us

National

യുപിയില്‍ മദ്യപാനം തടഞ്ഞതിന് ഭാര്യയെ യുവാവ് ചുട്ടുകൊന്നു

ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത് യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Published

|

Last Updated

ലക്‌നോ| യുപിയിലെ ബുഡൗണില്‍ മദ്യപാനം തടഞ്ഞതിന് ഭാര്യയെ യുവാവ് ചുട്ടുകൊന്നു. ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത് യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മുനീഷ് സക്‌സേന എന്ന യുവാവാണ് ഭാര്യ ഷാനോ (40)യെ ജീവനോടെ ചുട്ടുകൊന്നത്.

മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു. മുനീഷിന്റെ അമ്മ മുന്നി ദേവിയുടെ കൈക്കാണ് പൊള്ളലേറ്റത്. പ്രതി മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ചാണ് മുനീഷ് വീട്ടിലെത്തിയത്. ഇതേചൊല്ലി ഭാര്യ പ്രതിയുമായി വഴിക്കിട്ടിരുന്നു. വീണ്ടും മദ്യപിക്കാന്‍ ഒരുങ്ങിയപ്പോള്‍ യുവതി തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്ക് രൂക്ഷമായപ്പോള്‍ പ്രതി തന്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് ഷാനോയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ദമ്പതികളുടെ മക്കളായ സണ്ണി (8), അര്‍ജുന്‍ (5) എന്നിവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് ഷാനോയെയും മുന്നിദേവിയെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഷാനോയെ രക്ഷിക്കാനായില്ല. നിലവില്‍ മുനീഷ് സക്സേന ഒളിവിലാണ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.