National
ഐ പാക് കേസ്: മമതയുടെ ഇടപെടൽ ജനാധിപത്യത്തിന് ഭീഷണി; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകൾ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്നും കോടതി
ന്യൂഡൽഹി | പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നടപടികൾ ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഐ പാക് ഓഫീസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിനെതിരെയാണ് കോടതി രംഗത്തെത്തിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകൾ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.

ജനുവരി എട്ടിന് ഐ പാക് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധനയ്ക്കിടെ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി തടസ്സമുണ്ടാക്കിയെന്നാണ് ഇ ഡിയുടെ പരാതി. റെയ്ഡ് നടന്ന സ്ഥലത്ത് മുഖ്യമന്ത്രി നേരിട്ടെത്തിയതും ഡിജിറ്റൽ തെളിവുകളടക്കം കൊണ്ടുപോയതും നിയമലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “നാളെ നിങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും സമാനമായ രീതിയിൽ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇത്തരം അന്വേഷണങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്താൽ നിങ്ങളുടെ നിലപാട് എന്തായിരിക്കും?” എന്ന് കോടതി മമതയുടെ അഭിഭാഷകനോട് ചോദിച്ചു.
ഇ ഡി ഉദ്യോഗസ്ഥർ കേന്ദ്ര ഏജൻസിയുടെ ഭാഗമാണെങ്കിലും അവർക്ക് മൗലികാവകാശങ്ങളുണ്ടെന്നും അവർക്കെതിരെയുള്ള അതിക്രമങ്ങൾ ഗൗരവകരമാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാന സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണ ഏജൻസികളെ തടയുന്നത് “മോബോക്രസി” (ജനക്കൂട്ടാധിപത്യം) ആണെന്നും ഇ ഡി ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ സുപ്രീം കോടതിയെ സമീപിക്കുന്നത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന മമത ബാനർജിയുടെ വാദങ്ങൾ കോടതി മുഖവിലയ്ക്കെടുത്തില്ല. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി സൂചിപ്പിച്ചു.
Summary
The Supreme Court of India expressed severe displeasure over West Bengal CM Mamata Banerjee’s alleged interference in ED raids at the I-PAC office, stating it puts democracy in jeopardy. The court questioned the legal implications of a Chief Minister obstructing a central agency’s investigation and seizing evidence. This legal standoff highlights growing tensions between the West Bengal government and central investigative agencies.





