Connect with us

Uae

ഇനി മിനിറ്റുകൾക്കുള്ളിൽ ഒമാനിലെത്താം! യുഎഇ - ഒമാൻ റെയിൽ പദ്ധതിയുടെ 40 ശതമാനം ജോലികളും പൂർത്തിയായി

അബുദാബിയിൽ നിന്ന് സുഹാറിലേക്ക് എത്താൻ ഇനി വെറും 1 മണിക്കൂർ 40 മിനിറ്റ് മാത്രം മതിയാകും

Published

|

Last Updated

ദുബൈ | യുഎഇയും ഒമാനും തമ്മിലുള്ള യാത്ര സുഗമമാക്കുന്ന സംയുക്ത റെയിൽവേ പദ്ധതിയായ ഹഫീത് റെയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ പുരോഗതി. ആകെ പദ്ധതിയുടെ 40 ശതമാനം ജോലികൾ ഇതിനോടകം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് 2.5 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി.

യുഎഇയിലെ അൽ ഐനെയും ഒമാനിലെ സുഹാർ തുറമുഖത്തെയുമാണ് ഈ റെയിൽ പാത ബന്ധിപ്പിക്കുന്നത്. നിലവിൽ അൽ ഐൻ, അൽ ബുറൈമി, സുഹാർ, വാദി അൽ ജിസി വാലി എന്നിവിടങ്ങളിലായി നാല് പ്രധാന ഇടങ്ങളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 238 കിലോമീറ്റർ നീളമുള്ള പ്രധാന ഇടനാഴിയുൾപ്പെടെ ആകെ 303 കിലോമീറ്റർ നീളത്തിലാണ് റെയിൽ ശൃംഖല ഒരുങ്ങുന്നത്.

യാത്രക്കാർക്കായി മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് ഈ പാതയിൽ സർവീസ് നടത്തുക. ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുണ്ടാകും. റെയിൽവേ യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. അബുദാബിയിൽ നിന്ന് സുഹാറിലേക്ക് എത്താൻ ഇനി വെറും 1 മണിക്കൂർ 40 മിനിറ്റ് മാത്രം മതിയാകും. നിലവിൽ ഇത് 3 മണിക്കൂർ 25 മിനിറ്റോളം എടുക്കുന്ന യാത്രയാണ്. സുഹാറിൽ നിന്ന് അൽ ഐനിലേക്ക് വെറും 47 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും.

അതിർത്തി കടന്നുള്ള ചരക്ക് നീക്കം എളുപ്പമാക്കുന്നതിലൂടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വ്യാവസായിക മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കും. പന്ത്രണ്ടിലധികം പാസഞ്ചർ സ്റ്റേഷനുകൾ, അഞ്ച് പ്രധാന തുറമുഖങ്ങൾ, പതിനഞ്ചിലധികം ചരക്ക് കൈമാറ്റ കേന്ദ്രങ്ങൾ എന്നിവയെ ഈ ശൃംഖല ബന്ധിപ്പിക്കും. റോഡ് മാർഗ്ഗമുള്ള യാത്രകളിലെ ബോർഡർ ക്രോസിംഗ് തിരക്കുകൾ ഒഴിവാക്കാം എന്നതും മനോഹരമായ മരുഭൂമി, മലനിര കാഴ്ച്ചകൾ ആസ്വദിക്കാം എന്നതും യാത്രക്കാർക്ക് ഗുണകരമാകും.

Summary

The Hafeet Rail project, a joint venture between the UAE and Oman, has reached a significant milestone with 40% of the construction now complete. This $2.5 billion railway will connect Al Ain to Sohar, reducing travel time between Abu Dhabi and Sohar to just 1 hour and 40 minutes. With passenger trains reaching speeds of 200 km/h, the project aims to revolutionize cross-border travel and enhance logistics and economic ties between the two nations.

Latest