Connect with us

Uae

ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി

സ്വപ്ന സർവീസിനെ നയിക്കാൻ ആലപ്പുഴക്കാരൻ നിശാദ്

Published

|

Last Updated

അബൂദബി| ഫുജൈറയിൽ നിന്ന് അബൂദബിയിലേക്ക് ഇത്തിഹാദ് യാത്രാ ട്രെയിനുകൾ ഇന്ന് മുതൽ ചരിത്ര സർവീസ് ആരംഭിക്കുമ്പോൾ, അത് ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമാകും. യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവുമായി മലയാളിയായ നിശാദും ഈ ചരിത്രത്തിന്റെ ഭാഗമാകും. ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരായ ഈ 29-കാരൻ ആലപ്പുഴ സ്വദേശിയാണ്.

ഒരു സാധാരണ പ്രവാസിയിൽ നിന്ന് ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിന്റെ നിയന്ത്രണച്ചുമതലയിലേക്ക് നിശാദ് എത്തിച്ചേർന്ന വഴി ഒട്ടും എളുപ്പമായിരുന്നില്ല. 2014ൽ യു എ ഇയിൽ എത്തിയ നിശാദ് ഒരു സ്ഥാപനത്തിൽ കാഷ്യറായിട്ടാണ് പ്രവാസജീവിതം ആരംഭിച്ചത്. പിന്നീട് പെർഫ്യൂമുകൾ വിറ്റും ഹോട്ട്ഡോഗ് സാൻഡ് വിച്ചുകൾ തയ്യാറാക്കിയും ഹോം ഡെലിവറി ജോലികൾ ചെയ്തും കഠിനാധ്വാനത്തിലൂടെ ജീവിതത്തെ മുന്നോട്ടുനയിച്ചു. മാതാപിതാക്കളായ നൗശാദും മാതാവ് ഷീബയും നൽകിയ ഉറച്ച പിന്തുണയാണ് പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ നിശാദിന് കരുത്തായത്. തീരെ ചെറുതെന്ന് തോന്നുന്ന ഈ ജോലികളാണ് തന്നിൽ അച്ചടക്കവും ക്ഷമയും വിനയവും ലക്ഷ്യബോധവും വളർത്തിയതെന്ന് നിശാദ് ഓർക്കുന്നു.

2017 ൽ മോണോ റെയിലിലൂടെയാണ് റെയിൽ ഗതാഗത രംഗത്തേക്ക് പ്രവേശിക്കുന്നത്. ജീവിതം ഒരു കരക്കെത്തിയെന്ന് കരുതിയപ്പോഴാണ് കൊവിഡ് പ്രതിസന്ധി വില്ലനായത്. എന്നാൽ അവിടെയും തളരാതെ ദുബൈ ട്രാമിന്റെയും മെട്രോയുടെയും പ്രവർത്തനങ്ങളിൽ പങ്കാളിയായി റെയിൽമേഖലയിലെ തന്റെ കഴിവുകൾ വികസിപ്പിച്ചു. പ്രവർത്തന മികവിലൂടെ കീ ഇൻസ്ട്രക്ടർ, അസസർ പദവികളിലേക്ക് ഉയർന്നു. 2023ൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപറേഷൻസ് ടീം ലീഡറായി ചേരുകയും പിന്നീട് സീനിയർ ടീം ലീഡറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

ഇത്തിഹാദ് റെയിലിലേക്കുള്ള വഴിയിൽ ആദ്യഘട്ടത്തിൽ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. 2020 ൽ ട്രെയിൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും ഇമെയിൽ വിലാസത്തിലെ ചെറിയൊരു പിഴവ് കാരണം അവസരം നഷ്ടമായി. എന്നാൽ പരാജയത്തിൽ പിന്മാറാൻ തയ്യാറാകാതെ വീണ്ടും അപേക്ഷിക്കുകയും 2022 ഓടെ കഠിനമായ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 2024ൽ ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ പദവി നിശാദ് സ്വന്തമാക്കി. കഴിഞ്ഞ വർഷം ട്രെയിൻ ഓപറേഷൻസ് ടീം ലീഡർ, കീ ഇൻസ്ട്രക്ടർ, അസസർ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു.
ഹിബ ഗഫൂറാണ് ഭാര്യ. മകൻ: ഖലീഫ സായിദ്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിൻശാദ് സഹോദരനും നസ്്ലി സഹോദരിയുമാണ്.

Content Highlights:
Alappuzha native Nishad made history as the first Indian captain of UAE’s Etihad Rail passenger train. Starting his career as a cashier and delivery boy, the 29-year-old overcame multiple challenges to reach this elite position. His brother Rinshad also works as a loco pilot for Etihad Freight Rail.