Connect with us

സ്മൃതി

പതിതര്‍ക്ക് സമര്‍പ്പിച്ച ആ ജീവിതം

മഹാത്മാവിന്റെ രാഷ്ട്രീയ പണിപ്പുരയിൽ ഒരേയൊരു "ആറ്റംബോംബേ' ഉണ്ടായിരുന്നുള്ളൂ. അതു മറ്റൊന്നുമല്ല, സത്യഗ്രഹമായിരുന്നു.

Published

|

Last Updated

ആരായിരുന്നു ഗാന്ധിജി? ഒരു നാടിന്റെ രാജാവോ ചക്രവർത്തിയോ? പ്രസിഡന്റോ പ്രധാനമന്ത്രിയോ? ലോകം അറിയുന്ന മഹാകവിയോ മഹാസാഹിത്യകാരനോ? രാജ്യാതിർത്തികൾക്കപ്പുറം കീർത്തി നേടിയ പണ്ഡിതശ്രേഷ്ഠനോ ആത്മീയ ആചാര്യനോ? ഇതൊന്നുമല്ലാത്ത മോഹൻദാസ് കരൺചന്ദ്, യഥാർഥത്തിൽ ആരാണ്?
തന്റെ ജീവിതം പതിതരായ ഒരു ജനതക്കായി സമർപ്പിച്ച് അധികാരത്തിന്റെ നാലയലത്ത് പോലും നിൽക്കാൻ ആഗ്രഹിക്കാതെ ഒരു തുറന്ന പുസ്തകം പോലെ ജീവിതം മാലോകരുടെ മുന്നിൽ തുറന്നുവെച്ച് കടന്നുപോയ മജ്ജയും മാംസവുമുള്ള ഒരു സാധാരണ മനുഷ്യൻ.

അദ്ദേഹത്തെ ലോകം ബഹുമാനാദരങ്ങളോടെ ഉറക്കെ വിളിച്ചു “മഹാത്മാവ്’. ഇന്ത്യയെപ്പോലെ ഒരു മൂന്നാംലോക രാജ്യത്ത് ജനിച്ച് ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യയിലെയും അരികുവത്്കരിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത ജനകോടികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച്, അവസാനം ഒരു വംശീയവാദിയുടെ വെടിയുണ്ടകളേറ്റ് രക്തസാക്ഷിയായ “ഒരാൾ’, ആയിരം ആണ്ടിനിപ്പുറം അന്യഗ്രഹങ്ങളിൽ പോലും ജീവിച്ചിരിക്കാൻ ഇടയില്ല. മോഹൻദാസ് കരൺചന്ദ് ഗാന്ധി 78 വർഷവും നാല് മാസവും അഥവാ 28,600 ദിവസങ്ങളാണ് ജീവിച്ചത്. അതിൽ ഏകദേശം 18,000 മുതൽ 20,000 ദിവസങ്ങൾ വരെ അദ്ദേഹം ചെലവിട്ടത് നാടിനും നാട്ടുകാർക്കും വേണ്ടിയാണ്.

ദക്ഷിണാഫ്രിക്കയിലെ 21 വർഷക്കാലത്തേതുൾപ്പെടെ തന്റെ ജീവിതത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പൊതുസേവനത്തിനും സമരങ്ങൾക്കും ജനങ്ങൾക്കു വേണ്ടിയുള്ള യാത്രകൾക്കും ആശ്രമ ജീവിതത്തിനും പത്രപ്രവർത്തനത്തിനും ലേഖനങ്ങൾ എഴുതാനുമാണ് ഗാന്ധിജി ഉപയോഗപ്പെടുത്തിയത്. ബാല്യകാലം, ലണ്ടനിലെ പഠനകാലം, ദക്ഷിണാഫ്രിക്കയിലെ ആദ്യകാല കുടുംബജീവിതം എന്നിവ മാത്രമാണ് വ്യക്തിപരമായ കുടുംബ അന്തരീക്ഷത്തിൽ അദ്ദേഹത്തിന് ലഭിച്ചത്. വെറും 8000 മുതൽ 10,000 ദിവസങ്ങളാണ് തന്റെ ആയുസ്സിൽ ഗാന്ധിജി അച്ഛനമ്മമാർക്കൊപ്പവും സഹധർമിണിക്കും മക്കൾക്കുമൊപ്പവും ചെലവിട്ടത്.

ഗാന്ധി ജയിൽവാസം അനുഭവിച്ചത് 2,338 ദിവസങ്ങളാണ്. ഏകദേശം ആറ് വർഷവും അഞ്ച് മാസവും. ദക്ഷിണാഫ്രിക്കയിൽ 249 ദിവസം. ഏകദേശം ഏഴ് മാസം. ഇന്ത്യയിൽ 2,089 ദിവസം. ഏകദേശം അഞ്ച് വർഷവും ഒന്പത് മാസവും. ഇത്രയും കാലം ഒരു നാടിന്റെ സ്വാതന്ത്ര്യത്തിനും ഒരു ജനതയുടെ മോചനത്തിനും ജയിലിലടക്കപ്പെട്ട മോഹൻദാസിനെ “മഹാത്മ’ എന്നല്ലാതെ മറ്റെന്താണ് സുഭാഷ്ചന്ദ്ര ബോസ് വിളിക്കേണ്ടത്? 1908 ജനുവരി 10ന് ജോഹന്നാസ്ബർഗിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ അറസ്റ്റ്.

ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായുള്ള ഏഷ്യാറ്റിക് രജിസ്‌ട്രേഷൻ ആക്ടിനെതിരെയുള്ള സത്യഗ്രഹത്തിന്റെ ഭാഗമായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ ഭരണകൂടത്തിന്റെ വംശീയ നയങ്ങൾക്കെതിരെ നടത്തിയ സമരങ്ങളുടെ ഭാഗമായി നാല് തവണയാണ് ഗാന്ധിജി ജയിൽശിക്ഷ അനുഭവിച്ചത്. “യംഗ് ഇന്ത്യ’ പത്രത്തിൽ സാമ്രാജ്യത്വത്തിനെതിരെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യമിട്ട് ലേഖനങ്ങൾ എഴുതിയതിനെ രാജ്യദ്രോഹക്കുറ്റമായി ചാപ്പകുത്തി 1922ൽ ആറ് വർഷത്തേക്കാണ് ബ്രിട്ടീഷുകാർ ഗാന്ധിജിയെ ജയിലിലടച്ചത്. യെർവാഡയിലെ കൽത്തുറുങ്കിൽ പൂട്ടിയിട്ട അദ്ദേഹത്തെ ആരോഗ്യ കാരണങ്ങളാൽ 1924ൽ ജനകീയ ആവശ്യത്തെ മുൻനിർത്തി ജയിൽ മോചിതനാക്കി.

ഏകദേശം രണ്ട് വർഷമാണ് അദ്ദേഹത്തിന്റെ ജീവിതപുസ്തകത്തിൽ നിന്ന് ആ ജയിൽവാസം ചീന്തിയെടുത്തത്. ഉപ്പുസത്യഗ്രഹത്തിന്റെ പ്രതീകമായി നടന്ന ദണ്ഡിയാത്രക്കു ശേഷം 1930 മെയ് മാസത്തിൽ ഗാന്ധിജി വീണ്ടും അറസ്റ്റിലായി. തുടർന്ന് 1932, 1933 കാലഘട്ടങ്ങളിൽ വട്ടമേശ സമ്മേളനങ്ങൾക്ക് ശേഷമുള്ള നിയമലംഘന സമരങ്ങളുടെ ഭാഗമായി പലതവണ അദ്ദേഹത്തിന് യെർവാഡ ജയിലിൽ കഴിയേണ്ടി വന്നു. 1942 ആഗസ്റ്റ് ഒന്പതിന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ ഗാന്ധിജിയെ പൂെനയിലെ ആഗാഖാൻ കൊട്ടാരത്തിലാണ് തടവിൽ പാർപ്പിച്ചത്. 21 മാസം നീണ്ടുനിന്ന ഈ ജയിൽവാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയതും അവസാനത്തേതുമായിരുന്നു.

1939 ഒക്ടോബറിൽ മഹാത്മാ ഗാന്ധിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ അർപ്പിച്ചുകൊണ്ട് എഴുതിയ സന്ദേശത്തിൽ ആൽബർട്ട് ഐൻസ്‌റ്റൈൻ പറഞ്ഞത് മാത്രം മതി ഗാന്ധിജിയുടെ മഹത്വം മനസ്സിലാക്കാൻ. “വരാനിരിക്കുന്ന തലമുറകൾ, രക്തവും മാംസവുമുള്ള ഗാന്ധിജിയെ പോലെ ഒരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്’.

ഗാന്ധിയൻ ചിന്തയുടെ കേന്ദ്രബിന്ദു സത്യമായിരുന്നു. സത്യം അദ്ദേഹത്തിന് ഒരു നൈതിക ഉപദേശം മാത്രമായിരുന്നില്ല. വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും സംശുദ്ധമാക്കാൻ ഗാന്ധിജി അടിസ്ഥാനമാക്കിയ തത്ത്വവും കൂടിയാണ്. സത്യം പറയുക എന്നത് മാത്രമല്ല സത്യത്തിന്റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം വിശ്വസിച്ചു. സത്യത്തെ അന്വേഷിക്കാനും സ്വന്തം ധാരണകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അവ തിരുത്താനും ഗാന്ധിജി സന്നദ്ധനായി.

അനീതിക്കു മുന്നിൽ നോക്കുകുത്തിയാവലല്ല അഹിംസ. അനീതിയെ നേരിടാനുള്ള ധൈര്യത്തോടൊപ്പം എതിരാളിയെ മനുഷ്യനായി കാണാനുള്ള മാനസിക വിശാലത സ്വായത്തമാക്കലാണ് അഹിംസയെന്ന് ഗാന്ധിജി തെളിയിച്ചു. യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും മത – വംശീയ സംഘർഷങ്ങളും രാഷ്ട്രീയ ധ്രുവീകരണങ്ങളും മനുഷ്യജീവനുകൾ വിഴുങ്ങുന്ന കാലമാണിത്. അഭിപ്രായവ്യത്യാസം ശത്രുതയായി മാറാനും, രാഷ്ട്രീയ എതിർപ്പ് വ്യക്തിവൈരമായി വളരാനും അധികസമയം വേണ്ടാത്ത ക്ഷിപ്രകോപികളുടെ യുഗത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ പുനർവായനക്കാണ് ലോകം കൊതിക്കുന്നത്. മറ്റൊരാളെ അപമാനിക്കുന്ന ഭാഷ ഉപയോഗിക്കുമ്പോഴും, വ്യത്യസ്ത അഭിപ്രായമുള്ള ഒരാളെ മനുഷ്യനെന്ന നിലയിൽ നിരസിക്കുമ്പോഴും ഒരു സമൂഹത്തെ മുഴുവൻ ഒരു മുദ്രകൊണ്ട് വിലയിരുത്തുമ്പോഴും അഹിംസയുടെ ആത്മാവിൽനിന്നാണ് നാം അകലുന്നത് – ഗാന്ധിജി പറഞ്ഞു.

മഹാത്മാവിന്റെ രാഷ്ട്രീയ പണിപ്പുരയിൽ ഒരേയൊരു “ആറ്റംബോംബേ’ ഉണ്ടായിരുന്നുള്ളൂ. അതു മറ്റൊന്നുമല്ല, സത്യഗ്രഹമായിരുന്നു. സത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് അനീതിക്കെതിരെ സമാധാനപരമായി പോരാടുക.
സത്യഗ്രഹത്തെ എതിരാളിയെ പരാജയപ്പെടുത്താനുള്ള മാർഗമായല്ല ഗാന്ധിജി കണ്ടത് എതിരാളിയുടെ മനസ്സാക്ഷിയെ ഉണർത്താനുള്ള “ആയുധ’മായാണ്. ജനാധിപത്യം എന്നത് എല്ലാവരും ഒരേ അഭിപ്രായം പറയുന്ന സംവിധാനം മാത്രമല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പക്വമായി പ്രകടിപ്പിക്കാനും ചർച്ച ചെയ്യാനും സാധിക്കുന്ന സംവിധാനവും കൂടിയാണ്. ഗാന്ധിയൻ സത്യഗ്രഹമുറ ജനാധിപത്യ വിയോജിപ്പിന്റെ മാതൃകയാക്കാൻ നമ്മിൽ എത്രപേർക്കു കഴിയും?

ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ വൈവിധ്യമാണ്. ഭാഷകളിലും മതങ്ങളിലും സംസ്‌കാരങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലുമെല്ലാം ഇന്ത്യൻ ബഹുസ്വരത പ്രകടമാണ്. വൈവിധ്യങ്ങളെ വിഭജനത്തിന്റെ കാരണമാക്കാതെ സഹവർത്തിത്വത്തിന്റെ ശക്തിയാക്കൽ വലിയ ഉത്തരവാദിത്വമാണ്.
മതസൗഹാർദത്തെ ഗാന്ധിജി തന്റെ പൊതുജീവിതത്തിലെ പ്രധാന മൂല്യങ്ങളിലൊന്നായി കണ്ടു. മറ്റൊരാളുടെ വിശ്വാസത്തെ അപമാനിക്കാൻ മതത്തെ ഉപയോഗിക്കുമ്പോൾ മതത്തിന്റെ മാനവികതയാണ് നഷ്ടമാകുന്നത് എന്ന ബോധമാണ് ഗാന്ധിജി പ്രചരിപ്പിച്ചത്. ഇന്ത്യയുടെ ഭാവിക്ക് മതസൗഹാർദം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല; സാമൂഹിക നിലനിൽപ്പിന്റെ അനിവാര്യതയാണെന്നും അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയുടെ ചിന്തയിൽ ദരിദ്രനും സാധാരണക്കാരനുമാണ് മുഖ്യസ്ഥാനം. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മനുഷ്യന്റെ ജീവിതത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്ന ചോദ്യമാണ് വികസനത്തിന്റെ യഥാർഥ അളവുകോലായി ഗാന്ധിജി ഉയർത്തിക്കാട്ടിയത്.

ഇന്നത്തെ വികസന കാഴ്ചപ്പാടുകളോട് അതിനെ സമന്വയിപ്പിക്കാൻ സാധിക്കുന്നേടത്താണ് ലോകത്തിന്റെ വിജയം. എല്ലാ വികസനങ്ങളുടെയും ഗുണം ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ എത്തണം. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണം. തൊഴിൽ അന്വേഷിക്കുന്ന ചെറുപ്പക്കാർക്ക് അവസരങ്ങൾ ഉണ്ടാകണം. സാധാരണ കുടുംബങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കണം. സ്ത്രീകൾക്ക് സമൂഹത്തിൽ സുരക്ഷിതത്ത്വവും സാമൂഹികസമത്വവും ലഭ്യമാക്കണം. പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങളെ തുല്യനീതി അനുഭവിപ്പിക്കണം. ഇതെല്ലാം സാധ്യമാകുമ്പോഴാണ് യഥാർഥ പുരോഗതി ആർജിക്കാൻ കഴിയുക എന്ന് ഗാന്ധിജി പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യരാശിയെ ഓർമപ്പെടുത്തി.

ഗാന്ധിജിയുടെ ജീവിതശൈലിയിലെ ഏറ്റവും ശ്രദ്ധേയമായ വശമാണ് ലാളിത്യം. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം വരുമാനത്തിന്റെ പരിധിയിൽ സ്വജീവിതത്തെ പരിമിതപ്പെടുത്താൻ കഴിയുന്ന ലാളിത്യമാണ് ഗാന്ധിജി മുന്നോട്ടു വെച്ചത്. ഗാന്ധിജിയുടെ ലാളിത്യത്തെ ഒരു പഴയകാല ജീവിതശൈലിയായല്ല സുസ്ഥിര ജീവിത ചിന്തയായാണ് പുതുതലമുറ മനസ്സിലാക്കേണ്ടത്. ഗാന്ധിജിയുടെ ജീവിത വീക്ഷണങ്ങൾ വിവിധ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ദാർശനിക കാഴ്ചപ്പാടുകളിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള സമകാലികരുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആശയവ്യത്യാസങ്ങൾ ഇന്ത്യൻ ചരിത്രപഠനത്തിന്റെ സുപ്രധാന ഏടുകളാണ്. എക്കാലത്തേക്കുമുള്ള ഭാവിതലമുറകളോട് ഗാന്ധിജി പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം: വിജയിക്കാൻ മറ്റൊരാളെ പരാജയപ്പെടുത്തേണ്ടതില്ല. വ്യത്യസ്ത അഭിപ്രായമുള്ളവൻ നിങ്ങളുടെ ശത്രുവല്ല. സത്യസന്ധത എളുപ്പമുള്ള വഴിയല്ലെങ്കിലും അതിനാകും ആത്യന്തിക വിജയം.

Content Highlights:
Mahatma Gandhi dedicated two-thirds of his life to public service, spending over 2,300 days in jail for India’s freedom struggle. His core principles of truth, non-violence, and communal harmony remain deeply relevant in today’s divided world. Gandhi’s vision emphasized empowering the poorest individual and living a simple, sustainable life.

 

Latest