editorial
സര്‍ക്കാര്‍ ജോലി രാഷ്ട്രീയക്കാരുടെ ഔദാര്യമല്ല
ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതാ തത്ത്വങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം ഭരണീയരോട് സഹാനുഭൂതിയും കാരുണ്യവും കാണിക്കേണ്ടത്. നിയമത്തെ നോക്കുകുത്തിയാക്കിയല്ല മാനുഷികത പ്രകടിപ്പിക്കേണ്ടത്; നീതിയിലധിഷ്ഠിതമായാണ്.
കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ തമിഴ്‌നാട്ടിലെ വിജയ് സര്‍ക്കാറിന്റെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബര്‍ 27ന് വിജയ്‌യുടെ പാര്‍ട്ടിയായ ടി വി കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മരണപ്പെട്ട 41 കുടുംബങ്ങളിലെ ഓരോ അംഗത്തിനു വീതമാണ് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കിയത്. ഈമാസം ആദ്യവാരത്തില്‍ കരൂര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു പാര്‍ട്ടി അണികളെ പ്രീതിപ്പെടുത്താന്‍ മുഖ്യമന്ത്രി വിജയ്‌യുടെ ജോലി വാഗ്ദാനം. “ഭരണകൂടങ്ങള്‍ക്ക് രാഷ്ട്രീയ താത്പര്യാര്‍ഥം വെറുതെ നല്‍കാനുള്ളതല്ല സര്‍ക്കാര്‍ ജോലി. സര്‍ക്കാര്‍ ജോലിക്ക് അതിന്റേതായ മൂല്യമുണ്ട്. അത് സ്വന്തം പരിശ്രമത്തിലൂടെ നേടിയെടുക്കേണ്ടതാണെ’ന്ന് വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുകയും കഠിന പരിശ്രമം നടത്തുകയും ചെയ്യുന്ന നിരവധി യുവാക്കള്‍ സംസ്ഥാനത്തുണ്ടെന്ന കാര്യം മറക്കരുതെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഓര്‍മിപ്പിച്ചു.
ഭരണഘടനാ തത്ത്വങ്ങളും നിയമപരമായ മാര്‍ഗങ്ങളും അവഗണിച്ച് കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും നല്‍കുന്ന ഭരണാധികാരികള്‍ക്ക് കനത്ത താക്കീതാണ് ഈ കോടതി വിധി. രാഷ്ട്രീയ സഹതാപം പ്രകടിപ്പിക്കാനുള്ള ഉപാധിയായി മാറരുത് സര്‍ക്കാര്‍ ജോലികളും ആനുകൂല്യങ്ങളും. ഭരണഘടനയുടെ അനുഛേദം 16 ഉറപ്പ് നല്‍കുന്ന “പൊതുതൊഴിലവസരങ്ങളിലെ സമത്വ’ത്തിന് കടകവിരുദ്ധമാണിത്. പരീക്ഷകളും ഇന്റര്‍വ്യൂകളും പൂര്‍ത്തിയാക്കി വര്‍ഷങ്ങളോളം ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ മുഖത്തടിയാണ് ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍. രാജ്യത്ത് ഓരോ സര്‍ക്കാര്‍ ജോലിക്കു പിന്നിലും അര്‍ഹരായ നിരവധി യുവാക്കളുടെ പ്രതീക്ഷകളുണ്ട്. അവരുടെ അവകാശങ്ങളെ മറികടന്ന് രാഷ്ട്രീയ-ബാഹ്യ താത്പര്യങ്ങള്‍ക്കായി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് അത് നല്‍കാന്‍ നിയമപരമായി ഒരു ഭരണകൂടത്തിനും അവകാശമില്ല. അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണത്.
ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കേണ്ടതു തന്നെ. അതൊരു മാനുഷിക ഗുണമാണ്. ദുരന്തബാധിത കുടുംബങ്ങള്‍ സഹായം അര്‍ഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി റാലിയുടെ സംഘാടനത്തിലുണ്ടായ അപാകതകളും ശ്രദ്ധക്കുറവും മൂലം സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും സാമ്പത്തിക സഹായം ചെയ്യേണ്ടതും ആ പാര്‍ട്ടിയാണ്. മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപോര്‍ട്ടില്‍, റാലി സംഘടിപ്പിച്ച ടി വി കെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകളും സുരക്ഷാ മാനദണ്ഡങ്ങളില്‍ കാണിച്ച അശ്രദ്ധയുമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉച്ചക്ക് ഒന്നിന് ആരംഭിക്കുമെന്ന് പരസ്യപ്പെടുത്തിയ പരിപാടിയിലേക്ക് മണിക്കൂറുകള്‍ വൈകി രാത്രി ഏഴിനാണ് വിജയ് എത്തിയത്.
ഇത്രയും നേരം കനത്ത ചൂടിലും തിരക്കിലും കാത്തുനില്‍ക്കേണ്ടി വന്നത് പാര്‍ട്ടി അണികളെ ക്ഷീണിതരും അസ്വസ്ഥരുമാക്കിയിരുന്നു. കനത്ത ജനത്തിരക്ക് നിയന്ത്രിക്കാനോ അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനോ ആവശ്യമായ വളണ്ടിയര്‍മാരുമുണ്ടായിരുന്നില്ല. പാര്‍ട്ടിയാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനോ വിനിയോഗിക്കാനുള്ളതല്ല പൊതുഫണ്ട്. അധികാര ദുര്‍വിനിയോഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന് സര്‍ക്കാര്‍ ജോലി എന്ന കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടാല്‍ നാളെ മറ്റു പാര്‍ട്ടിക്കാര്‍ നടത്തുന്ന പരിപാടിയിലോ മറ്റോ അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചാല്‍ അവരുടെ ബന്ധുക്കളും സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് രംഗത്തുവരും, അപ്പോള്‍ നിഷേധിക്കാനാകില്ലെന്ന കോടതി നിരീക്ഷണം തികച്ചും പ്രസക്തമാണ്. സര്‍ക്കാര്‍ നിയമനക്രമം തകിടംമറിക്കുന്ന പ്രവണതയാണിത്. സുതാര്യവും യോഗ്യതയുമായിരിക്കണം സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡം.
വിജയ് സര്‍ക്കാര്‍ നടത്തിയതു പോലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ പല രൂപത്തിലും കേരളത്തിലുള്‍പ്പെടെ നടത്താറുണ്ട്. പി എസ് സി ലിസ്റ്റ് നോക്കുകുത്തിയാക്കി ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ പ്രവര്‍ത്തകരെ വിവിധ തസ്തികകളില്‍ താത്കാലിക ജീവനക്കാരായി നിയമിക്കുകയും പിന്നീട് സ്ഥിരമാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണ്. കേരളത്തില്‍ പലപ്പോഴും വിവാദമായതാണ് ഇത്തരം നിയമനങ്ങള്‍. താത്കാലിക ജീവനക്കാരെ വഴിവിട്ട് സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് 2006ലെ ഉമാദേവി/കര്‍ണാടക കേസില്‍ സുപ്രീം കോടതി വ്യക്തമായി പറഞ്ഞതാണ്. എന്നിട്ടും അത് അവഗണിക്കുകയും അതിനെ മറികടക്കാനുള്ള കുറുക്കുവഴികള്‍ കണ്ടെത്തുകയും ചെയ്യുന്നു ഭരണാധികാരികള്‍.
അധികാര ദുര്‍വിനിയോഗമാണെന്നു മാത്രമല്ല, പതിറ്റാണ്ടുകളോളം പൊതുഖജനാവില്‍ നിന്ന് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാനുള്ള ബാധ്യത സൃഷ്ടിക്കുന്ന നടപടിയുമാണ് ഇത്തരം നിയമനങ്ങള്‍. ഒരു നിയമ പ്രശ്‌നമെന്നതിലുപരി പൊതുപണത്തിന്റെ ഉത്തരവാദിത്വപരമായ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയവുമാണിത്. പൊതുപണം സര്‍ക്കാറിന്റെ സ്വകാര്യ സ്വത്തല്ല, പൊതുസേവനം ഭരണാധികാരികളുടെ ഔദാര്യവുമല്ല. ഓരോ പൗരന്റെയും തുല്യാവകാശമാണിതെല്ലാം.
ഈ അവകാശത്തെ രാഷ്ട്രീയ പ്രചാരണത്തിനോ പാര്‍ട്ടി അണികള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ സഹതാപം പ്രകടിപ്പിക്കാനോ ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണ്. യോഗ്യതക്കു പകരം രാഷ്ട്രീയ ബന്ധങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും അര്‍ഹത ലഭിക്കുമ്പോള്‍ ഭരണ നിര്‍വഹണത്തിന്റെ ഗുണനിലവാരത്തെയും അത് ബാധിക്കും. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതാ തത്ത്വങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം ഭരണീയരോട് സഹാനുഭൂതിയും കാരുണ്യവും കാണിക്കേണ്ടത്. നിയമത്തെ നോക്കുകുത്തിയാക്കിയല്ല മാനുഷികത പ്രകടിപ്പിക്കേണ്ടത്; നീതിയിലധിഷ്ഠിതമായാണ്.
Content Highlights: CJP founder Abhijeet Dipke demanded an immediate end to police action against student protesters. Speaking after returning from Jantar Mantar, he called students the future of the nation and mocked PM Narendra Modi. He warned that students would launch bigger protests if harassed further.



