Kerala
മാടായി കോളജ് നിയമന വിവാദം; സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച് ഡി സി സി
കെ പി സി സി സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് എട്ടുപേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

കണ്ണൂര്‍ | മാടായി കോളജ് നിയമന വിവാദത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ച് കണ്ണൂര്‍ ഡി സി സി.
കെ പി സി സി സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് എട്ടുപേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എം കെ രാഘവന്‍ എം പിക്കെതിരെ പ്രതിഷേധിച്ചവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
എം കെ രാഘവന്‍ എം പി ചെയര്‍മാനായ പയ്യന്നൂര്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളജ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ഭരണ സമിതി കോഴ വാങ്ങി രണ്ട് സി പി എമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
നിയമനത്തിനായുള്ള അഭിമുഖ ദിനത്തില്‍ എം കെ രാഘവനെ തടഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഡി സി സി സസ്പെന്‍ഡ് ചെയ്തിരുന്നത്. നിയമനം പുനപ്പരിശോധിക്കുമെന്ന ഡി സി സി നേതൃത്വത്തിന്റെ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ച് എം കെ രാഘവനെതിരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി.