Connect with us

Kerala

മഅദിന്‍ അക്കാദമിക്ക് കീഴില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന നബിദിന സ്‌നേഹ റാലി നാളെ മലപ്പുറത്ത് നടക്കും

റബീഉല്‍അവ്വല്‍ 12 ന്  പുലര്‍ച്ചെ 2.30 മുതല്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ അഞ്ഞൂറ് സാദാത്തുക്കളുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് മൗലിദ് സദസ്സും നേര്‍ച്ചയും സംഘടിപ്പിക്കും.

Published

|

Last Updated

മലപ്പുറം| പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ മുസ്ലിം സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നബിദിന സന്ദേശ റാലി നാളെ (തിങ്കളാഴ്ച) മലപ്പുറത്ത് നടക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നബിദിന സന്ദേശം നല്‍കും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം 4 ന് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും.

പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്‌ളാഗ്-പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും മഅദിന്‍ അക്കാദമി ജീവനക്കാരും വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരക്കും.

റബീഉല്‍അവ്വല്‍ 12 ന്  പുലര്‍ച്ചെ 2.30 മുതല്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ അഞ്ഞൂറ് സാദാത്തുക്കളുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് മൗലിദ് സദസ്സും നേര്‍ച്ചയും സംഘടിപ്പിക്കും. സലാം ബൈത്, ബുര്‍ദ -മൗലിദ് – ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവക്ക് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. കാല്‍ ലക്ഷം പേര്‍ക്ക് അന്നദാനവും മഹബ്ബ കിറ്റ് വിതണവും നടത്തും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.

Content Highlights:
Ma’din Academy and various Muslim organizations will hold Kerala’s largest Milad-un-Nabi message rally tomorrow in Malappuram. E Sulaiman Musliyar will inaugurate the event, with key messages from Sayyid Ibrahimul Khaleel Al Bukhari. A grand Maulid gathering and feast will follow at Ma’din Grand Masjid.

Latest