Connect with us

Uae

യു എ ഇ യിലെ പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

ഉത്തരവാദിത്തമുള്ള റീട്ടെയിലര്‍ എന്ന നിലയില്‍, പ്രാദേശിക വ്യവസായങ്ങള്‍ക്ക് സുസ്ഥിരമായ ഒരു വിപണി നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നും ലുലു ചെയര്‍മാന്‍ എം എ യൂസുഫ് അലി പറഞ്ഞു

Published

|

Last Updated

അബുദബി |  യു എ ഇ യുടെ 50 മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നു. അബുദബി മുഷ്‌റിഫ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന കാമ്പയിന്‍ അബുദബി അഗ്രിക്കള്‍ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിട്ടി ഡയറക്റ്റര്‍ ജനറല്‍ എഞ്ചിനീയര്‍ സഈദ് അല്‍ ബഹ്രി സലേം അലമേരി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

സംരംഭത്തിന്റെ ഭാഗമായി യു എ ഇ യിലെ പ്രാദേശിക ഫാമുകളുമായും സംഘടനകളുമായും സഹകരിച്ച് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രോത്സാഹിപ്പിക്കും. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും അതിലൂടെ സ്വദേശി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ സഈദ് അല്‍ ബഹ്രി സലേം അലമേരി അഭിനന്ദിച്ചു. ഒരു പ്രാദേശിക സ്ഥാപനമെന്ന നിലയില്‍ സ്ഥലത്തെ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ സഹകരണം ലുലുവിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഉത്തരവാദിത്തമുള്ള റീട്ടെയിലര്‍ എന്ന നിലയില്‍, പ്രാദേശിക വ്യവസായങ്ങള്‍ക്ക് സുസ്ഥിരമായ ഒരു വിപണി നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നും ലുലു ചെയര്‍മാന്‍ എം എ യൂസുഫ് അലി പറഞ്ഞു. അത് വ്യവസായത്തെ സഹായിക്കുക മാത്രമല്ല, യുഎഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യകത്മാക്കി. സിലാല്‍ സി ഇ ഒ ജമാല്‍ അല്‍ സലേം ദാഹേരി, ലുലു സി ഇ ഒ സൈഫി രുപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം എ തുടങ്ങിയവര്‍ പങ്കെടുത്തു.