Connect with us

Story

കൊടിയിറക്കം

വണ്ടിയിലിരുന്ന് ഞങ്ങൾ പരസ്പരം നോക്കി. ഒരു നെടുവീർപ്പിൽ തോരാതെ നിന്ന സങ്കടങ്ങൾ ഉള്ളിലൊതുക്കി ഞങ്ങൾ യാത്ര തുടർന്നു.

Published

|

Last Updated

വണ്ടിയിൽ അച്ഛന്റെ പിറകിലുള്ള സീറ്റിൽ വ്രണിത ഹൃദയരായി ഞങ്ങളിരുന്നു. എത്ര സന്തോഷത്തോടെയാണ് യാത്ര തുടങ്ങിയത്. അല്ലെങ്കിലും മടങ്ങിവരുമ്പോൾ എപ്പഴും പുറപ്പെട്ട ആവേശം ഉണ്ടാകാറില്ല. പലയിടങ്ങളിലും സഞ്ചരിച്ച ക്ഷീണവും ഉറക്കില്ലായ്മയും ഒപ്പം നിരാശയുടെ കനത്ത ഹൃദയഭാരവും. ഞങ്ങളുടെ വിഷമമോ ർത്തിട്ടാകണം അച്ഛൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്. സ്നേഹത്തോടെ ചേർത്തു പിടിക്കുന്ന ഒരച്ഛനുള്ളതാണ് ഭാഗ്യം.

വണ്ടിയിലിരുന്ന് ഞങ്ങൾ പരസ്പരം നോക്കി. ഒരു നെടുവീർപ്പിൽ തോരാതെ നിന്ന സങ്കടങ്ങൾ ഉള്ളിലൊതുക്കി ഞങ്ങൾ യാത്ര തുടർന്നു. കൂടപ്പിറപ്പുകളെ ഓരോ കൈയിലേൽപ്പിക്കുമ്പോൾ അച്ഛൻ അഭിമാനിക്കുന്നതും കണ്ണുകൾ ഒന്നുപിടയുന്നതും കണ്ടിട്ടുണ്ട്. ആ പിടച്ചലിൽ അച്ഛന്റെ മുഴുവൻ സ്നേഹവും ഉണ്ടാകും. കൈകോർത്തുപിടിച്ചും നെഞ്ചോടുചേർത്തും അവർ നടന്നകലുമ്പോൾ ഒരു പുതിയ ജീവിതം ഞങ്ങളും സ്വപ്നം കാണാറുണ്ട്. ഒരാൾ വരും. അവരുടെ ജീവിതത്തിലേക്ക് ചേർത്തു വെച്ചു രാത്രികളിൽ ഉറക്കമിളച്ചും പകൽ കൂട്ടുകൂടിയും കാണാക്കനവുകൾക്ക് നിറം ചാർത്തിത്തരാൻ.

അടുത്തു വന്ന് നിറം നോക്കി, തൊട്ടുനോക്കി, യോഗ്യതകൾ അളന്നു നോക്കി കുന്നോളം ആശകൾ തന്ന് ദാക്ഷിണ്യമില്ലാതെ ഇറങ്ങിപ്പോകുന്നവരെ ശപിക്കാൻ തോന്നാറുണ്ട്. എന്നാൽ അച്ഛൻ പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്യരുതെന്ന്. ക്ഷമയാണ് പ്രധാനം. ജീവിതത്തിൽ സ്വന്തം അവസരം വരും വരെ കാത്തിരിക്കണം. പക്ഷേ, നെഞ്ചിൽ ഖനീഭവിച്ച ദുഃഖത്തിന് കരിങ്കല്ലിന്റെ ഭാരം.
വണ്ടിയിലുള്ളവരെല്ലാം തുല്യ ദുഃഖിതരായതു കൊണ്ട് പരസ്പരം തലോടുകയും എപ്പോഴോ ഉറങ്ങിപ്പോവുകയും ചെയ്തു. പുലരാൻ കിഴക്കൻ മാനം തുടുത്തപ്പോഴാണ് വീട്ടിലെത്തിയത്.

വീടുതുറന്ന് ഞങ്ങളെ അലമാരയിൽ ഒതുക്കിവെക്കുമ്പോൾ അച്ഛൻ പറഞ്ഞു, “നിങ്ങളെ എല്ലാരേയും ഓരോ കൈയിലേൽപ്പിക്കുമെന്നത് അച്ഛന്റെ വാക്കാണ്. കാലം കഴിയുംതോറും മൂല്യം കൂടുന്നവരല്ലേ നിങ്ങൾ’. ഞങ്ങൾ അച്ഛനെ നോക്കി പുഞ്ചിരിച്ചു. ആ ചിരി ഒരുക്കിക്കൊടുത്ത സമാധാനത്തിന്റെ കിടക്കയിൽ കഴിഞ്ഞ കുറേ ദിവസങ്ങളുടെ അലച്ചിൽ ഇറക്കിവെച്ച് അച്ഛൻ കണ്ണടച്ചു കിടന്നു.
പുസ്തകോത്സവ നാളുകളിലെ ഓർമകളയവിറക്കി ഞങ്ങൾ പ്രതീക്ഷയുടെ പുലർവെട്ടത്തിലേക്ക് കൺപാർത്തിരുന്നു.