Connect with us

aathmeeyam

സ്നേഹഭാജനം

സ്നേഹിക്കപ്പെടുന്നവരെ ഒരു നോക്കു കാണാൻ അവസരം ലഭിക്കുമെങ്കിൽ എന്തു ത്യാഗം സഹിക്കാനും കാതങ്ങൾ താണ്ടാനും എത്ര സമ്പത്ത് ചെലവഴിക്കാനും യഥാർഥ പ്രണയി സന്നദ്ധനാകും. കാരണം മനസ്സിൽ ഇരമ്പി ഉയരുന്ന ഇഷ്ടങ്ങളെ ഒതുക്കി വെക്കാൻ ഇശ്ഖുള്ളവന് സാധിക്കില്ല.

Published

|

Last Updated

സ്നേഹമെന്നത് ഏറ്റവും വിശുദ്ധവും സുന്ദരവും അമൂല്യവുമായ വികാരവും വിചാരവുമാണ്. സ്നേഹമെന്ന അതുല്യമായ ഹൃദയവികാരത്തെ കൃത്യമായി നിര്‍വചിക്കാനോ പറഞ്ഞവതരിപ്പിക്കാനോ എഴുതി ഫലിപ്പിക്കാനോ സാധ്യമല്ല. വാക്കുകള്‍ക്കും വർണനകൾക്കും അതീതമാണത്. സ്നേഹത്തെ നിർവചിക്കാൻ പണ്ഡിതരും ആത്മജ്ഞാനികളും കവികളും താത്വികരുമെല്ലാം ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എങ്കിലും അതിനെ ശരിയായ അർഥത്തിൽ നിർവചിക്കാനോ അവതരിപ്പിക്കാനോ ഒരാൾക്കും സാധിച്ചിട്ടില്ലെന്നാണ് ഇമാം ഖുശൈരി(റ) നിരീക്ഷിക്കുന്നത്. സ്നേഹത്തിന്റെ കാരണങ്ങൾ, അനന്തരഫലങ്ങൾ, കുറിമാനങ്ങൾ, സാക്ഷ്യങ്ങൾ, അനുരണനങ്ങൾ, ഫലപ്രാപ്തി എന്നിങ്ങനെ വിശദീകരിക്കുകയല്ലാതെ സ്നേഹത്തിന്റെ സത്തയിലെത്താൻ ആർക്കും സാധിച്ചിട്ടില്ലെന്നാണ് മുഹ് യിദ്ദീൻ ഇബ്നു അറബി(റ)യുടെ അഭിപ്രായം. പരസ്പരമുള്ള സ്‌നേഹ പ്രകടനത്തെ സംബന്ധിച്ച് ഒരിക്കൽ പ്രിയ പത്നി ആഇശ ബീവി(റ) നബി(സ)യോട് ചോദിച്ചപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു: വലിക്കുംതോറും കൂടുതല്‍ മുറുകുന്ന ശക്തമായ ഒരു കെട്ട് പോലെയാണത്.
വിരിഞ്ഞുനിൽക്കുന്ന പൂവിൽ ഒളിഞ്ഞിരിക്കുന്ന മധുവിന്റെ അളവ് അറിയാൻ സസ്യശാസ്ത്രജ്ഞന് കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാൽ തേനീച്ചകൾക്ക് അത് അനായാസം തിരിച്ചറിയാൻ കഴിയും. തേനീച്ചകൾ പൂന്തേൻ തേടി ചുറ്റിസഞ്ചരിക്കുമ്പോൾ ഈച്ചകൾ മാലിന്യങ്ങളിലാണ് അടയിരിക്കുന്നത്.

“സ്നേഹം കാറ്റിനെപ്പോലെയാണ്. കാണാനാകില്ല, അനുഭവിക്കാനേ പറ്റൂ.’ എന്നാണ് പ്രമുഖ ചിന്തകൻ നിക്കോളാസ് സ്പാര്‍ക്ക്സ് പറഞ്ഞത്. സ്നേഹഭാജനത്തെ കണ്‍നിറയെ കാണുക എന്നത് ഏതൊരാളുടെയും ഉൽക്കടമായ ആഗ്രഹമാണ്. സ്നേഹിക്കപ്പെടുന്നവരെ ഒരു നോക്കു കാണാൻ അവസരം ലഭിക്കുമെങ്കിൽ എന്തു ത്യാഗം സഹിക്കാനും കാതങ്ങൾ താണ്ടാനും എത്ര സമ്പത്ത് ചെലവഴിക്കാനും യഥാർഥ പ്രണയി സന്നദ്ധനാകും. കാരണം മനസ്സിൽ ഇരമ്പി ഉയരുന്ന ഇഷ്ടങ്ങളെ ഒതുക്കി വെക്കാൻ ഇശ്ഖുള്ളവന് സാധിക്കില്ല.
പുണ്യറബീഅ് പ്രവാചക പ്രേമികളുടെ പ്രണയാനുരാഗത്തിന്റെയും സ്നേഹവായ്പിന്റെയും ബഹിർ പ്രകടനങ്ങൾ ശക്തിപ്പെടുന്ന മാസമാണ്. ലോകാനുഗ്രഹിയായ തിരുനബി(സ) അനുയായികളെ അതിരറ്റു സ്നേഹിക്കുകയും പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിക്കുകയും അത് പ്രായോഗിക തലത്തില്‍ പ്രതിഫലിപ്പിച്ചു കാണിക്കുകയും ചെയ്ത അതുല്യ നേതാവാണ്. അവിടുന്ന് അനുയായികൾക്കു പതിച്ചു നൽകിയ അനുപമമായ സ്നേഹവായ്പിന്റെ നിര്‍ലോഭമായ പ്രതിഫലനങ്ങൾ അവർ അന്ത്യനാൾവരെ അവിടുത്തേക്ക് തിരിച്ചു നല്‍കിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും ശതകോടികൾ അവിടുത്തെ കാണാന്‍ കൊതിക്കുകയും സ്‌നേഹവായ്പുകൾ സമർപ്പിക്കുകയും അപദാനങ്ങൾ വാഴ്ത്തുകയും ചെയ്യുന്നത്. ഇത്രമേൽ സ്‌നേഹിക്കപ്പെടുന്ന ഒരു വ്യക്തിയും ലോകചരിത്രത്തിൽ ഇതുവരെ ഇടം നേടിയിട്ടില്ല. അതുകൊണ്ടാണ് അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന മൈക്കൽ എച്ച് ഹാർട്ട് “ദ ഹൻഡ്രഡ്: റാങ്കിംഗ് ഓഫ് ദ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ പേഴ്സൻസ് ഇൻ ഹിസ്ട്രി’ എന്ന ഗ്രന്ഥത്തിൽ മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറ് വ്യക്തികളെ പരിചയപ്പെടുത്തിയപ്പോൾ തിരുനബി(സ)ക്ക് പ്രഥമ സ്ഥാനം പതിച്ചു നൽകിയത്.

പ്രപഞ്ചത്തിലെ സകല വസ്തുക്കളേക്കാളും സത്യവിശ്വാസികള്‍ ഏറെ പ്രിയം വെക്കേണ്ടത് അല്ലാഹുവിനെയും അവന്റെ ദൂതനെയുമാണെന്ന് വിശുദ്ധ ഖുർആൻ അസന്ദിഗ്ധമായി പറയുന്നുണ്ട്. പ്രവാചക സ്‌നേഹം അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെയും അനുസരണയുടെയും ഭാഗമാണെന്നു കൂടി ഖുർആൻ കൂട്ടിച്ചേർക്കുന്നു. അല്ലാഹു പറയുന്നു: “(നബിയേ) പറയുക; നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്’ (ആലുഇംറാന്‍: 37).
ഭൗതിക ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വലുതായി തോന്നുന്ന സകലതും പ്രവാചക സ്നേഹത്തിനു മുമ്പിൽ ചെറുതായി മാറണം. പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിനേക്കാളും അല്ലാഹുവിന്റെ റസൂൽ (ദൂതർ) ഏറ്റവും വലിയ മഹ്ബൂബ് (സ്നേഹഭാജനം) ആകുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂർണമാവുന്നത്. അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു: “സ്വന്തം കുടുംബത്തേക്കാളും ധനത്തേക്കാളും സര്‍വ ജനങ്ങളേക്കാളും ഞാൻ അവർക്ക് പ്രിയങ്കരനാകുന്നതു വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല’ (മുസ്‌ലിം). അബ്ദുല്ലാഹിബ്‌നു ഹിശാം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിൽ കാണാം. “ഒരിക്കൽ ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നപ്പോൾ നബി(സ) ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കൈ പിടിച്ചു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എന്നെക്കഴിച്ചാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ അങ്ങാണ്. ഇതു കേട്ട നബി(സ) പറഞ്ഞു: “അങ്ങനെ അല്ല, എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, താങ്കളുടെ ശരീരത്തേക്കാളും താങ്കള്‍ക്ക് ഞാന്‍ പ്രിയങ്കരനാകണം. “ഉമര്‍ (റ) പറഞ്ഞു: “എന്നാല്‍ ഇപ്പോള്‍ അല്ലാഹുവാെണ, അങ്ങ് എനിക്ക് എന്റെ ശരീരത്തേക്കാളും പ്രിയങ്കരനാണ്.’ അപ്പോള്‍ നബി(സ) പറഞ്ഞു: ഉമറേ, ഇപ്പോള്‍ താങ്കളുടെ വിശ്വാസം പൂര്‍ത്തിയായിരിക്കുന്നു’ (ബുഖാരി). “അന്ത്യനാളിനെ കുറിച്ച് തിരക്കിയ അനുചരനോട് അതിനെ വരവേൽക്കാൻ ഒരുക്കി വെച്ച സമ്പാദ്യത്തെ കുറിച്ച് അവിടുന്ന് തിരിച്ച് ചോദിച്ചപ്പോൾ താന്‍ ഏറെ നിസ്കാരങ്ങളും വ്രതവും ദാനധർമങ്ങളുമൊന്നും തയ്യാറാക്കി വെച്ചിട്ടില്ല, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അതിരറ്റ് സ്നേഹിക്കുന്നു എന്ന് മറുപടി പറഞ്ഞു. തത്സമയം തിരുനബി(സ) പറഞ്ഞു: നീ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമാണ്. പ്രസ്തുത സംഭവത്തിന് സാക്ഷിയായവർ ചോദിച്ചു; ഞങ്ങളും അങ്ങനെത്തന്നെയാണോ നബിയേ? അതെ എന്ന മറുപടിയാണ് അവർക്കെല്ലാം ലോക ഗുരു നൽകിയത്. അക്കൂട്ടത്തിലുണ്ടായിരുന്ന മഹാനായ അനസ്(റ) പറയുന്നു: അന്നേ ദിവസം ഞങ്ങള്‍ അത്യധികം സന്തോഷിച്ച ഒരു ദിവസമാണ്’. (ബുഖാരി)

തിരുനബി(സ)യോട് ഏറ്റവും മികച്ച സ്നേഹമുണ്ടാവണമെന്നതിന്റെ കാരണം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു: വിശ്വാസത്തിന്റെ ഒരംശമെങ്കിലും ഹൃദയത്തിലുള്ളവൻ തന്റെ പിതാവിനോടും സന്താനങ്ങളോടും മറ്റുള്ളവരോടും പുലര്‍ത്തേണ്ട ബാധ്യതകളെക്കാള്‍ ഏറെ ശക്തമാണ് അല്ലാഹുവിന്റെ റസൂലിനോടുള്ള കടപ്പാടെന്ന് തിരിച്ചറിയും. കാരണം, നരകാഗ്നിയില്‍ നിന്നുള്ള മോചനത്തിന് അല്ലാഹു നിദാനമാക്കിയത് തിരുദൂതരെയാണ്.
തിരുനബി(സ)യെ തള്ളി പറഞ്ഞ് ഭൂമുഖത്ത് അധിവസിക്കുന്നത് അസഹ്യമാണെന്ന് ബോധ്യപ്പെടുത്തിയ അനേകം സംഭവങ്ങൾ ചരിത്രത്തിലുണ്ട്. മഹാനായ ഖുബൈബ്(റ)നെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയപ്പോൾ അവിടുന്ന് പ്രകടിപ്പിച്ച പ്രവാചക പ്രണയത്തിന്റെ വൈകാരികതയിൽ അവിടെ കൂടി നിന്ന ഖുറൈശികൾ പോലും അമ്പരന്നിട്ടുണ്ട്.
കൊലക്കളത്തിൽ കൈകാലുകൾ രണ്ടും പിന്നോട്ട് ബന്ധിച്ച് ഖുറൈശിപ്പട സൈദ് ബിനു ദസിന(റ)യെ കൊല്ലാനൊരുങ്ങിയപ്പോൾ അചഞ്ചലനായ അനുചരൻ ശത്രുക്കളുടെ മുഖത്തുനോക്കി, തിരുനബി(സ)യുടെ ശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് പോലും സഹിക്കാന്‍ കഴിയില്ലെന്ന് തുറന്നടിച്ച് പ്രകടിപ്പിച്ച പ്രവാചക സ്‌നേഹം ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്.

ഉഹ്ദിലെ പോർക്കളത്തിൽ പ്രിയങ്കരനായ പ്രിയതമനും സ്നേഹ നിധിയായ പിതാവും ആത്മമിത്രമായ സഹോദരനും രക്തസാക്ഷിത്വം വരിച്ച വാർത്ത അറിഞ്ഞ ബനൂദീനാര്‍ ഗോത്രത്തിൽ പെട്ട ഒരു സഹോദരി ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ സങ്കടം കടിച്ചു പിടിച്ച് തിരുനബി(സ)യുടെ സുരക്ഷിതത്വത്തെ കുറിച്ച് തിരക്കിക്കൊണ്ടിരുന്നു. മുത്ത് നബി(സ)യെ സുരക്ഷിതമായി കണ്ടപ്പോൾ സന്തോഷാശ്രു പൊഴിച്ചുകൊണ്ട് അവർ ഇങ്ങനെ പറഞ്ഞു: “ഇല്ല റസൂലേ, ഇല്ല. അങ്ങ് സുരക്ഷിതനാണെങ്കില്‍ ഈയുള്ളവള്‍ക്ക് യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ്.’ (സീറതു ഇബ്‌നുഹിശാം) പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ അനേകം സംഭവങ്ങൾ ലോക ചരിത്രത്തിൽ എക്കാലത്തുമുണ്ടായിട്ടുണ്ട്. തിരുദൂതരോടുള്ള അടങ്ങാത്ത തീവ്രാനുരാഗമാണ് അവരെ അതിന് സന്നദ്ധമാക്കിയത്.

ജീവിതത്തിന്റെ സകല മേഖലകളിലും തിരുനബി(സ്വ)യെ മാതൃകയാക്കുകയും അവിടുത്തെ അപദാനങ്ങൾ പുകഴ്ത്തുകയും നെഞ്ചേറ്റുകയും ചെയ്യുമ്പോഴാണ് ഒരു വിശ്വാസി അനുസരണയുള്ള അനുയായിയാവുന്നത്. അവർക്കാണ് സ്വർഗത്തിൽ മഹാന്മാരോടൊപ്പം ഇടം ലഭിക്കുന്നത്. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച പ്രവാചകന്‍മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും സച്ചരിതരുടെയും കൂടെയാകുമെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. (അന്നിസാഅ്: 69)