Connect with us

from print

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി പി എം സ്ഥാനാര്‍ഥി പട്ടിക 27ന്

സാധ്യതയില്‍ എളമരം മുതല്‍ തോമസ് ഐസക് വരെ

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക പുറത്ത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ച നടത്തി. ഒപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഈ മാസം 21ന് സംസ്ഥാന സമിതി ചേര്‍ന്ന് ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് 27ന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ.

ഇതിനായി ഇന്നും നാളെയും ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് മണ്ഡലങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സ്ഥാനാര്‍ഥി സാധ്യതാ പട്ടിക സംസ്ഥാന സമിതിക്ക് നല്‍കും. ഒപ്പം പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റികളും അടിയന്തരമായി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചും മറ്റ് നിര്‍ദേശങ്ങളും അനുസരിച്ചായിരിക്കും സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനത്തിലേക്കെത്തുക.

നേരത്തേ തിരുവനന്തപുരത്ത് ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. അതേസമയം, സി പി എമ്മിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മുതല്‍ നിലിവലെ രാജ്യസഭാ എം പിയും മുന്‍മന്ത്രിയുമായ എളമരം കരീം വരെ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ ഡോ. തോമസ് ഐസക് തന്നെ മത്സരിക്കാനാണ് സാധ്യത. രാജു എബ്രഹാമും സാധ്യതാ പട്ടികയിലുണ്ട്. ആലപ്പുഴയില്‍ സിറ്റിംഗ് എം പി. എ എം ആരിഫ് തുടരും. ആലപ്പുഴയില്‍ മറ്റൊരു പേര് ഉയര്‍ന്നു വന്നിട്ടില്ല. ആറ്റിങ്ങലില്‍ ജില്ലാ സെക്രട്ടറി വി ജോയ് എം എല്‍ എയുടെ പേര് മാത്രമാണ് പരിഗണിച്ചത്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ പേര് പരിഗണനയിലുണ്ടെങ്കിലും എളമരം കരീമിന്റെ പേരിനാണ് മുന്‍തൂക്കം.

ആലത്തൂരില്‍ കെ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം താത്പര്യക്കുറവ് അറിയിച്ചിട്ടുണ്ട്. ഇവിടെ പി കെ ജമീലയുടെ പേരും പരിഗണനയിലുണ്ട്. പൊന്നാനിയില്‍ മുന്‍മന്ത്രി ഡോ. കെ ടി ജലീലും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, എറണാകുളം, പൊന്നാനി, മലപ്പുറം, ചാലക്കുടി സീറ്റുകളില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല.
കൊല്ലത്ത് മുന്‍ കൊട്ടാരക്കര എം എല്‍ എ ഐഷാ പോറ്റിയുടെ പേരിനാണ് മുന്‍തൂക്കം. വടകരയില്‍ കെ മുരളീധരനെതിരെ മുതിര്‍ന്ന നേതാക്കളെയാണ് പരിഗണിക്കുന്നത്.

പാലക്കാട്ട് എ വിജയരാഘവന്റെയും എം സ്വരാജിന്റെയും പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് പുരോഗമിക്കുന്ന സാഹചര്യത്തില്‍ സ്വരാജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ നേതൃത്വം പുനരാലോചന നടത്തിയേക്കും. കണ്ണൂരിലോ കാസര്‍കോട്ടോ കെ കെ ശൈലജയെ പരിഗണിച്ചേക്കും. കാസര്‍കോട് ടി വി രാജേഷിന്റെയും വിജു കൃഷ്ണന്റെയും പേരുകളാണ ്പരിഗണനയിലുള്ളത്. നിലവില്‍ 15 സീറ്റുകളിലാണ് സി പി എം മത്സരിക്കുക. കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റ് കേരള കോണ്‍ഗ്രസ്സ് എമ്മിന് വിട്ടുനല്‍കിയിരുന്നു.