Connect with us

Bahrain

ലോക കേരള സഭ മേഖലാ സമ്മേളനം ബഹ്റൈനില്‍

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ തിരുവനന്തപുരത്താണ് പരിപാടികള്‍.

Published

|

Last Updated

മനാമ | ലോക കേരള സഭയുടെ ഗള്‍ഫ് മേഖലാ സമ്മേളനം ബഹ്റൈനില്‍ നടന്നേക്കും. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ലോക കേരള സഭ ഡയറക്ടര്‍ കെ വാസുകി വ്യക്തമാക്കി. ലോക കേരള സഭാംഗങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ മെമ്പര്‍ ശരീഫ് കാരശ്ശേരിയുടെ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. നേരത്തെ ഒക്ടോബര്‍ 19 മുതല്‍ 22 വരെ സഊദിയില്‍ മേഖലാ സമ്മേളനം നടത്തുന്നതിന് തയ്യാറെടുപ്പുകള്‍ നടന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയെങ്കിലും ലഭിക്കാത്തതിനാല്‍ സഊദി മേഖലാ സമ്മേളനം നടന്നില്ല. തുടര്‍ന്നാണ് ബഹ്‌റൈനില്‍ സമ്മേളനം നടത്താന്‍ ശ്രമം നടക്കുന്നത്.

ലോക കേരള സഭയുടെ യു എസ് മേഖലാ സമ്മേളനം ജൂണില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്നു ദിവസങ്ങളിലായി നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നിരവധി മന്ത്രിമാരും പങ്കെടുത്തിരുന്നു.

അതിനിടെ, കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളീയം എന്ന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. നവകേരളത്തിന്റെ പുത്തന്‍ സാധ്യതകളെ തിരിച്ചറിയുന്നതിനുള്ള സമഗ്ര ദൗത്യത്തിന് തുടക്കം കുറിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ തിരുവനന്തപുരത്താണ് പരിപാടികള്‍. 25 സെമിനാറുകള്‍, പ്രത്യേക ട്രേഡ് ഫെയറുകള്‍, ട്രൈബല്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബല്‍ ട്രേഡ് ഫെയര്‍, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വനിതാ ട്രേഡ് ഫെയര്‍, പരമ്പരാഗത, സഹകരണ മേഖലകള്‍ക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകള്‍ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

 

Latest