Connect with us

National

മദ്യനയ അഴിമതിക്കേസ്; അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. തിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരണയാലാണെന്നാണ് കെജ്‌രിവാളിന്റെ വാദം.

മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അന്ന് രാത്രി തന്നെ കെജ്രിവാള്‍ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പാസ്വേഡ് ഇഡി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തന്റെ മൊബൈല്‍ ഫോണ്‍ ഡാറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും വിശദാംശങ്ങളും ഇ.ഡിക്ക് ലഭിക്കുമെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി ഡല്‍ഹി മന്ത്രിയും എ എ പി നേതാവുമായ അതിഷി പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സാധ്യതകളെ സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ നടന്നതായി അതിഷി ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും അതിഷി പറഞ്ഞു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി തുടരുകയാണ്. തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. ഭരണ പ്രതിസന്ധി കോടതിയിലെത്തി മറികടക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.