Pathanamthitta
സംസ്ഥാനത്ത് ലൈഫ് പദ്ധതി താളം തെറ്റി; ഗോപിയുടെ കുടുംബത്തിന് വീട് പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പണം നല്‍കണം: രമേശ് ചെന്നിത്തല
ലൈഫ് പദ്ധതിയില്‍ പണംലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെയാണ് ഗോപി ആത്മഹത്യചെയ്തത്

പത്തനംതിട്ട | സംസ്ഥാനത്ത് ലൈഫ് പദ്ധതി താളം തെറ്റിക്കിടക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓമല്ലൂര്‍ പള്ളത്ത് ആത്മഹത്യചെയ്ത ഗോപിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയില്‍ പണംലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെയാണ് ഗോപി ആത്മഹത്യചെയ്തത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥ . എല്ലായിടത്തും ലൈഫ് പദ്ധതിയിലെ വീടുകള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നു. പാതിപൂര്‍ത്തികരിച്ച വീടുകള്‍ നിരവധിയാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നത്. നടപ്പാക്കുന്ന കാര്യത്തില്‍ ആത്മാര്‍ഥത ഇല്ല. എല്ലായിടത്തും നിന്നും പാവങ്ങളുടെ കയ്യില്‍നിന്നും വീടിന് അപേക്ഷ വാങ്ങി. എന്നാല്‍ വീട് കൊടുത്തിട്ടില്ല. 4 ലക്ഷം രൂപ കൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയില്ല. കൂലി, നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധനവ് ഇതൊക്കെ കാരണം വലിയ തുക വേണ്ടി വരുന്നു. ഓമല്ലൂര്‍ പഞ്ചായത്ത് അവരുടെ വിഹിതം നല്‍കിയിരുന്നു. എന്നാല്‍ ഹഡ്കോയുടെയും സര്‍ക്കാരിന്റെയും വിഹിതം നല്‍കിയില്ല. ഇത് ഗൗരവമായി സര്‍ക്കാര്‍ കാണണം.
ഗോപിയുടെ കുടുംബത്തിന് വീട് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പണം നല്‍കണം. ഗോപിയുടെ ഭാര്യയുടെ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവിടെ ക്യഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയാന്‍ തയ്യാകണം. മന്ത്രി കര്‍ഷകരെ ആക്ഷേപിക്കുകയാണ് ചെയ്തത്. കുട്ടനാട്ടില്‍ കര്‍ഷകര്‍ വലിയ പ്രയാസത്തില്‍ കഴിയുകയാണന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് സതീഷ്‌കൊച്ചുപറമ്പില്‍, ആന്റോ ആന്റണി എം പി, പി മോഹന്‍രാജ് രമേശ് ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു