Connect with us

BCCI

ദ്രാവിഡെന്ന് ഉറപ്പിക്കാന്‍ വരട്ടെ; ഇന്ത്യന്‍ ടീമിന് പരിശീലകനെത്തേടി ബി സി സി ഐ പരസ്യം

ബോര്‍ഡിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ദ്രാവിഡ് താത്കാലികമായി സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചിരുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് കോച്ചടക്കം അഞ്ച് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബി സി സി ഐ പരസ്യം ചെയ്തിരിക്കുന്നത്

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താത്കാലിക കോച്ചായി രാഹുല്‍ ദ്രാവിഡ് സ്ഥാനമേറ്റെടുത്തെക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ തസ്തികയിലേക്ക് ആളെത്തേടി ബി സി സി ഐ പരസ്യം. നേരത്തേ, ടി-20 ലോകകപ്പിന് ശേഷം ഒഴിയുന്ന രവിശാസ്ത്രിക്ക് പകരം കോച്ചിനെത്തേടി ബി സി സി ഐ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനില്‍ കുംബ്ലെ, വി വി എസ് ലക്ഷ്മണ്‍ ടോം മൂഡി എന്നിവരെ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് വിവരം ഉണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡിനോട് സ്ഥാനമേറ്റടുക്കണെന്ന് ബി സി സി അഭ്യര്‍ഥിക്കുകയും എന്നാല്‍ ഇത് അദ്ദേഹം നിരസിക്കുകയും ചെയ്തിരുന്നു. താന്‍ ഇപ്പോള്‍ വഹിക്കുന്ന നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് തുടരാനാണ് താത്പര്യം എന്ന് അദ്ദേഹം ബി സി സി ഐയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ദ്രാവിഡ് താത്കാലികമായി സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചിരുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് കോച്ചടക്കം അഞ്ച് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബി സി സി ഐ പരസ്യം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പുരുഷ ടീമിന്റെ ഹെഡ് കോച്ച്, ബാറ്റിംഗ് കോച്ച്, ബോളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച്, നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് സ്‌പോര്‍ട് സയന്‍സ് തലവന്‍ എന്നീ തസ്തികകളിലേക്ക് ആണ് നിയമനം. കോച്ചിന്റെ തസ്തികയിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. രണ്ട് വര്‍ഷത്തേക്ക് ആയിരിക്കും നിയമനം. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും നിയമനം.

മുപ്പത് ടെസ്റ്റ് മത്സരങ്ങളോ അമ്പത് ഏകദിന മത്സരങ്ങളോ കളിച്ചിട്ടുണ്ടാവണം. അതല്ലെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം ഏതെങ്കിലും ദേശീയ ടെസ്റ്റ് ടീമിന്റെ കോച്ചായിരിക്കണം. അതുമല്ലെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലം ഐ പി എല്ലോ സമാനമായ ഏതെങ്കിലും ലീഗുകളിലെ ടീമിന്റേയോ കോച്ചായിരിക്കണം. ബി സി സി ഐ ലെവല്‍ 3 സെര്‍ട്ടിഫക്കറ്റ് ഉള്ളവര്‍ക്കം അപേക്ഷിക്കാം. നിയമനം നടത്തുന്ന ദിവസം 60 വയസ്സിന് താഴെ പ്രായം ആയിരിക്കണം എന്നതാണ് പ്രായം സംബന്ധിച്ച നിബന്ധന.

മറ്റ് സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ മൂന്നാണ്.

Latest