Connect with us

iuml

ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം പിടിക്കാന്‍ ഡോ. എം കെ മുനീര്‍

പി എം എ സലാമിനു വേണ്ടി സമവായ നീക്കം

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം പിടിക്കാന്‍ ഡോ. എം കെ മുനീറിന്റെ കരുനീക്കം. പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്ത് എത്തിച്ചേരാനായി ദീര്‍ഘകാലമായി മുനീര്‍ നടത്തുന്ന നീക്കം സര്‍വ ശക്തിയുമെടുത്തു മുന്നേറുകയാണ്. പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയതോടെ പ്രതിപക്ഷ ഉപനേതാവ്, ലീഗ് നിയമ കക്ഷി നേതാവ് എന്നീ പദവികള്‍ നഷ്ടപ്പെട്ട മുനീര്‍ പുതിയപദവിക്കായി കാത്തിരിക്കുകയായിരുന്നു.

നിലവിലെ ജന. സെക്രട്ടറി പി എം എ സലാം പദവിയില്‍ തുടരട്ടെ എന്ന പാര്‍ട്ടിയിലെ ധാരണയെ ചോദ്യംചെയ്തുകൊണ്ടാണ് എം കെ മുനീര്‍ പദവിക്കായി രംഗത്തുവന്നത്. പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവി ലക്ഷ്യമിട്ടു മുനീര്‍ നേരത്തെ തന്നെ കരുനീക്കം തുടങ്ങിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വലിയൊരു വിഭാഗത്തിന്റെ പിന്‍തുണയോടെയാണ് മുനീറിന്റെ നീക്കം.

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേരാനിരിക്കെ നേതൃത്വം ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞതാണ്. എന്നാല്‍ ജന. സെക്രട്ടറിയായി പി എം എ സലാം തുടരട്ടെ എന്ന ധാരണക്കെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. എം കെ മുനീറിനു വേണ്ടി ശക്തമായ ആവശ്യം ഒരു വിഭാഗം ഉന്നയിച്ചതോടെ സംസ്ഥാന ജന. സെക്രട്ടറി പദവിയില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതിസന്ധിയിലായി. പാര്‍ട്ടി ജന. സെക്രട്ടറിയെ സമവായത്തിലൂടെ നിശ്ചയിക്കുകയല്ലാതെ തിരഞ്ഞെടുപ്പു നടത്തുന്ന രീതി പാര്‍ട്ടിയില്‍ ഇല്ലെന്നാണ് ഇതു സംബന്ധിച്ച് സാദിഖലി തങ്ങള്‍ പറയുന്നത്. എന്നാല്‍ എതിര്‍പ്പി അവഗണിച്ചു പി എം എ സലാമിനെ പ്രഖ്യാപിച്ചാല്‍ മത്സരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

എന്നാല്‍ സമവായത്തിലൂടെ ജന. സെക്രട്ടറിയായി പി എം എ സലാമിനെ തന്നെ ഉറപ്പിക്കാനായി എല്ലാ ജില്ലാ അധ്യക്ഷന്‍മാരെയും ജനറല്‍ സെക്രട്ടറിമാരെയും സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നു മലപ്പുറത്തേക്കു വിളിപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലെ കൂടിക്കാഴ്ച്ചയില്‍ സമവായം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാദിഖലി തങ്ങള്‍.

നിലവിലെ ജനറല്‍ സെക്രട്ടറി പി എം എ സലാം പദവിയില്‍ തുടരട്ടെയെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ എം കെ മുനീര്‍ പദവിയില്‍ വരണമെന്നാവശ്യപ്പെടുന്ന വിഭാഗവും പ്രബലമാണ്. ജില്ലാ പ്രതിനിധികളുടെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചായിരിക്കും ജന.സെക്രട്ടറിയെ പ്രഖ്യാപിക്കുക എന്നാണ് സാദിഖലി തങ്ങള്‍ പറയുന്നത്.

എം കെ മുനീര്‍ പാര്‍ട്ടിയിലെ സുപ്രധാന അധികാര സ്ഥാനത്ത് എത്തുന്നതിനെ കുഞ്ഞാലിക്കുട്ടി വിഭാഗം അംഗീകരിക്കുന്നില്ല. ഇതറിയുന്നതിനാലാണ് മുനീര്‍ നേരത്തെ തന്ത്രങ്ങള്‍ മെനഞ്ഞത്. കെ എം ഷാജിയെ പോലുള്ള നേതാക്കളുടെയും യൂത്തിലീഗിലെ ഒരു വിഭാഗത്തിന്റെയും പിന്തുണ മുനീര്‍ ഉറപ്പാക്കിയിട്ടുണ്ട്.

പാര്‍ട്ടിക്കു പിന്നിലെ ശക്തിയായ ഇ കെ സമസ്ത വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ മുനീര്‍ നേരത്തെ പ്രയോഗിച്ചിരുന്നു. എല്ലാ വിഷയത്തിലും പുരോഗമന മുഖം പ്രകടിപ്പിച്ചിരുന്ന മുനീര്‍ അടുത്തകാലത്ത് വിവിധ വിഷയങ്ങളില്‍ ഇ കെ സമസ്തയുടെ അഭിപ്രായങ്ങള്‍ക്കൊപ്പിച്ചു നിലപാടു സ്വീകരിച്ചത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു.

ദീര്‍ഘകാലം പിന്നില്‍ നിന്നു കളിച്ച മുനീര്‍ ഇപ്പോള്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിയിലെ സമ്പൂര്‍ണ ആധിപത്യം ലക്ഷ്യമിട്ടാണ്. സംസ്ഥാന കൗണ്‍സില്‍ യോഗം നാളെ ചേരുമ്പോള്‍ എം കെ മുനീറിനുവേണ്ടി കെ എം ഷാജിയെക്കൂടാതെ ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് എന്നിവരും രംഗത്തുവരുമെന്നാണു സൂചന. ഒരാള്‍ക്ക് ഒരു പദവി നിബന്ധന എം എല്‍ എ മാര്‍ക്കു ബാധകമല്ലാത്തതിനാല്‍ മുനീറിനു പാര്‍ട്ടി പദവിയില്‍ എത്താന്‍ തടസ്സമില്ലെന്നും അവര്‍ പറയുന്നു. നിലവില്‍ മൂന്ന് എം എല്‍ എമാര്‍ സംസ്ഥാന സെക്രട്ടറി പദവിയിലുണ്ട്.

കെ പി എ മജീദ് നിയമസഭയിലേക്കു മത്സരിക്കാന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തിലാണ് പി എം എ സലാമിനെ ജന.സെക്രട്ടറി പദവിയില്‍ കൊണ്ടുവന്നത്. ഐ എന്‍ എല്ലില്‍ നിന്നു തിരിച്ചെത്തിയ സലാമിനു താല്‍ക്കാലികമായി നല്കിയ പദവി സ്ഥിരപ്പെടുത്തി നല്‍കേണ്ടെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. പി എം എ സലാമിനെ മുന്‍നിര്‍ത്തി കുഞ്ഞാലിക്കുട്ടി സ്വന്തം താല്‍പര്യങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിച്ചുവെന്നും ആരോപണമുണ്ട്. പാര്‍ട്ടിയെ ശക്തമായി ചലിപ്പിക്കുന്നതില്‍ വിജയിച്ച പി എം എസലാമിനെ മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി പക്ഷം. പാര്‍ട്ടി അധ്യക്ഷനു വഴങ്ങിക്കൊണ്ടുള്ള പ്രവര്‍ത്തനമായതിനാല്‍ പി എം എ സലാമിനെ മാറ്റേണ്ട ആവശ്യമില്ലെന്നാണ് അവര്‍ പറയുന്നത്. കൗണ്‍സില്‍ യോഗത്തില്‍ മത്സത്തിലേക്കു കാര്യങ്ങള്‍ എത്താന്‍ പാടില്ല എന്നതിനാലാണ് സാദിഖലി തങ്ങള്‍ ജില്ലാ ഭാരവാഹികളെ വിളിച്ചുചേര്‍ത്തു സമവായത്തിനു ശ്രമിക്കുന്നത്.

കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 19 ഭാരവാഹികളെയും 21 അംഗ സെക്രട്ടേറിയറ്റിനെയും 75 അംഗ പ്രവര്‍ത്തക സമിതിയെയുമാണു തിരഞ്ഞെടുക്കേണ്ടത്. ഇവരെക്കുറിച്ചെല്ലാം നേരത്തെ നേതൃതലത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുക്കും. എട്ട് വൈസ് പ്രസിഡന്റുമാരിലും 11 സെക്രട്ടറിമാരിലും ചില പുതുമുഖങ്ങള്‍ക്ക് ഇടം ലഭിച്ചേക്കും.
5,000 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 485 പ്രതിനിധികളും എക്‌സ് ഒഫിഷ്യോ അംഗങ്ങളുമാണു കൗണ്‍സിലില്‍ പങ്കെടുക്കുക. 465 പ്രതിനിധികളില്‍ മുനീറിനു ഭൂരിപക്ഷ പിന്‍തുണയുണ്ടെങ്കില്‍ സാദിഖലി തങ്ങളുടെ സമവായ നീക്കം പരാജയപ്പെട്ടേക്കും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest