kottayam muncipality
കോട്ടയം നഗരസഭാധ്യക്ഷക്കെതിരെ എല്‍ ഡി എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ച; ബി ജെ പി വിട്ടുനിന്നു
ബി ജെ പി പിന്തുണച്ചാല്‍ അവിശ്വാസം പാസാകുമായിരുന്നു.

കോട്ടയം | കോട്ടയം നഗരസഭാധ്യക്ഷക്കെതിരെ അവിശ്വാസപ്രമേയ ചര്‍ച്ച കൊണ്ടുവരാനുള്ള എല്‍ ഡി എഫിന്റെ നീക്കം പാളി. ചർച്ചയിൽ നിന്ന് വിട്ടുനില്‍ക്കാന്‍ ബി ജെ പിയും തീരുമാനിച്ചതോടെ ക്വാറം തികയാത്തതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തില്ല. അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് നേരത്തേ കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി ജെ പി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇടത് വലത് മുന്നണികളെ അധികാരത്തിലേറാന്‍ സഹായിക്കേണ്ടയെന്നതാണ് ബി ജെ പി നിലപാട്. നിലവിലെ യു ഡി എഫ് ഭരണ സമിതിയോട് എതിര്‍പ്പുണ്ടെന്നും നേരത്തേ അവിശ്വാസത്തെ പിന്തുണച്ചത് പ്രത്യേക രാഷ്ടീയ സാഹചര്യത്തിലാണെന്നും ബി ജെ പി നേതാക്കള്‍ പറഞ്ഞു.
ബി ജെ പി പിന്തുണച്ചാല്‍ അവിശ്വാസം പാസാകുമായിരുന്നു.വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവരണമെങ്കില്‍ എല്‍ ഡി എഫിന് ഇനി ആറുമാസം കാത്തിരിക്കണം. ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍ ഡി എഫ് കൊണ്ടുവരുന്ന രണ്ടാം അവിശ്വാസമാണിത്. ബി ജെ പി പിന്തുണയോടെ ആദ്യതവണ അവിശ്വാസം പാസായി ബിന്‍സി രാജിവെച്ചിരുന്നുവെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും നറുക്കെടുപ്പിലൂടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.