Kerala
എലത്തൂരില്‍ വന്‍ വെടിമരുന്ന് ശേഖരം പിടികൂടി: രണ്ടു പേർ അറസ്റ്റില്‍
പിടിച്ചെടുത്ത 184 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
കോഴിക്കോട്| കോഴിക്കോട് എലത്തൂരില്‍നിന്ന് വന്‍ വെടിമരുന്ന് ശേഖരം പിടികൂടി. അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുകളും ഓലപ്പടക്ക ശേഖരവുമാണ് പിടികൂടിയത്. പിടിച്ചെടുത്ത 184 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചത്. സംഭവത്തില്‍ ബിനീഷ്, മനോജ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എലത്തൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അലക്ഷ്യമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്കങ്ങളും പിടിച്ചെടുത്തത്. വിഷുവിനോടനുബന്ധിച്ച് ജില്ലയിലൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തും രഹസ്യമായും സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി പോലീസ് പരിശോധന തുടരുകയാണ്.







