Connect with us

From the print

ലക്ഷദ്വീപ് എം പി. മുഹമ്മദ് ഫൈസല്‍ വീണ്ടും അയോഗ്യന്‍; ഉത്തരവിറക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ്

ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് വിജ്ഞാപനം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്ന എം പിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിറകേയാണ് നടപടി. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്ന് എം പിയുടെ ഹരജി തള്ളി കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടി.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെതിരെ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. പത്ത് വര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കുകയായിരുന്നു.

മുന്‍ കേന്ദ്രമന്ത്രി പി എം സഈദിന്റെ മരുമകനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണാ കോടതി വിധി ജനുവരി 25ന് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് കണ്ടെത്തിയായിരുന്നു ഇത്. ഇതോടെ ഫൈസലിന്റെ പാര്‍ലിമെന്റ് അംഗത്വം പുനഃസ്ഥാപിച്ചു.

ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഈ ഉത്തരവ് റദ്ദാക്കി. ഫൈസലിന്റെ എം പി സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനായി ഹൈക്കോടതിയിലേക്ക് മടക്കുകയായിരുന്നു സുപ്രീം കോടതി. സാക്ഷി മൊഴികള്‍ കൃത്യമായി പരിശോധിക്കാതെയാണ് കവരത്തി സെഷന്‍സ് കോടതിയുടെ ഉത്തരവെന്നായിരുന്നു കേസില്‍ ഫൈസലിന്റെ പ്രധാന വാദം. എന്നാല്‍, ഇത് സിംഗിള്‍ ബഞ്ച് അംഗീകരിച്ചില്ല.

കുറ്റക്കാരനെന്ന് വിധിച്ചത് റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ജനപ്രാതിനിധ്യ നിയമ പ്രകാരം എം പി സ്ഥാനം റദ്ദാകുന്നത് പ്രശ്നമാണെങ്കിലും അതിനേക്കാള്‍ വലിയ നിയമ പ്രശ്നങ്ങളുണ്ടെന്നും ബഞ്ച് നിരീക്ഷിച്ചിരുന്നു.

 

Latest