Connect with us

kuwait fire accident

കുവൈത്ത് തീപ്പിടിത്തം: മരിച്ച 19 മലയാളികളെ തിരിച്ചറിഞ്ഞു

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് തിരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതില്‍ മരിച്ച  മലയാളികളില്‍ 19 പേരെ തിരിച്ചറിഞ്ഞു.

കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), കാസര്‍കോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസര്‍കോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി വി മുരളീധരന്‍ (68), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ്, മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം പി ബാഹുലേയന്‍ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നീ മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്.

മലയാളി ഉടമയായ എന്‍ ബി ടി സിയുടെ കമ്പനിയുടെ ക്യാംപിലാണ് തീപ്പിടിത്തമുണ്ടായത്.പരിക്കേറ്റ 46 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വര്‍ധന്‍ സിംഗ്  കുവൈത്തിലേക്ക് തിരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക.

16 മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഇവരെ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന വേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കുവൈത്ത് ഭരണകൂടം അറിയിക്കുന്നത്.

196 പേര്‍ താമസിക്കുന്ന ആറ് നില കെട്ടിടത്തില്‍ തീപ്പിടുത്തത്തമുണ്ടായതിന് പിന്നാലെ പുറത്ത് കടക്കാനാകാതെ പുക ശ്വസിച്ചാണ് പലരും മരിച്ചതെന്നാണു വിവരം. കോറിഡോറിലും സ്റ്റെപ്പിലുമാണ് പല മൃതദേഹവും കണ്ടെത്തിയത്. തീപിടിത്തത്തെതുടര്‍ന്ന് കുവൈത്ത് ഭരണകൂടം നിയമനടപടി ആരംഭിച്ചു. കെട്ടിടങ്ങളിലെ നിയമലംഘനം തടയാന്‍ വ്യാപകമായ പരിശോധനയാണ് ആരംഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സികള്‍ തീപിടിത്തത്തില്‍ അന്വേഷണം ആരംഭിച്ചു. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചത്. പ്രവാസികളെ താമസിപ്പിക്കുന്ന ഇത്തരം ക്യാംപുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.

കുവൈത്തിലെ ദുരന്തത്തില്‍ എന്‍ ബി ടി സി കമ്പനി അനുശോചനം രേഖപ്പെടുത്തി. എന്‍ബിടിസി കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് തീപിടിത്തമുണ്ടായത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ചികിത്സയില്‍കഴിയുന്നവരുടെ നില തൃപ്തികരമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മലയാളിയായ കെ എം എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്‍ ബി ടി സി.