Connect with us

International

കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ

ആക്രമണത്തില്‍ 63 പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

കുവൈത്ത് സിറ്റി|  ഇന്ന് പുലര്‍ച്ചെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് നേരെയാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കേറ്റ പരിക്ക്, ആന്തരിക രക്തസ്രാവം, സ്ഫോടനത്തെ തുടർന്നുള്ള അവയവവിച്ഛേദനം എന്നിവ സംഭവിച്ചവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി 25 ആംബുലൻസുകൾ വിമാനത്താവളത്തിലേക്ക് അയച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുള്ള അൽ സനദ് വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ടെർമിനൽ ഒന്നിന് കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതേതുടർന്ന് കുവൈത്തിലേക്കുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ രാജ്ഹി അറിയിച്ചു.

അക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ കുടുംബത്തിന് കുവൈത്തിലെ ഇന്ത്യൻ എംബസി ആദരാഞ്ജലികൾ അർപ്പിച്ചു. പരിക്കേറ്റവർക്കും മരണപ്പെട്ടയാളുടെ കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കുവൈത്ത് അധികൃതരുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് കുവൈത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ്സ് അവകാശപ്പെട്ടു. ഇറാനിയൻ ഓയിൽ ടാങ്കറിന് നേരെയും ദ്വീപിന് നേരെയും യു എസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിത്. കുവൈത്തിലെ അലി അൽ സലേം എയർ ബേസ്, ബഹ്‌റൈനിലെ യു എസ് ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടായിരുന്നു മിസൈൽ, ഡ്രോൺ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.

കുവൈത്തിന് നേരെ ഉണ്ടായ ഈ ആക്രമണത്തെ ജി സി സി രാജ്യങ്ങൾ ശക്തമായി അപലപിച്ചു. വ്യോമ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഒരു രാജ്യത്തിന് നേരെയുള്ളതല്ലെന്നും മറിച്ച് ഗൾഫ് മേഖലയെ ആകെ ബാധിക്കുന്നതാണെന്നും യു എ ഇ പ്രസിഡൻഷ്യൽ അഡ്വൈസർ അൻവർ ഗർഗാഷ് പറഞ്ഞു. ഇറാൻ്റെ ആവർത്തിച്ചുള്ള ഇത്തരം നടപടികൾക്കെതിരെ ഗൾഫ് മേഖല ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights:
An Indian national identified as Mansoor Ahmed Rahman from Madhya Pradesh was killed following an early morning Iranian drone and missile attack on Kuwait International Airport. The Indian Embassy confirmed the casualty, adding that 63 others were injured with seven requiring emergency surgery. The strike targeted Terminal-1 of the airport, causing significant structural damage to the facility. Authorities have implemented an emergency response plan at the airport following the incident.

Latest