Connect with us

Kerala

കുമ്പളങ്ങാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: എട്ട് പ്രതികളും കുറ്റക്കാര്‍, നാളെ ശിക്ഷാ വിധി

കേസില്‍ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വിചാരണയ്ക്കിടെ ആറാം പ്രതി രവി മരണപ്പെട്ടു.

Published

|

Last Updated

തൃശൂര്‍|കുമ്പളങ്ങാട് സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ സജീവ സംഘാടകനുമായിരുന്ന ബിജുവിനെ വെട്ടിക്കൊന്ന കേസില്‍ എട്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.എം. രതീഷ് കുമാറിന്റേതാണ് വിധി. പ്രതികള്‍ എട്ടു പേരെയും റിമാന്റ് ചെയ്ത് സബ് ജയിലിലേക്കയച്ചു. ശിക്ഷ നാളെ പ്രസ്താവിക്കും.

വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ചാലയ്ക്കല്‍ വീട്ടില്‍ ബിജു (31)വിനെ വെട്ടിക്കൊന്ന കേസിലാണ് മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. സിഐടിയു ചുമട്ടുതൊഴിലാളിയായ ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് കോടതിയുടെ സുപ്രധാന വിധി. കുമ്പളങ്ങാട് മൂരായില്‍ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ജോണ്‍സണ്‍ (51), കിഴക്കോട്ടില്‍ ബിജു എന്ന കുചേലന്‍ ബിജു (46), കരിമ്പന വളപ്പില്‍ സജീഷ് എന്ന സതീഷ്( 39), കരിമ്പനവളപ്പില്‍ സുനീഷ് (34), കരിമ്പനവളപ്പില്‍ സനീഷ്(37) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2010 മേയ് 16 വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ മുന്‍വശത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്ന ബിജുവിന്റെയും ജിനീഷിന്റെയും സമീപത്തെത്തിയ ബിജെ.പി, ആര്‍എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ട്രീയവിരോധം വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്. ബിജുവിനെ വെട്ടിയും കമ്പിവടികൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച ജിനീഷിനെയും വെട്ടി പരുക്കേല്‍പ്പിച്ചു. കേസില്‍ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വിചാരണയ്ക്കിടെ ആറാം പ്രതി രവി മരണപ്പെട്ടു.

 

 

 

---- facebook comment plugin here -----

Latest