Kerala
കീം പരീക്ഷയിൽ ഒന്നാം റാങ്ക് തിളക്കവുമായി റോഷൻ രാജു; കഠിനാധ്വാനം കൊണ്ട് നേടിയ വിജയം
കഠിനാധ്വാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായാണ് ഈ വിജയമെന്ന് റോഷൻ
അങ്കമാലി | കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (KEAM) പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു. പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ താൻ ഒന്നാം റാങ്ക് നേടുമെന്ന് കരുതിയിരുന്നില്ലെന്നും ആദ്യ പത്ത് റാങ്കുകളിൽ ഒന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും റോഷൻ പ്രതികരിച്ചു. ടിവി വാർത്തകളിലൂടെയാണ് താൻ ഒന്നാം റാങ്ക് വിവരം അറിഞ്ഞതെന്നും റോഷൻ പറഞ്ഞു.
നേരത്തെ ജെ ഇ ഇ (JEE) അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 134-ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും റോഷൻ നേടിയിരുന്നു. ഈ നേട്ടത്തിന് പിന്നാലെയാണ് കീം പരീക്ഷയിലും റോഷൻ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. കഠിനാധ്വാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായാണ് ഈ വിജയമെന്നും റോഷൻ വ്യക്തമാക്കി.

റോഷൻ മാതാപിതാക്കൾക്ക് ഒപ്പം
കഴിഞ്ഞ രണ്ട് വർഷക്കാലം വീട്ടിൽ നിന്ന് മാറി നിന്ന് കെ ഇ സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനവും റോഷൻ നടത്തിയിരുന്നു. ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ (Brilliant Study Centre) കോച്ചിംഗ് ഈ വിജയത്തിൽ വലിയ പങ്കുവഹിച്ചതായി പിതാവ് പറഞ്ഞു.
Also Readകീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത റോഷന്റെ ഈ നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്നും അവന് ഇതിന് അർഹതയുണ്ടെന്ന് ഉറപ്പായിരുന്നുവെന്നും മാതാവ് പറഞ്ഞു. മകന്റെ വിജയത്തിൽ അയ്യമ്പുഴ പഞ്ചായത്തിലെ അമലാപുരം എന്ന ചെറിയ ഗ്രാമം ഇപ്പോൾ സംസ്ഥാനത്തുടനീളം അറിയപ്പെടുന്നതിൽ കുടുംബത്തിന് വലിയ അഭിമാനമാണുള്ളത്. റോഷന്റെ അധ്യാപകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് ആഘോഷങ്ങളിൽ പങ്കുചേരുന്നത്.
Content Highlights: Roshan Raju from Ayyampuzha secured the first rank in the KEAM entrance examination. Having previously achieved top ranks in JEE Advanced, he attributes this success to consistent hard work and coaching. His family and teachers expressed immense pride in his achievement.




